പഞ്ചാബിലും ‘ആപ്’ സർക്കാരിന് ബിജെപിയുടെ ആപ്പ്; മദ്യനയത്തിൽ ഇഡി അന്വേഷണം ആവശ്യം, പരാതി നൽകി

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിന് പിന്നാലെ പഞ്ചാബിലും എഎപി സർക്കാരിനെതിരെ ബിജെപി നീക്കം. ഭഗവന്ത് മൻ ഗവൺമെൻ്റിൻ്റെ പുതിയ എക്സൈസ് നയത്തിനെതിരെ ഇഡി അന്വേഷണം വേണമെന്നാണ് ആവശ്യം. ബിജെപി സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖർ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മലയാളി കൂടിയായ സിബിൻ സിയെ കണ്ട് ഇഡി അന്വേഷണത്തിന് ഉത്തരവിടാൻ ആവശ്യപ്പെട്ടു. (BJP urges ED probe into Punjab excise policy)
സംസ്ഥാനത്തെ പുതിയ മദ്യനയം എഎപി സർക്കാരിൻ്റെ അഴിമതിയാണെന്നാണ് ആരോപണം. ഡൽഹിയിലെ മദ്യനയത്തിൻ്റെ ചുവടുപിടിച്ചാണ് പഞ്ചാബിലും പുതിയ മദ്യനയം എഎപി സർക്കാർ കൊണ്ടുവന്നത്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും മന്ത്രി സത്യേന്തർ ജയിനിനും എഎപി എംപി സഞ്ജയ് സിങിനും പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ദില്ലി മദ്യനയകേസിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വാദം കോടതികൾ അംഗീകരിച്ച് ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് തങ്ങളും അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സുനിൽ ജാഖർ പിന്നീട് പ്രതികരിച്ചു.
ഭഗവന്ത് മൻ സർക്കാർ ഡൽഹിയിലെ നേതാക്കളുടെ നിർദ്ദേശപ്രകാരം പഞ്ചാബ് സർക്കാരിൻ്റെ വരുമാനം ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് ബിജെപി ആരോപിക്കുന്നു. ചുരുങ്ങിയത് 1000 കോടി രൂപയുടെ നഷ്ടം പുതിയ എക്സൈസ് നയത്തിലൂടെ സംസ്ഥാനത്ത് ഉണ്ടാകുമെന്നാണ് ബിജെപിയുടെ വാദം. ഈ നയം നടപ്പാക്കുന്നതിലൂടെ ലഭിക്കുന്ന കള്ളപ്പണം എഎപി ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിക്കുമെന്ന് ബിജെപി പറയുന്നു. ജയിലിൽ കഴിയുന്ന മദ്യരാജാക്കാന്മാർക്കും ഗുണ്ടാസംഘത്തിനും പുതിയ നയം മാറ്റത്തിലൂടെ സർവ സ്വതന്ത്രരായി എഎപിയുടെ നേതാക്കളുടെ പിൻബലത്തിൽ കഴിയാനാവുമെന്നും ബിജെപി വിമർശിക്കുന്നു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കണമെങ്കിൽ എക്സൈസ് നയത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. സംഗ്രൂരിൽ നിരവധി പേരുടെ മരണത്തിന് ഇടയായ വ്യാജ മദ്യ ദുരന്തത്തിൽ അടിയന്തിര ഇടപെടലും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സോം പ്രകാശ്, മുൻ കേന്ദ്രമന്ത്രി വിജയ് സംപ്ല, മുൻ ബിജെപി സംസ്ഥാന അധ്യക്ഷരായിരുന്ന അശ്വനി ശർമ്മ, മനോരഞ്ജൻ തകൂർത്ത, പാർട്ടി ജനറൽ സെക്രട്ടറി പർമീന്ദർ ബാർ, എംഎൽഎ ജംഗി ലാൽ മഹാജൻ എന്നിവരടക്കം മുതിർന്ന നേതാക്കളുടെ വൻ സംഘമാണ് ഇന്ന് തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് അന്വേഷണം ആവശ്യപ്പെട്ടത്.
Story Highlights : BJP urges ED probe into Punjab excise policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here