Advertisement

വിവരങ്ങൾക്കുമേൽ സർക്കാരിൻ്റെ “ഫാക്ട് ചെക്ക്”: സ്റ്റേ ചെയ്ത് സുപ്രീം കോടതി

March 25, 2024
Google News 2 minutes Read

സർക്കാരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പരിശോധിക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ വസ്തുതാ പരിശോധനാ യൂണിറ്റ് സ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം സുപ്രീം കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ  മേലുള്ള കടന്നുകയറ്റമുൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിച്ചാണ് സ്റ്റേ. വസ്തുതാ പരിശോധനാ യൂണിറ്റ് കൊണ്ടുവരുന്നതിനായി ഇൻഫർമേഷൻ ടെക്നോളജി (ഇൻ്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) അമെൻഡ്മെൻ്റ് റൂൾസ് 2023 നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഫാക്ട് ചെക്കിങ് യൂണിറ്റ് പ്രവർത്തനരഹിതമായിരിക്കും. 

ഓൺലൈൻ ഗെയിമിംഗിന് പുറമെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വാർത്തകൾ നിയന്ത്രിക്കുന്നതിന്, 2021 ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ ഭേദഗതി ചെയ്തു. ഇതുവഴി കേന്ദ്ര സർക്കാരുമായി  ബന്ധപ്പെട്ട എന്ത് വിവരവും ഫാക്ട് ചെക്കിങ് യൂണിറ്റിന് വ്യാജമാണെന്നോ തെറ്റാണെന്നോ  തെറ്റിദ്ധരിപ്പിക്കുന്നതാണെന്നോ മുദ്രകുത്താനാകും. ഇത് ആർട്ടിക്കിൾ 19 വഴി സംരക്ഷിക്കപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. 

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഫാക്ട് ചെക്കിങ് യൂണിറ്റ് വസ്തുതാപരിശോധന നടത്തിയ വിഷയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഇൻ്റർനെറ്റ് സേവനദാതാക്കൾ, സെർച്ച് എൻജിനുകൾ തുടങ്ങിവയിലൂടെ ഷെയർ ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കി നീക്കംചെയ്യണം. സേവനദാതാക്കൾക്ക് ഇത് ഉറപ്പാക്കാൻ കഴിയാതെ പോയാൽ നിയമനടപടി നേരിടേണ്ടതായി വരും. പുതിയ നിയമഭേദഗതി പ്രകാരം കോടതിയോ സർക്കാരോ വ്യാജവാർത്തയെന്ന് ഒരു വിഷയത്തെ മുദ്രകുത്തിയാൽ സമൂഹമാധ്യമങ്ങളിൽ നിന്ന് 36 മണിക്കൂറിനുള്ളിൽ നീക്കംചെയ്യണം. ഇത്തരത്തിൽ സർക്കാർ വിവരങ്ങളെ ഓഡിറ്റ് ചെയ്താൽ മാധ്യമരംഗത്തുൾപ്പടെ സെൻസർഷിപ്പിന് കാരണമാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.  

2019 നവംബർ മുതൽ തന്നെ ഫാക്ട് ചെക്കിങ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് വാാട്സാപ്പ് ഫോർവേഡുകളും, യൂട്യൂബ് വീഡിയോകളും, പത്ര ഓൺലൈൽ മാധ്യമങ്ങളിൽവന്നിട്ടുള്ള വാർത്തകളും പിഐബി ഫാക്ട് ചെക്ക് ചെയ്തിരുന്നു. 2023ൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റർ അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ നൽകിയ വിവരപ്രകാരം 2020 നവംബറിനും 2023 ജൂണിനുമിടയിൽ 28,380 വ്യാജവാർത്തകളെ  പിഐബി ഫാക്ട് ചെക്ക് ചെയ്തു. ഇത്തരത്തിൽ ഫാക്ട് ചെക്ക് ചെയ്യപ്പെടുന്ന വിവരങ്ങൾ പിഐബി ഫാക്ട് ചെക്ക് എക്സ്, കൂ, ഇൻസ്റ്റഗ്രാം, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യു. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ ഇന്ത്യക്കാർക്കും മൂന്നുമാസത്തേക്ക് ഫ്രീയായി റീചാർജ് ചെയ്തുനൽകുമെന്ന സ്പാം സന്ദേശം മാത്രമല്ല പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമാണെന്ന അൽ ജസീറയുടെ ഇംഗ്ലീഷ് പതിപ്പിൽ വന്ന വാർത്തയെയും പിഐബി ഫാക്ട് ചെക്ക് ചെയ്തു. കഴിഞ്ഞവർൽം വ്യാജവാർത്തകൾ പ്രചരപ്പിച്ചതിനും ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിനും 9 യൂട്യൂബ് ചാനലുകളെ പിഐബി ഫാക്ട് ചെക്ക് തുറന്നു കാട്ടിയിരുന്നു. ഇത്തരത്തിൽ വ്യാജമാണെന്ന് മുദ്രകുത്തുന്നതല്ലാതെ വേറൊന്നും പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റ് കാര്യമായൊന്നും ചെയ്തിരുന്നില്ല. 

ഫാക്ട് ചെക്കിങ് യൂണിറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നത് എങ്ങനെ? 

