ഭഗൽപൂരിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി ബോളിവുഡ് നടി ? സൂചന നൽകി പിതാവ്

ബോളിവുഡ് താരം നേഹ ഷർമ ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് ടിക്കറ്റിൽ ഭഗൽപൂരിൽ നിന്നാകും താരം മത്സരിക്കുകയെന്ന് നടിയുടെ പിതാവും കോൺഗ്രസ് നേതാവുമായ അജയ് ഷർമ സൂചന നൽകി. ( Bollywood Actor neha sharma may Contest From Bhagalpur )
കോൺഗ്രസുമായുള്ള ബന്ധം നിതീഷ് കുമാർ അവസാനിപ്പിച്ച് ബിജെപിയുമായി കൈകോർത്തതോടെയാണ് ബിഹാറിൽ സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചത്. സീറ്റ് ചർച്ചകൾ ഏറെകുറേ അവസാനിച്ചുവെന്ന നിലപാടിലാണ് ആർജെഡിയുടെ തേജസ്വി യാദവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഘടകകക്ഷികളുമായുള്ള ചർച്ചയിൽ ഭഗൽപൂർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ നേഹാ ഷർമയെ മത്സരിപ്പിക്കാനുള്ള തയാറെടുപ്പുകൾ പിതാവ് അജയ് ഷർമ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
‘കോൺഗ്രസിന് ഭഗൽപൂർ ലഭിക്കണം, അവിടെ ജയിക്കണം. ഭഗൽപൂർ കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ എന്റെ മകൾ നേഹ ഷർമയെ മത്സരിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം, കാരണം ഞാൻ നേരത്തെ തന്നെ എംഎൽഎയാണ്. പക്ഷേ പാർട്ടി എന്റെ പേര് പറഞ്ഞാൽ, ഞാൻ തന്നെ മത്സരിക്കും’ – അജയ് ഷർമ പറഞ്ഞു.
ബിഹാറിൽ ഇന്ത്യാ മുന്നണി ബിജെപിയെ തുടച്ചുനീക്കുമെന്ന ആത്മവിശ്വാസവും അജയ് ഷർമ പങ്കുവച്ചു.
ഇംറാൻ ഹാഷ്മി കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ക്രൂക്ക് എന്ന ചിത്രത്തിലൂടെയാണ് നേഹ ഷർമ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തൻഹാജി, യംല പഗ്ല ദീവാന 2, തും ബിൻ 2, എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ട്രാവൽ കണ്ടന്റുകളിലൂടെ സോഷ്യൽ മീഡിയയും അടക്കി വാഴുന്ന നേഹയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം 21 മില്യൺ ഫോളോവേഴ്‌സുണ്ട്.
Story Highlights : Bollywood Actor neha sharma may Contest From Bhagalpur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here