കുട്ടിയെ കണ്ടെത്തിയത് രണ്ട് വേരുകൾക്ക് നടുവിൽ മലർന്ന് കിടന്ന നിലയിൽ; ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തിയത് കാട് പിടിച്ചു കിടന്ന ഓടയിൽ. രണ്ടു വേരുകൾക്ക് നടുവിൽ മലർത്തി കിടത്തിയ നിലയിലായിരുന്നു കുട്ടി കിടന്നിരുന്നത്. കുട്ടി നടന്ന് ആ സ്ഥലത്ത് എത്താന്‍ സാധ്യതയില്ലെന്നും കുട്ടിയുടെ കരച്ചിൽ ആ സ്ഥലത്ത് നിന്ന് കേട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന ടെന്റിൽ നിന്ന് അരക്കിലോമീറ്റർ മാത്രം അകലെയാണ് കാട് പിടിച്ചു കിടന്ന ഓട.
കുട്ടിയെ കണ്ട സ്ഥലത്ത് പൊലീസ് ഉച്ചയ്ക്ക് പരിശോധന നടത്തിയപ്പോൾ കുട്ടി അവിടെ ഉണ്ടായിരുന്നില്ല. ഓട കാട് പിടിച്ച് കിടക്കുകയാണെന്നും കുട്ടി സ്വയം വരാൻ സാധ്യതയില്ലെന്നും കുട്ടിയെ വേരുകൾക്കിടയിൽ നിന്നും എടുത്ത മണ്ണന്തല സ്റ്റേഷനിലെ CPO ജനോഷ് രാജ് എം എൽ പറയുന്നു. താൻ പോലും പാട് പെട്ടാണ് വേരുകൾക്കിടയിൽ ഇറങ്ങിയത്. കുട്ടിയുടെ ദേഹത്ത് മുറിവുകൾ ഉണ്ടായിരുന്നില്ല.
പക്ഷേ അവശതയുണ്ടായിരുന്നുവെന്നും CPO ജനോഷ് രാജ് എം എൽ വ്യക്തമാക്കുന്നു.
എസ് എ ടി ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രണ്ടുവയസുകാരി മേരിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിക്ക് ബാഹ്യമായ പരിക്കുകൾ ഇല്ല. കുട്ടി ആശുപത്രി നിരീക്ഷണത്തിൽ തന്നെ തുടരും.
വൈകിട്ട് നാട്ടുകാരോട് പൊലീസ് വിവരശേഖരണം നടത്തിയപ്പോഴാണ് നാടോടി സംഘം സ്ഥിരമായി കുളിക്കാൻ പോകുന്ന സ്ഥലത്തെ കുറിച്ച് അറിയുന്നത്. തുടർന്നു കടവിലേക്ക് പോയ പൊലീസുകാർ കാട് പിടിച്ച ഓട പരിശോധിച്ചപ്പോൾ അവശ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മണ്ണന്തല പൊലീസ് സംഘം തന്നെയാണ് കുട്ടിയെ ആദ്യം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ് എന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രേഖാച്ചിത്രത്തിന്റെ സാധ്യത നോക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ഉറങ്ങിക്കിടക്കവേ ടെന്റിൽ നിന്ന് രണ്ടര വയസ്സുകാരി മേരിയെ തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. പേട്ട ഓൾ സെയ്ന്റ്സ് കോളേജിന്റെ പിറകിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മകളെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here