Advertisement

ഗോദയ്ക്ക് പിന്നിലെ കളികള്‍ തളർത്തുന്ന ഇന്ത്യൻ ഗുസ്തി പവർ; സനിൽ പി തോമസ് എഴുതുന്നു…

March 13, 2024
Google News 3 minutes Read
sanil p thomas writes on current struggles of indian wrestlers

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി വ്യക്തിഗത ഒളിംപിക് മെഡൽ ലഭിച്ച ഇനം ഗുസ്തിയാണ്.കഴിഞ്ഞ നാല് ഒളിംപിക്സിൽ തുടർച്ചയായി ഇന്ത്യക്ക് മെഡൽ നേടിത്തന്ന ഇനവും ഗുസ്തി തന്നെ. പക്ഷേ, പാരിസ് ഒളിംപിക്സിൽ മത്സരിക്കാൻ ഇന്ത്യൻ താരങ്ങൾ ഗോദയ്ക്കു പുറത്തും ഗുസ്തി പിടിക്കേണ്ട അവസ്ഥ.ജന്തർ മന്തറിൽ സമരത്തിനൊപ്പം ഗുസ്തി പരിശീലനവും തുടർന്ന അനുഭവം താരങ്ങൾക്ക് തുടർക്കഥയാകുന്നു. (sanil p thomas writes on current struggles of indian wrestlers)

പാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് പുരുഷ-വനിതാ വിഭാഗങ്ങളിലായി 18 ക്വോട്ട സ്ഥാനങ്ങൾ അഥവാ ബെർത്ത് നേടാൻ അവസരമുണ്ട്. .ഇതിനകം ക്വോട്ട നേടിയത് വനിതാ വിഭാഗത്തിൽ 53 കിലോയിൽ അൻ്റിം പംഗൽ മാത്രം .ക്വോട്ട താരത്തിൻ്റേതല്ല; രാജ്യത്തിൻ്റേതാണ്. ഇപ്പോൾ പരുക്കിൽ നിന്നു മടങ്ങി വരുന്ന അൻ്റിമിന് യോഗ്യതാ മത്സരങ്ങളിൽ ഇറങ്ങാതെ നേരിട്ട് ഫൈനൽ എന്നൊരു ഇളവ് റെസ്ലിങ് ഫെഡറേഷൻ അനുവദിച്ചിട്ടുണ്ട്. അതായത് ഇതേ ഇനത്തിൽ യോഗ്യത നേടിയ താരവുമായി ഒരു ട്രയൽ കൂടി വേണ്ടി വരും.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

പക്ഷേ, റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ യുണൈറ്റഡ് വേൾഡ് റെസ്ലിങ് പിൻവലിച്ചെങ്കിലും കേന്ദ്ര കായിക മന്ത്രാലയം അംഗീകാരം പുനസ്ഥാപിച്ചിട്ടില്ല.ഇന്ത്യൻ ഒളിംപിക് അസോസിയഷൻ നിയമിച്ച താൽക്കാലിക സമിതിയാണ് കഴിഞ്ഞ ദിവസം ഒളിംപിക് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ താരങ്ങളുടെ സെലക്ഷൻ ട്രയൽസ് നടത്തിയത്. ഇത് രാജ്യാന്തര സംഘടന അംഗീകരിക്കുമോയെന്ന് നിശ്ചയമില്ല.ദേശീയ ഫെഡറേഷൻ സമാന്തര ദേശീയ ചാംപ്യൻഷിപ് നടത്തുകയും ട്രയൽസ് പ്രഖ്യാപിക്കുകയും ചെയ്തു.ഇതിനെതിരെ, മുൻപ് സമര രംഗത്തുണ്ടായിരുന്ന നാലു താരങ്ങൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

താരങ്ങൾ ശരിക്കും വിഷമത്തിലാണ്.അതുകൊണ്ടാണ് വിനേഷ് ഫോഗട്ട് 50 കിലോയിലും 53 കിലോയിലും ട്രയൽസിനു പേരു കൊടുത്തതും മത്സരിച്ചതും.50 കിലോയിൽ വിനേഷ് ഒളിംപിക് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. ഒരാൾക്ക് ഒരു ഭാര വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കൂ എന്നാണു നിയമം. പക്ഷേ, ഈ നിബന്ധന ട്രയൽസിൽ ബാധകമല്ലെന്നാണ് വിദഗ്ദ്ധ അഭിപ്രായമെന്ന് ട്രയൽസ് നടത്തിയ താൽക്കാലിക സമിതി അധ്യക്ഷൻ പറയുന്നു.

