ഇന്നലെ രാഹുലിൻ്റെ പോസ്റ്റ് പങ്കുവച്ചു, ഇന്ന് മോദിക്ക് ജയ് വിളിച്ചു; വിജേന്ദറിൻ്റെ കൂറുമാറ്റത്തിൽ അമ്പരപ്പ്

ഇന്നലെ മോദി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ പോസ്റ്റ് പങ്കുവച്ച അതേ വിജേന്ദർ, 24 മണിക്കൂർ പിന്നിടും മുൻപ് മോദിക്ക് ജയ് വിളിച്ച് കോൺഗ്രസ് വിട്ട് വിജെപിയിൽ എത്തിയതെങ്ങനെ? ഒളിംപിക്സിൽ മെഡൽ നേടി രാജ്യത്തിൻ്റെ അഭിമാനമായിരുന്ന വിജേന്ദർ സിങ് കായിക മേഖലയിൽ കോൺഗ്രസിൻ്റെ മുഖമായിരുന്നു. എങ്കിലും മോദിക്കെതിരായ നിലപാട് ഒരു രാത്രി ഇരുട്ടി വെളുക്കും മുൻപ് വിജേന്ദർ സിങ് മാറ്റിയത് രാഷ്ട്രീയ രംഗത്ത് ചർച്ചയായി.
ഇന്ത്യൻ ബോക്സിങ് ഹീറോ ആയ വിജേന്ദർ സിങ് ദില്ലിയിലാണ് ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവ്ദെയുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി മാറ്റം. തൊട്ടുപിന്നാലെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം തൻ്റെ ആഗ്രഹവും വ്യക്തമാക്കി. രാജ്യതാത്പര്യവും പൊതുജന സേവന താത്പര്യവും മുൻനിർത്തിയാണ് താൻ പാർട്ടി വിട്ടതെന്നും ജനങ്ങളെ കൂടുതൽ സേവിക്കാനാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട തൻ്റെ മുൻനിലപാടുകളെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചതിങ്ങനെ. ‘തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും അംഗീകരിച്ചുകൊണ്ട് തന്നെ കായികതാരങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും.’
ഒളിംപിക്സ് മെഡൽ നേട്ടത്തിന് ശേഷം പ്രൊഫഷണൽ ബോക്സിങ് രംഗത്തേക്ക് കടന്ന വിജേന്ദർ സിങ് പിന്നീട് 2019 ലാണ് ദില്ലിയിൽ കോൺഗ്രസിൽ അംഗത്വമെടുത്തത്. അന്ന് സൗത്ത് ദില്ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥി രമേഷ് ബിദുരിയോട് തോറ്റു. അന്ന് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി രാഘവ് ഛദ്ദയും ഇതേ മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു.
മഥുര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജേന്ദർ സിങ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് ഇടയിലാണ് താരത്തിൻ്റെ കൂറുമാറ്റം. ബിജെപി സ്ഥാനാർത്ഥിയായി ഹേമ മാലിനി മത്സരിച്ച് ജയിച്ച മണ്ഡലമാണ് മഥുര. ജാട്ട് സമുദായംഗമായ വിജേന്ദർ ഹരിയാനയിൽ ജനഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന പേരാണ്. ഹരിയാനയിലെ കർണാലിൽ ഭാരത് ജോഡോ യാത്രയെത്തിയപ്പോൾ അന്ന് രാഹുൽ ഗാന്ധിക്കൊപ്പം വിജേന്ദറും ഉണ്ടായിരുന്നു. ആ മാർച്ചിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വൈറലായി പ്രചരിക്കപ്പെട്ടിരുന്നു. ഈ നിലയിൽ കായിക ഭാരതത്തിൻ്റെ ബ്രാൻഡായി നിന്ന പ്രമുഖ വ്യക്തിത്വത്തെ കൂടെയാണ് കോൺഗ്രസിന് ഇന്ന് നഷ്ടമായിരിക്കുന്നത്. അതും ഒരു രാത്രിയുടെ മാത്രം ഇടവേളയിൽ.
Story Highlights : Vijender Sigh contested the 2019 Lok Sabha elections from South Delhi but lost to BJP’s Ramesh Bidhuri.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here