Advertisement

കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴയിൽ രണ്ട് വില്ലേജ് ഉദ്യോഗസ്ഥർ പിടിയിൽ

February 27, 2024
1 minute Read
2 village officers arrest bribery alappuzha

വസ്തു തരം മാറ്റുന്നതിനുള്ള അപേക്ഷ ആര്‍ഡിഓ ഓഫീസിലേക്ക് അയക്കുന്നതിന് കൈക്കൂലി വാങ്ങവേ ആലപ്പുഴ പുന്നപ്രയിലെ രണ്ട് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി. വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് ഇരുവരും കൈക്കൂലിപ്പണം മുറ്റത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനായില്ല.

പുന്നപ്രയിലെ വില്ലേജ് അസിസ്റ്റന്‍റ് എംസി വിനോദ്, ഫീൽഡ് അസിസ്റ്റൻറ് ബി അശോകന്‍ എന്നിവരാണ് ആലപ്പുഴ റേഞ്ച് വിജിലന്‍സ് ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയില്‍ കുടുങ്ങിയത്. പുന്നപ്ര സ്വദേശിയായ ഒരു വീട്ടുടമ കഴിഞ്ഞ ഓഗസ്റ്റില്‍ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷയുമായി വില്ലേജ് ഓഫീസിലെത്തുന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ശനിയാഴ്ച ഭുമിയുടെ അളവെടുക്കാൻ രണ്ട് ഉദ്യോഗസ്ഥരും വീട്ടിലെത്തി.

അപേക്ഷ ആര്‍ഡിഓ ഓഫീസിലാണ് കൈകാര്യം ചെയ്യുന്നതെന്നും അങ്ങോട്ടോക്ക് പെട്ടെന്ന് അയക്കണമെങ്കില്‍ അയ്യായിരം രൂപ തരണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ വീട്ടുടമ ഇതിന് തയ്യാറായില്ല. പിന്നീട് വിജിലൻസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷം ഞായറാഴ്ച ഉദ്യോഗസ്ഥരെ വിളിച്ച് ചൊവ്വാഴ്ച പണം തരാമെന്ന് പറഞ്ഞു. ഇതിനുസരിച്ച് പണം കൈമാറുമ്പോൾ കാത്തിരുന്ന ഉദ്യോഗസ്ഥർ ഇവരെ കൈയോടെ പിടികൂടുകായിരുന്നു. ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍.

Story Highlights: 2 village officers arrest bribery alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top