Advertisement

മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കേരളത്തിലെ ആ 4 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതെന്ത്? ബിജെപി പദ്ധതിയിടുന്നത് വന്‍ സര്‍പ്രൈസ്?

March 22, 2024
Google News 3 minutes Read
Why BJP can't confirm Kerala candidates for Loksabha election yet?

കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ താരതമ്യേനെ അധികം സമയമെടുത്താത്ത ബിജെപി ഇത്തവണ രണ്ടും മൂന്നും ഘട്ടങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോഴും അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പറയാത്തത് എല്ലാവരിലും അമ്പരപ്പ് ഉളവാക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 12 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ബിജെപി പിന്നീട് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും ബാക്കി അവശേഷിച്ച നാലിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മൂന്നാംഘട്ട പട്ടികയിലും ഉള്‍പ്പെടുത്തിയില്ല. ബിജെപിയ്ക്ക് ഒരു നിര്‍ണായക സ്വാധീന ശക്തിയാകാന്‍ സാധ്യതയുള്ള നാല് മണ്ഡലങ്ങളാണ് അവശേഷിക്കുന്നത് എന്നതിനാല്‍ തന്നെ ബിജെപി അവസാന നിമിഷത്തില്‍ വമ്പന്‍ സര്‍പ്രൈസ് നല്‍കാനുള്ള സാധ്യതകളും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. എറണാകുളം, കൊല്ലം, ആലത്തൂര്‍, വയനാട് എന്നിവടങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. (Why BJP can’t confirm Kerala candidates for Loksabha election yet?)

ഒരു സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലൂടെ ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന തൃശൂരില്‍ ശക്തമായ ഒരു ത്രികോണ മത്സരത്തിനാണ് ബിജെപി വഴിമരുന്നിട്ടത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഈ ഇംപാക്ട് കേരളത്തിലെ ബിജെപിയ്ക്കാകെ നല്ല രീതിയ്ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട് താനും. ഇതേ തന്ത്രം എറണാകുളത്ത് ബിജെപി ഇറക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സൂചനകള്‍ പുറത്തുവരുന്നത്. സിനിമാ മേഖലയില്‍ നിന്ന് തന്നെ സംവിധായകന്‍ മേജര്‍ രവിയ്ക്കാണ് എറണാകുളത്ത് സാധ്യതയേറുന്നത്. ഇതല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് ഉപവിഭാഗങ്ങളില്‍ നിന്ന് ഒരു ക്രൈസ്തവ നേതാവിനെ കൊണ്ടുവന്ന് എറണാകുളത്ത് മത്സരിപ്പിച്ചേക്കും. ബിജെപിയുടെ പ്രമുഖ നേതാവ് എ എന്‍ രാധാകൃഷ്ണനും സാധ്യതയുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

രണ്ട് പ്രമുഖ ദേശീയ നേതാക്കള്‍ ഏറ്റുമുട്ടുന്ന മണ്ഡലമാണ് വയനാട്. രാഹുല്‍ ഗാന്ധിയ്ക്കും ആനി രാജയ്ക്കും ഒത്ത എതിരാളിയെ തന്നെ മത്സരിപ്പിക്കാന്‍ ബിജെപിയ്ക്കും സമ്മര്‍ദമേറുകയാണ്. വയനാട്ടിലെ സാമുദായിക സമവാക്യങ്ങളും മറ്റും കണക്കിലെടുത്ത് എ പി അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിച്ചേക്കുമെന്ന് ബിജെപിയോട് അടുത്ത ചില വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

കൊല്ലത്ത് സന്ദീപ് വാചസ്പതി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചന കുറച്ചുകാലങ്ങളായി അന്തരീക്ഷത്തിലുണ്ട്. പ്രേമചന്ദ്രനെ ജയിപ്പിക്കാന്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇറക്കുന്നുവെന്ന എല്‍ഡിഎഫിന്റെ ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാകണം സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന സമ്മര്‍ദവും ബിജെപിയ്ക്ക് മേലുണ്ട്. നടന്‍ കൃഷ്ണകുമാറിനെ പരിഗണിക്കുമെന്ന് കേട്ടെങ്കിലും അതിനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലത്തൂര്‍ മണ്ഡലത്തില്‍ രേണു സുരേഷിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നുള്ള സൂചനയും ഈ ഘട്ടത്തില്‍ പുറത്തുവരുന്നുണ്ട്.

Story Highlights : Why BJP can’t confirm Kerala candidates for Loksabha election yet?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here