Advertisement

ഷവര്‍മ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

March 15, 2024
1 minute Read
Shawarma special inspection in kerala

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 43 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മ്മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിര്‍ത്തിവയ്പ്പിച്ചു. 88 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. ഇതുകൂടാതെ വേനല്‍ക്കാലം മുന്‍നിര്‍ത്തിയുള്ള പ്രത്യേക പരിശോധനകള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവര്‍മ്മ നിര്‍മ്മാണം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഷവര്‍മ്മ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഷവര്‍മ്മ നിര്‍മ്മിക്കുന്നവര്‍ ശാസ്ത്രീയമായ ഷവര്‍മ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടതുമാണ്. പ്രാഥമികഘട്ട ഉത്പാദന സ്ഥലം മുതല്‍ ഉപയോഗിക്കുന്ന സ്റ്റാന്റ്, ടേബിള്‍ എന്നിവ പൊടിയും അഴുക്കും ആകുന്ന രീതിയില്‍ തുറന്ന് വെക്കാതെ വൃത്തിയുള്ളതായിരിക്കണം. ഷവര്‍മ്മ സ്റ്റാന്റില്‍ കോണില്‍ നിന്നുള്ള ഡ്രിപ് കളക്ട് ചെയ്യാനുള്ള ട്രേ സജ്ജീകരിച്ചിട്ടുള്ളതായിരിക്കണം.

ഷവര്‍മ്മ ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (-18°C), ചില്ലറുകള്‍ (4°C) വൃത്തിയുളളതും കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതുമാണ്. പെഡല്‍ ഓപ്പറേറ്റഡ് വേസ്റ്റ് ബിന്നുകള്‍ ഉപയോഗിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ വേസ്റ്റ് മാറ്റണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ഹെയര്‍ ക്യാപ്, കൈയ്യുറ, വൃത്തിയുള്ള ഏപ്രണ്‍ എന്നിവ ധരിച്ചിരിക്കണം. ഷവര്‍മ്മ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. 4 മണിക്കൂര്‍ തുടര്‍ച്ചയായ ഉത്പാദന ശേഷം കോണില്‍ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്നീ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലേബല്‍ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നല്‍കുക. എല്ലാ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.

Story Highlights: Shawarma special inspection in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top