‘ഞങ്ങളോടൊപ്പം ചേരാം’; വരുൺ ഗാന്ധിയെ ക്ഷണിച്ച് കോൺഗ്രസ്

വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. വരുൺ ഗാന്ധി ശക്തനും കഴിവുള്ളവനുമാണ്. അദ്ദേഹം കോൺഗ്രസിനൊപ്പം ചേരണമെന്നും മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള ബിജെപിയുടെ സിറ്റിംഗ് എംപിയാണ് വരുൺ. എന്നാൽ ഇത്തവണ അദ്ദേഹത്തിന് ബിജെപി ടിക്കറ്റ് നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ ഓഫർ.
പാർട്ടിക്കെതിരെ നിരന്തരം പ്രസ്താവനകൾ നടത്തുന്ന നേതാവായിരുന്നു വരുൺ ഗാന്ധി. അതുകൊണ്ട് തന്നെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ടിക്കറ്റ് നൽകില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. വരുൺ ഗാന്ധിക്ക് പകരം സംസ്ഥാന മന്ത്രി ജിതിൻ പ്രസാദിനെയാണ് ബിജെപി പിലിഭിത്തിൽ മത്സരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് അധിർ രഞ്ജൻ ചൗധരി വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്.
ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിൻ്റെ പേരിലാണ് വരുണിന് ടിക്കറ്റ് നിഷേധിച്ചതെന്ന് ചൗധരി ആരോപിച്ചു. ‘അദ്ദേഹം കോൺഗ്രസിൽ ചേരണം, പാർട്ടിയിൽ ചേരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. വരുൺ വിദ്യാസമ്പന്നനാണ്. അദ്ദേഹത്തിന് ക്ലീൻ ഇമേജ് ഉണ്ട്. ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ് ബിജെപി അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചത്. അദ്ദേഹം കോൺഗ്രസിലേക്ക് വരണമെന്ന് താൻ കരുതുന്നു’-അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
Story Highlights : ‘Varun Gandhi welcome to join us’: Congress’s offer after BJP snub
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here