സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്ന് വയനാട്ടിലെ ലീഗ് പ്രവർത്തകർ ചോദിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ്

സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്നാണ് വയനാട്ടിൽ ലീഗ് പ്രവർത്തകർ തന്നെ ചോദിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടകരയിൽ യുഡിഎഫിന് മുസ്ലിംലീഗിന്റെ കൊടി വേണം വോട്ടും വേണം. കോഴിക്കോടും ലീഗിൻ്റെ കൊടിയും വേണം വോട്ടും വേണം. എന്നാൽ വയനാട്ടിൽ വോട്ട് മാത്രം ലീഗിൻറെ കൊടി വേണ്ട വോട്ട് മതി എന്നാണ് കോൺഗ്രസിന്റെ നിലപാട് എന്നും അദ്ദേഹം വിമർശിച്ചു. (muhammad riyas muslim league)
2019 ൽ വയനാട്ടിൽ കോൺഗ്രസിന്റെ കൊടി മാത്രമാണ് പുറത്തെടുത്തത്. അന്നും ഉത്തരേന്ത്യയിൽ ബിജെപിയെ പേടിച്ച് ലീഗിൻറെ കൊടി പുറത്തെടുക്കാൻ കോൺഗ്രസ് അനുവദിച്ചില്ല. ഇത്തവണ ഒരു പാർട്ടിയുടെയും കൊടി വേണ്ട എന്നായി. സ്വന്തം സ്ഥാനാർത്ഥി നോമിനേഷൻ കൊടുക്കാൻ വരുമ്പോൾ ലീഗിൻറെ കൊടി പുറത്തെടുക്കാൻ യുഡിഎഫ് അനുവദിക്കുന്നില്ല എന്നതായി സ്ഥിതി. അതിന് അവർ പറയുന്ന കാരണം ഞങ്ങളുടെ സ്ഥാനാർഥി കൊടിയിൽ അല്ല ജനങ്ങളുടെ മനസ്സിൽ ആണ് എന്നാണ്. അങ്ങനെയാണെങ്കിൽ മറ്റ് 19 മണ്ഡലങ്ങളിലും കൊടിയിൽ മാത്രമാണോ യുഡിഎഫിന്റെ സ്ഥാനാർത്ഥി.
ഉത്തരേന്ത്യയിൽ ബിജെപിയുടെ പ്രചാരണത്തെ പേടിച്ച് സ്വന്തം കൊടിപിടിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിറകോട്ട് പോയി. എവിടെ എത്തി നിൽക്കുന്നു കോൺഗ്രസ്. കോൺഗ്രസിന് അവരുടെ കൊടി പിടിക്കാൻ കഴിയാത്തതുകൊണ്ട് അവർ മുസ്ലിംലീഗിന്റെ കൊടിയും പിടിക്കാൻ സമ്മതിക്കുന്നില്ല. മുസ്ലിംലീഗിന്റെ ഭരണഘടനയിൽ പറയുന്നത് അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കണമെന്നാണ്. രാജ്യത്തിൻറെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് തങ്ങൾ എന്നാണ് മുസ്ലിം ലീഗ് പറയുന്നത്. എന്നാൽ സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിംലീഗ് മാറിപ്പോയോ എന്നാണ് ലീഗ് പ്രവർത്തകർ തന്നെ ചോദിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
പതാക വിവാദത്തിൽ പ്രതികരണവുമായി കെടി ജലീലും രംഗത്തുവന്നിരുന്നു. രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ച പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ എന്ന് ജലീൽ പരിഹസിച്ചു. സംഘപരിവാറിന്റെ താല്പര്യമനുസരിച്ച് ‘ഹരിത പതാക’ ഉയർത്താൻ ഭയപ്പെടുന്ന മുസ്ലിം ലീഗ് ചെരുപ്പിനനുസരിച്ച് കാലു മുറിക്കുകയാണെന്നും കെടി ജലീൽ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
Story Highlights: pa muhammad riyas muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here