Advertisement

‘വളർത്തിയത് സിഖ് മാതാവും ക്രിസ്ത്യൻ പിതാവും ചേർന്ന്; 17ആം വയസിൽ സഹോദരൻ മുസ്ലിമായി’; മതങ്ങൾ മനുഷ്യനുണ്ടാക്കിയതെന്ന് വിക്രാന്ത് മാസി

February 20, 2024
Google News 3 minutes Read
vikrant massey christian muslim

മതങ്ങൾ മനുഷ്യനുണ്ടാക്കിയതെന്ന് ബോളിവുഡ് നടൻ വിക്രാന്ത് മാസി. തനിക്കുള്ളത് സിഖ് മാതാവും ക്രിസ്ത്യാനിയായ പിതാവുമാണ്. 17ആം വയസിൽ സഹോദരൻ ഇസ്ലാം മതം സ്വീകരിച്ചു. വളർന്നുവരുമ്പോൾ കുടുംബത്തിൽ മതപരമായ ഒട്ടേറെ തർക്കങ്ങൾ കണ്ടിരുന്നു. അങ്ങനെ മതങ്ങളെല്ലാം മനുഷ്യനുണ്ടാക്കിയതാണെന്ന് മനസിലായെന്നും ‘ട്വെൽത് ഫെയിൽ’ എന്ന സിനിമയിലെ അഭിനയത്തിലൂടെ വ്യാപക പ്രശംസ നേടിയ വിക്രാന്ത് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. (vikrant massey christian muslim)

“എൻ്റെ സഹോദരൻ്റെ പേര് മൊയീൻ എന്നാണ്. എൻ്റെ പേര് വിക്രാന്ത്. സഹോദരൻ ഇസ്ലാം സ്വീകരിച്ചു. മതം മാറാൻ എൻ്റെ കുടുംബം അനുവദിച്ചു. ‘നിനക്ക് സമാധാനം ലഭിക്കുമെങ്കിൽ മതം മാറിക്കോളൂ’ എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. 17ആം വയസിൽ അദ്ദേഹം മതം മാറി. അമ്മ സിഖ് വിശ്വാസിയാണ്. അച്ഛൻ ആഴ്ചയിൽ രണ്ട് തവണ പള്ളിയിൽ പോകുന്ന ക്രിസ്ത്യൻ വിശ്വാസി.”- വിക്രാന്ത് പറഞ്ഞു.

Read Also: നടന്‍ സുദേവ് നായര്‍ വിവാഹിതനായി

സഹോദരനെ മതം മാറാൻ അനുവദിച്ചതിനെതിരെ ചില അകന്ന ബന്ധുക്കൾ അച്ഛനെ ചോദ്യം ചെയ്തിരുന്നു. നിങ്ങളത് നോക്കേണ്ട കാര്യമില്ലെന്ന് അച്ഛൻ പറഞ്ഞു. അവന് എന്തും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു അച്ഛൻ പറഞ്ഞത്. ഇത് കണ്ടപ്പോൽ ഞാൻ മതമെന്താണെന്ന് മനസിലാക്കാൻ ശ്രമിച്ചു. അത് മനുഷ്യരുണ്ടാക്കിയതാണെന്ന് മനസിലായെന്നും വിക്രാന്ത് കൂട്ടിച്ചേർത്തു.

ശീതൾ താക്കൂർ ആണ് വിക്രാന്തിൻ്റെ ഭാര്യ. ഈയിടെയാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ യുക്തിവാദം പഠിപ്പിക്കാനാണ് ആഗ്രഹം. പക്ഷേ, ഇന്ത്യൻ സംസ്കാരം ഉണ്ടാവണം. അത് മതവുമായി ബന്ധമുള്ളതാവണമെന്നില്ല. ലക്ഷ്മി പൂജ ചെയ്താൽ സമ്പത്ത് വർധിക്കുമെന്ന് കരുതുന്നില്ല. പക്ഷേ, അത് കണ്ടാണ് വളർന്നത്. അതുകൊണ്ട് അതൊക്കെ ജീവിതത്തിൻ്റെ ഭാഗമായി. അച്ഛൻ ചെയ്യാറുണ്ട്. അമ്മയും ഭാര്യയും ചെയ്യാറുണ്ട് എന്നും വിക്രാന്ത് പറഞ്ഞു.

വിധു വിനോദ് ചോപ്രയുടെ ട്വെൽത് ഫെയിൽ എന്ന ചിത്രത്തിലാണ് വിക്രാന്ത് അവസാനം അഭിനയിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായ 12ത് ഫെയിലിൽ വിക്രാന്തിൻ്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Story Highlights: vikrant massey sikh mother christian father muslim brother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here