Advertisement

വഴക്കാളി അനുജന്‍റെ ചെവിക്ക് പിടിച്ച് മമത, അവസാനം മിണ്ടാതെ ഇരുന്നോളാമേ എന്ന് ബബൂന്‍ ബാനർജി

March 13, 2024
Google News 3 minutes Read

സഹോദരനുമായി തനിക്കിനി ഒരു ബന്ധവുമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഹൗറയിൽ സിറ്റിങ് എംപി പ്രസൂൺ ബാനർജിയെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ മമതയുടെ സഹോദരൻ ബബൂൻ (സ്വപൻ) ബാനർജി രംഗത്തുവന്നിരുന്നു. ഹൗറ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് മമതാ ബാനർജി കടുത്തഭാഷയിൽ പ്രതികരിച്ചത്. (Mamata says no relationship with brother after Babun Banerjee)

“ബബൂനിനെ ഒരു കുടുംബാംഗമായി ഞാൻ പരിഗണിക്കുന്നില്ല. ഇന്നുമുതൽ ബബൂനുമായി എനിക്ക് ഒരു ബന്ധവും ഉണ്ടായിരിക്കില്ല. എൻ്റെ പാർട്ടിയയിലുള്ള കോടിക്കണക്കിന് പ്രവർത്തകർക്കൊപ്പമാണ് എൻ്റെ ജീവിതം. എനിക്ക് സ്വന്തമായി കുടുംബമില്ല. അമ്മയും മണ്ണും മനുഷ്യനുമാണ് എൻ്റെ കുടുംബം. ഇനി രക്തബന്ധമാണ് നോക്കുന്നതെങ്കിൽ 32 അംഗമുണ്ട് എൻ്റെ കുടുംബത്തിൽ. ആരും അവനെപ്പോലെയല്ല. എല്ലാവരും ബബൂണിൻ്റെ കാര്യത്തിൽ അതൃപ്തരാണ്. “- മമത പറഞ്ഞു.

“എല്ലാ ഇലക്ഷൻ സമയത്തും ബബൂൻ പ്രശ്നങ്ങളുണ്ടാക്കും. അദ്ദേഹത്തിൻ്റെ പല പ്രവർത്തനങ്ങൾക്കും അനുമതി നൽകാറില്ല. കുടുംബക്കാരെല്ലാം ടിക്കറ്റ് ചോദിക്കുമ്പോൾ നൽകാൻ ഇവിടെ കുടുംബവാഴ്ചയല്ല. അത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ല. അച്ഛൻ മരിക്കുമ്പോൾ ബബൂനിന് രണ്ടരവയസ്സായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങൾ അവനെ വളർത്തിയത്. വലിയവനായപ്പോൾ ബബൂനിൻ്റെ അത്യാഗ്രഹവും കൂടി. ആർക്കും എവിടെ നിന്ന് വേണമെങ്കിലും മത്സരിക്കാം. പക്ഷെ ഞങ്ങൾ പാർട്ടി സ്ഥാനാർഥിക്കൊപ്പമാണ്. ” മമത പറഞ്ഞു. വളരെ രൂക്ഷമായും വൈകാരികവുമായാണ് മമത സഹോദരൻ്റെ സ്വതന്ത്ര സ്ഥാനാർഥി പ്രഖ്യാപനത്തോട് പ്രതികരിച്ചത്.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

മമതയുടെ പരസ്യപ്രസ്താവന പുറത്തുവന്നതോടെ ബബൂൻ മാപ്പപേക്ഷിച്ചു രംഗത്തുവന്നു. “ഞാനൊരു തെറ്റ് ചെയ്തു. ദീദിക്ക് എന്തുവേണമെങ്കിലും പറയാനുള്ള അവകാശമുണ്ട്. തീർത്തും വ്യക്തിപരമായ വിഷയമായതിനാൽ അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ താൽപര്യപ്പെടുന്നില്ല. പാർട്ടി സ്ഥാനാർഥിക്കെതിരെ പറയാൻ ഒന്നുമില്ല. ദീദിയുടെ അനുഗ്രഹമാണ് എനിക്ക് എല്ലാം.”- ബബൂൻ പ്രതികരിച്ചു.

ബംഗാളിലെ കായിക രംഗത്തെ അതികായനാണ് ബബൂൻ. 2016ൽ ബംഗാൾ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയായി. മോഹൻ ബഗാൻ ക്ലബ് സെക്രട്ടറി, വിവിധ തൊഴിലാളി സംഘടനകളുടെ നേതാവ് തുടങ്ങി ഒട്ടേറെ സ്ഥാനമാനങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ബബൂനിനെ തേടിയെത്തിയത്. 2013ൽ ലോക്സഭാ ഇലക്ഷനിൽ മത്സരിച്ച പ്രസൂണിന് വേണ്ടി ബബൂൻ പ്രചാരണം നടത്തിയിരുന്നു. 2018ൽ മോഹൻ ബഗാൻ ക്ലബിൻ്റെ വാർഷിക മീറ്റിങ്ങിൽ വെച്ചുണ്ടായ തർക്കമാണ് ഇരുവരെയും തമ്മിലകറ്റിയത്.

പ്രസൂണിൻ്റെ സ്ഥാനാർഥി പ്രഖ്യാപനത്തെത്തുടർന്ന് ബബൂൻ നടത്തിയ വിവാദ പ്രസ്താവന ഇതാണ്- “2019ലും 21ലും എനിക്ക് സീറ്റ് നൽകാമെന്നു പറഞ്ഞിരുന്നു. ഇത്തവണയും സാധ്യതയുണ്ടായിരുന്നു. ഞാൻ അസന്തുഷ്ടനാണ്. ദീദി ജീവനോടെയിരിക്കുമ്പോൾ മറ്റ് പാർട്ടികളിലേക്ക് പോകാൻ എനിക്ക് സാധിക്കില്ല. പ്രസൂണിനോട് എനിക്ക് കടുത്ത അലർജിയാണ്. ഹൗറയയിൽ മത്സരിക്കാനുള്ള ഒരു യോഗ്യതയും അയാൾക്കില്ല. മോഹൻ ബഗാൻ വാർഷിക മീറ്റിങ്ങിൽ എന്നോട് മോശമായി പെരുമാറിയത് ഞാൻ മറന്നിട്ടില്ല. ഹൗറയിലെ ജനങ്ങൾ അദ്ദേഹത്തെ അംഗീകരിക്കില്ല. പാർട്ടി ഇതിൽ എന്ത് തീരുമാനമെടുക്കുമെന്ന് എനിക്കറിയില്ല. ദീദിയും ഇത് അംഗീകരിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. വേണ്ടിവന്നാൽ പ്രസൂണിനെതിരെ സ്വതന്ത്രസ്ഥാനാർഥിയായി ഹൗറയിൽ മത്സരിക്കാനും ഞാൻ തയ്യാറാണ്.”

Story Highlights: Mamata says no relationship with brother after Babun Banerjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here