‘എം.എസ് ധോണിക്ക് പകരക്കാരൻ ആരാകും?’ ആഭ്യന്തര ചർച്ചകൾ നടക്കുന്നുണ്ടെന്ന് സമ്മതിച്ച് CSK

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ, എം.എസ് ധോണിയുടെ സിഎസ്‌കെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാണ്. ഈ സീസണോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐപിഎൽ അവസാനിപ്പിക്കുമെന്ന് കരുതുന്നവർ ചെറുതല്ല. കഴിഞ്ഞ രണ്ട് സീസണുകളിലും വിഷയം ഉയർന്നുവെങ്കിലും 42 കാരനായ ധോണി തന്നെ ടീമിനെ നയിക്കുന്നത് നമ്മൾ കണ്ടതാണ്.
ധോണിയില്ലാത്ത സിഎസ്‌കെയെ കുറിച്ച് ആരാധകർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എങ്കിലും ടീമിൻ്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ പാഡ് അഴിക്കുന്ന ദിവസം വിദൂരമല്ലെന്ന് ആരാധകർക്കും ചെന്നൈ സൂപ്പർ കിംഗ്സ് ഫ്രാഞ്ചൈസിക്കും നന്നായി അറിയാം. ആ ദിനത്തിനായുള്ള തയ്യാറെടുപ്പുകൾ ടീം നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ധോണിക്ക് പകരക്കാരൻ ആര്? എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം ഇപ്പോൾ. വിഷയത്തിൽ ആഭ്യന്തര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ടീം തന്നെ സമ്മതിച്ചിരിക്കുകയാണ്.
“നോക്കൂ, ആഭ്യന്തര ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ ശ്രീനിവാസൻ ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ സ്ഥാനത്തെക്കുറിച്ച് നമ്മൾ സംസാരിക്കേണ്ടതില്ല. അതിൽ തീരുമാനമെടുക്കാൻ കോച്ചിനും ക്യാപ്റ്റനും വിടാം. അവർ തീരുമാനിച്ച് വിവരം എന്നെ അറിയിക്കട്ടെ, എന്നിട്ട് ഞാൻ അത് നിങ്ങളെ എല്ലാവരെയും അറിയിക്കാം”-സിഎസ്‌കെ സിഇഒ വിശ്വനാഥൻ എസ് ബദരീനാഥിനോട് പറഞ്ഞു.
ഏതാനും സീസണുകൾക്ക് മുമ്പ്, സൂപ്പർ കിംഗ്‌സ് രവീന്ദ്ര ജഡേജയ്ക്ക് ടീമിൻ്റെ ബാറ്റൺ നൽകാൻ ശ്രമിച്ചെങ്കിലും ഓൾ റൗണ്ടർക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. ഇത് തീരുമാനത്തിൽ നിന്ന് യു-ടേൺ എടുക്കാൻ ഫ്രാഞ്ചൈസിയെ പ്രേരിപ്പിച്ചു. എന്തായാലും ക്യാപ്റ്റനെ തിടുക്കത്തിൽ തീരുമാനിക്കേണ്ടെന്നാണ് ടീമിൻ്റെ നിലപാട്.
Story Highlights: Who Will Replace MS Dhoni As CSK Captain?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here