ഒരു പക്ഷേ, 2016ൽ സുശീൽ കുമാറിനുണ്ടായ അനുഭവം ആയിരിക്കാം വിനേഷിനെ രണ്ടു ഭാര വിഭാഗത്തിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത്.റിയോ ഒളിംപിക്സിന് 74 കിലോയിൽ ക്വോട്ട നേടിയ നർസിങ് യാദവിന് ഒളിംപിക് ടീമിൽ സ്ഥാനം നൽകി. നർസിങ്ങുമായി മൽസരിക്കാൻ അനുമതി തേടി സുശീൽ കോടതിയിൽ എത്തിയെങ്കിലും വിജയിച്ചില്ല.നർസിങ് യാദവ് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ,ഇന്ത്യക്ക് 74 കിലോയിലെ തങ്ങളുടെ ക്വോട്ട തന്നെ ഉപേക്ഷിക്കേണ്ടി വന്നത് ചരിത്രം. സുശീൽ കുമാർ കൊലക്കേസിൽ പെട്ട് തിഹാർ ജയിലിൽ ആയത് അതിൻ്റെ തുടർക്കഥ.

അൻ്റിം പംഗൽ നേടിയ ഒളിംപിക് ക്വോ ട്ടയിൽ അൻ്റിമിനെത്തന്നെ മത്സരിക്കാൻ അനുവദിച്ചാൽ വിനേഷിന് അവസരം നഷ്ടമാകും.ഇക്കാര്യത്തിൽ കൃത്യത വരുത്താൻ അധികാരികൾക്കു കഴിഞ്ഞില്ല. ഇനി ഒളിംപിക് യോഗ്യതയ്ക്കുള്ള ഏഷ്യൻ തല മത്സരങ്ങൾ ഏപ്രിൽ 19 മുതൽ 21 വരെയും ഒളിംപിക് യോഗ്യതയ്ക്കുള്ള ആഗോള മൽസരങ്ങൾ മേയ് ഒൻപത് മുതൽ 12 വരെയും നടക്കും.ഇവയിൽ നിന്നു വേണം ഇന്ത്യക്ക് ശേഷിച്ച 17 ക്വോട്ടകൾ നേടാൻ.

ഇന്ത്യയിലെ ട്രയൽസ് കഴിഞ്ഞപ്പോൾ ഏറ്റവും ഞെട്ടിച്ച സംഭവം ടോക്കിയോയിൽ വെള്ളി നേടിയ രവി കുമാർ ദഹിയയും വെങ്കലം നേടിയ ബജ്റങ് പൂനിയയും പുറത്തായി എന്നതാണ്. സമരത്തിലെ പങ്കാളിത്തവും അതുവഴിയുണ്ടായ മാനസ്സിക സംഘർഷവും ബജ്റങ്ങിനെ തളർത്തി. രവികുമാർ പരുക്കിൽ നിന്നു മോചിതനായിട്ടേയുണ്ടായിരുന്നുള്ളു. റിയോയിൽ വെങ്കലം നേടിയ സാക്ഷി മാലിക്ക് ട്രയൽസിൽ നിന്നു വിട്ടു നിൽക്കുകയും ചെയ്തു.

ബ്രിജ്ഭൂഷനെതിരെ സമരം ചെയ്തവരോട് വിവേചനം പാടില്ല എന്ന കർശന ബന്ധനയോടെയാണ് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ രാജ്യാന്തര സംഘടന പിൻവലിച്ചത്. സമര മുഖത്തുണ്ടായിരുന്ന പ്രധാനികളിൽ വിനേഷ് ഫോഗട്ട് മാത്രം പാരിസ് ലക്ഷ്യം വച്ച് ഗുസ്തി തുടരും. റിയോയിൽ ക്വാർട്ടറിൽ പരുക്കേറ്റ വിനേഷ് ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു. ടോക്കിയോയിൽ ഫോമിലെത്താൻ കഴിയാതെ വന്നപ്പോൾ ബ്രിജ്ഭൂഷൻ അപമാനിച്ചെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്നുമാണ് വിനേഷ് പറഞ്ഞത്. ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന വിനേഷ് ദേശീയ സ്വർണം നേടിക്കൊണ്ടാണു തിരിച്ചുവരവ് അറിയിച്ചത്. ആത്മധൈര്യം കൈവിടാതെ ഗോദയിലും പുറത്തും പോരാട്ടം തുടരാൻ വിനേഷിനു സാധിക്കുമെന്നു പ്രതീക്ഷിക്കാം.

Story Highlights: sanil p thomas writes on current struggles of indian wrestlers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here