മോദിയുടെ ഗ്യാരണ്ടിയാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകാൻ കാരണം; താൻ തളന്നിരിക്കില്ലെന്ന് തമ്പാനൂർ സതീഷ്

താൻ തളർന്നിരിക്കുമെന്ന് ആരും കരുതണ്ട എന്ന് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ തമ്പാനൂർ സതീഷ്. കെ കരുണാകരന്റെ മരണത്തോടെ കോൺഗ്രസിന്റെ തകർച്ച തുടങ്ങി. 14 ജില്ലകളിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്ക് ഉണ്ടാവും. മോദിയുടെ ഗ്യാരണ്ടിയാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകാൻ കാരണമെന്നും സതീഷ് പറഞ്ഞു.
15 വർഷമായി ശശി തരൂർ ഏയറിലാണ്. സാധാരണക്കാരെ വീട്ടിലോ ഓഫീസിലോ കയറ്റില്ല. മത്സ്യത്തൊഴിലാളികളെ തിരിഞ്ഞു നോക്കിയില്ല. ഒളിവിലായിരുന്നു. മത്സ്യത്തൊഴിലാളികളുടെ സമരത്തെ പുച്ഛിച്ച എംപിയാണ് തരൂർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അല്പസമയം മുൻപാണ് കോൺഗ്രസ് നേതാക്കളായ തമ്പാനൂർ സതീഷും പത്മിനി തോമസും അടക്കമുള്ളവർ ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും പാർട്ടി സംസ്ഥാന അധ്യക്ഷനും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഡിസിസി മുൻ ജനറൽ സെക്രട്ടറിയായ സതീഷ് പുനഃസംഘടനയിൽ പ്രതിഷേധിച്ച് അടുത്തിടെ പാർട്ടി വിട്ടിരുന്നു.
പത്മിനി തോമസിനെ ഷാൾ അണിയിച്ച കെ. സുരേന്ദ്രനാണ്. പത്മിനിക്കൊപ്പം പത്മിനിയുടെ രണ്ട് മക്കളും ബിജെപിയിൽ ചേർന്നു. ഡിസിസി മുൻ ജനറൽ സെക്രട്ടറി സതീഷിനൊപ്പം ഉദയകുമാറും പൂന്തുറ മുൻ വാർഡ് കൗൺസിലർ പീറ്റർ സോളമനും ബിജെപിയിൽ ചേർന്നു.
കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നുവെന്നും പത്മിനി തോമസ് പറഞ്ഞിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കൂടുതൽ പ്രതികരിക്കാം എന്നും പത്മിനി തോമസ് വ്യക്തമാക്കി. സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ആയിരുന്നു പത്മിനി തോമസ്. കെപിസിസി കായിക വേദിയുടെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.
Story Highlights: thampanoor satheesh modi guarantee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here