Advertisement

ഗവർണർ ഇന്ന് വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെയും പോളിൻ്റെയും വീട്ടിൽ സന്ദർശനം നടത്തും

February 19, 2024
1 minute Read
Affidavit in Supreme Court against Governor Arif Mohammad Khan

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വയനാട്ടിൽ സന്ദർശനം നടത്തും. കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിൻ്റെയും പോളിൻ്റെയും വീട്ടിലാണ് ​ഗവർണർ എത്തുക. മാനന്തവാടി ബിഷപ്പുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വാച്ചർ പോളിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഇടത് സർക്കാരിനെതിരെ താമരശേരി രൂപത ഇന്നലെ രം​ഗത്തെത്തിയിരുന്നു. കർഷകൻ്റെ ജന്മാവകാശം ഇല്ലാതാക്കുന്ന ക്രൂരമായ സമീപനമാണ് ഭരണകൂടവും വനം വകുപ്പും സ്വീകരിക്കുന്നതെന്ന് താമരശേരി രൂപത ആരോപിച്ചു.

വന്യമൃഗശല്യം തടയാൻ പദ്ധതികൾ സമയോചിതമായി നടപ്പിലാക്കുന്നില്ല. വനം വകുപ്പിൻ്റെയും ഭരണകൂടത്തിൻ്റെയും അനാസ്ഥയും നിഷ്ക്രിയത്വവുമാണ് നിലവിലെ സംഭവങ്ങൾക്ക് കാരണം. നാളെ സർക്കാർ അവഗണനക്കെതിരെ രൂപതയിലെ ഇടവകകളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും താമരശേരി രൂപത അധികൃതർ വ്യക്തമാക്കി.

അതേസമയം, വന്യമൃഗ ശല്യങ്ങളിൽ കർഷകരുടെ പ്രതിഷേധം സർക്കാർ കേൾക്കുന്നില്ലെന്നും വാച്ചർ പോളിന്റെ മരണത്തിൽ വീഴ്ച സംഭവിച്ചുവെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി ആരോപിച്ചു. എയർ ആംബുലൻസ് സൗകര്യം ഒരുക്കിയില്ല. സാധാരണ മനുഷ്യന്റെ ജീവന് സർക്കാർ നൽകുന്ന വിലയുടെ സൂചനയാണിത്. പ്രതിഷേധങ്ങൾക്ക് യാതൊരു വിലയും സർക്കാർ നൽകുന്നില്ലെന്നും സർക്കാരിന്റെ കർഷകദ്രോഹ സമീപനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും. വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതിൽ നിർമിച്ച് വനവും ജനവാസമേഖലയും വേർതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ പോളിന് ചികിത്സ വൈകിച്ചെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. മനുഷ്യാവകാശ കമ്മീഷൻ ആക്ടിംങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അടുത്ത മാസം വയനാട്ടിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Story Highlights: Arif Mohammad Khan in Vayand today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top