പാർലമെൻ്റിൽ ഇടതുപക്ഷത്തിൻ്റെ ശബ്ദം ശക്തമാകണം: ജോൺ ബ്രിട്ടാസ്

വർഗീയതയ്ക്കും ഫാസിസത്തിനുമെതിരായ പ്രതിരോധം ശക്തമാക്കാൻ പാർലമെൻ്റിലെ ഇടതുപക്ഷത്തിൻ്റെ സാന്നിധ്യം ശക്തിപ്പെടണമെന്ന് ജോൺ ബ്രിട്ടാസ് എം പി. എൽ ഡി എഫ് തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം മീഡിയാ റൂമിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി സർക്കാരിനെതിരെ പാർലമെൻറിൽ ഉയരുന്ന ശക്തമായ ശബ്ദം ഇടതുപക്ഷത്തിൻ്റേതാണ്. അതിനിയും ശക്തമാകേണ്ടതുണ്ട്. തിരുവനന്തപുരത്തിൻ്റ വികസനത്തിന് കാര്യമായ സംഭാവന നൽകാത്ത എംപിയാണ് ഇപ്പോഴുള്ളത്. അദ്ദേഹത്തിൻ്റെ നിഷ്ക്രിയത്വം പല പദ്ധതികളും നഷ്ടപ്പെടുത്തിയെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ലയിൽ 27,77,108 വോട്ടർമാരാണുള്ളത്. അതിൽ 14,59,339 സ്ത്രീ വോട്ടർമാരും 13,17,709 പുരുഷ വോട്ടർമാരും 60 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഭിന്നശേഷി വോട്ടർമാരുടെ എണ്ണത്തിൽ മൂന്ന് ഇരട്ടിയിലധികം വർധനയാണുള്ളത്. 25,363 ആണ് ഭിന്നശേഷി വോട്ടർമാരുടെ എണ്ണം. 85ന് മുകളിൽ പ്രായമായ 31,534 വോട്ടർമാരും 23,039 യുവ വോട്ടർമാരുമാണുള്ളത്. സർവീസ് വോട്ടർമാരുടെ എണ്ണം 8,422 ആണ്.
ജില്ലയിൽ 2,730 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര അസംബ്ലി നിയോജക മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്നത്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയോജക മണ്ഡലങ്ങൾ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 1,307 പോളിങ് സ്‌റ്റേഷനുകളും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 1,423 പോളിങ് സ്‌റ്റേഷനുകളുമുണ്ട്.
Story Highlights: John Brittas About Loksabha Election 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here