കെജ്രിവാളിന്റെ ED അറസ്റ്റ് പ്രതിഷേധാർഹം, എതിർ ശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വര; തെളിയുന്നത് ഭീരുത്വമെന്ന് പിണറായി വിജയൻ

മദ്യനയ അഴിമതി കേസില്‍ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയിൽ പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും പിണറായി വാർത്താ കുറിപ്പിൽ പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎമ്മും വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷവും കേന്ദ്ര ഏജൻസികൾ പരസ്യമായി ബിജെപിയുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങളെ ജനങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നത് ഉറപ്പാണെന്നും സിപിഐഎം ദേശീയ നേതൃത്വം പറഞ്ഞു.
അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. അധികാരത്തിൻ്റെ ഹുങ്കിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർ ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്താന്നും ഇല്ലാതാക്കാനുമാണ് മോദിയും ബി.ജെ.പി സർക്കാരും ശ്രമിക്കുന്നത്.
കെജ്‌രിവാളിൻ്റെ അറസ്‌റ്റ് ബി.ജെ.പിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇത് ഇന്ത്യാ മുന്നണിയോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞ കൂടിയാണിത്. എതിർ ശബ്ദങ്ങളെ നിശബ്ദരാക്കി തുറുങ്കിലടക്കുന്ന ആസുര ശക്തികൾക്കെതിരെ കണ്ണും കാതും തുറന്നിരിക്കാം , കൂടാതെ നമ്മുടെ ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാൻ സദാ സജ്ജരായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Pinarayi Vijayan on Aravind Kejriwal Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here