പിഐബി അഡീഷണൽ ഡയറക്ടർ ജനറൽ അലോക് മിശ്ര, രണ്ട് ജോയൻ്റ് ഡയറക്ടർമാർ, ഒരു അസിസ്റ്റൻ്റ് ഡയറക്ടർ എന്നിവരാണ് ഫാക്ട് ചെക്കിങ് യൂണിറ്റിൻ്റെ തലപ്പത്തുള്ളത്. ഗവൺമെൻ്റ്  നയങ്ങൾ, പദ്ധതികൾ, സ്കീമുകൾ തുടങ്ങിയവയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സ്വയം കണ്ടെത്തിയോ അല്ലെങ്കിൽ ആളുകൾ പരാതിപ്പെട്ടാലോ നിർബന്ധമായും പരിശോധിക്കണം. വാട്സാപ്പ്, ഇമെയിൽ, എക്സ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പിഐബിയുടെ ഫാക്ട് ചെക്കിങ് യൂണിറ്റിന് പരാതി നൽകാം. ഇത്തരത്തിൽ ലഭിക്കുന്ന പരാതികളിൽ നിന്നും കേന്ദ്ര സർക്കാർ, വിവിധ മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് പരിശോധിക്കുക. വാർത്തകളൊന്നും വേരിഫിക്കേഷനുവേണ്ടി ഉപയോഗിക്കില്ല. സർക്കാർ വെബ്സൈറ്റ്, പ്രെസ് റിലീസുകൾ, സർക്കാരിൻ്റെ സോഷ്യമീഡിയ പേജുകൾ തുടങ്ങിയവ പരിശാധിച്ചാണ്  വസ്തുതാ പരിശോധന നടത്തുന്നത്. 

നിയമഭേദഗതികൾ വരുത്തി വിജ്ഞാപനം പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്റ്റാൻഡപ്പ് കൊമേഡിയൻ കുനാൽ കാമ്ര, അസോസിയേഷൻ ഓഫ് ഇന്ത്യൻ മാഗസിൻസ്, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് & ഡിജിറ്റൽ അസോസിയേഷൻ, എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ എന്നിവർ നിയഭേദഗതിയുടെ നിയസാധുത ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് ഗൗതം പട്ടേൽ, നീല ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി 31ന് ഭിന്നവിധി പുറപ്പെടുവിച്ചു. ഭേദഗതികൾ ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഗൗതം പട്ടേലിൻ്റെ വിധി. സർക്കാരിൻ്റെ ശബ്ദമാണ് ഉയർന്നു കേൾക്കുന്നത്. അതിനൊരു ഫാക്ട്ചെക്ക് യൂണിറ്റിൻ്റെ സംരക്ഷണം ആവശ്യമില്ലെന്നും പട്ടേൽ പറഞ്ഞു. എന്നാൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഫാക്ട് ചെക്ക് യൂണിറ്റ് വേണമെന്നായിരുന്നു നീല ഗോഖലെയുടെ പക്ഷം. ബോംബെ ഹൈക്കോടതി റൂൾസ് പ്രകാരം ടൈ-ബ്രേക്കർ വിധി പറയുന്നതിനായി കഴിഞ്ഞമാസം ജസ്റ്റിസ് എഎസ് ചന്ദുർക്കറിനെ ചുമതലപ്പെടുത്തി.   

ഫാക്ട് ചെക്ക് സംസ്ഥാനങ്ങളിലും

സർക്കാരിനെതിരായ വാർത്തകളെ ഭയക്കുന്നത് കേന്ദ്ര സർക്കാർ മാത്രമല്ല. വിവിധ സംസ്ഥാന സർക്കാരുകളും ഔദ്യോഗിക ഫാക്ട് ചെക്കിങ് യൂണിറ്റുകൾ നടത്തുന്നുണ്ട്. ആന്ധ്രാ പ്രദേശ് (ഫാക്ട് ചെക്ക് എപി), തെലങ്കാന (തെലങ്കാന ഫാക്ട് ചെക്ക്), കർണാടക സർക്കാരുകൾക്കാണ് സ്വന്തം ഫാക്ട് ചെക്കിങ് യൂണിറ്റുള്ളത്. കേരളത്തിലും ഇത്തരത്തിലൊരു നീക്കം സർക്കാർ നടത്തിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതിനേത്തുടർന്ന് പേജ് നിർജ്ജീവമായി. ഇതിനുപുറമേ വിവിധ സംസ്ഥാനങ്ങളിൽ പൊലീസും ഫാക്ട് ചെക്കിങ് നടത്തുന്നുണ്ട്. 

സുപ്രീം കോടതി വിജ്ഞാപനത്തിൻ്റെ മുകളിലേർപ്പെടുത്തിയ സ്റ്റേ എടുത്തുമാറ്റിയാൽ  പിഐബി വ്യാജമെന്ന് മുദ്രകുത്തിയ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ നിർബന്ധിതരാവും.  ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു മാസത്തിൽ താഴെ മാത്രം സമയം ശേഷിക്കെ, വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് സർക്കാർ കരുതുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ സാധിക്കുന്ന അധികാരങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. 

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here