സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും

ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.(Pookode Veterinary college will reopen tomorrow)
സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ചപ്പോള്‍ തന്നെ ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സെക്യൂരിറ്റിയും അടക്കം കൃത്യമായി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വൈസ് ചാന്‍സലറെ നിയമിച്ചത് സര്‍ക്കാരാണ് .ഇത് സര്‍ക്കാരിനെ അറിയിക്കാത്തതില്‍ മാത്രമാണ് സര്‍ക്കാരിന് എതിര്‍പ്പുണ്ടായത്. ഹോസ്റ്റലിന്റെ വാര്‍ഡന്‍ കൂടിയായ ഡീനിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയതാണെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആന്റി റാഗിംഗ് സ്‌ക്വാഡിന് മുന്നില്‍ ഗുരുതര വെളിപ്പെടുത്തലുകളാണ് വിദ്യാര്‍ഥികള്‍ നടത്തിയത്. നടന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ദീനും അസിസ്റ്റന്റ് വാര്‍ഡനും ആവശ്യപ്പെട്ടു. ഭയം കാരണം സത്യസന്ധമായി കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞില്ലെന്നും വിദ്യാര്‍ത്ഥികളുടെ മൊഴി. ആന്റി റാഗിംഗ് സ്‌ക്വാഡ് യുജിസിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 24 ലഭിച്ചു.
യുജിസിക്ക് ലഭിച്ച പരാതിയിലാണ് ആന്റി റാഗിംഗ് സ്‌ക്വാഡ് പൂക്കോട് വെറ്റിനറി കോളജില്‍ അന്വേഷണം നടത്തിയത്. പോലീസിന് മൊഴി നല്‍കുമ്പോള്‍ കോളജ് അധികൃതര്‍ ഒപ്പംനിന്നു. ഭയം കാരണം സത്യസന്ധമായി മൊഴി നല്‍കാന്‍ ആയില്ല. ഹോസ്റ്റലില്‍ നടന്ന കാര്യങ്ങള്‍ പുറത്തു പോകരുതെന്ന് ഡീനും അസിസ്റ്റന്റ് വാര്‍ഡനും ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ആണ് നടന്ന കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അറസ്റ്റിലായ പ്രതികള്‍ നാലിടങ്ങളില്‍ എത്തിച്ച സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. 2019 ലും 2021 ലും സമാന റാഗിംഗ് സംഭവങ്ങള്‍ കോളേജില്‍ നടന്നു. രണ്ടാഴ്ച ക്ലാസ്സില്‍ കാണാതിരുന്ന വിദ്യാര്‍ത്ഥിക്ക് എന്തുപറ്റിയെന്ന് ഇനിയും വ്യക്തമല്ല. കോളേജിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നും ആന്റി റാഗിംഗ് സ്‌ക്വാഡ് ശുപാര്‍ശ ചെയ്തു.
Story Highlights: Pookode Veterinary college will reopen tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here