ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സ് പി ബി അനിതയെ മെഡിക്കല്‍ കോളജില്‍ നിയമിച്ച് ഉത്തരവിറങ്ങി

ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ച നഴ്‌സ് പി ബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിച്ച് ഉത്തരവിറക്കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ഹൈക്കോടതിയുടെ അന്തിമവിധിയ്ക്ക് വിധേയമായാണ് നിയമനം. ഇന്ന് നിയമന ഉത്തരവിറങ്ങുമെന്ന് ട്വന്റിഫോര്‍ രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. (Nurse PB Anitha reappointed to Kozhikode medical collage)
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പി ബി അനിതയുടെ നിയമന ഉത്തരവിറങ്ങിയത്. സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും പി ബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിക്കുമെന്നും അല്‍പ സമയം മുന്‍പ് മാധ്യമങ്ങളെ കാണവേ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ അന്തിമ വിധിയ്ക്ക് അനുസൃതമായായിരിക്കും സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പിബി അനിത സമരം തുടരുന്നതിനിടെയാണ് പുനര്‍നിയമന ഉത്തരവ് വരുന്നത്. ഐ.സി യു പീഡനക്കേസ് അതിജീവിതയും സമരത്തിന്റെ ഭാഗമായി അനിതയ്ക്കൊപ്പമുണ്ടായിരുന്നു. ജോലിയില്‍ തിരിച്ചെടുക്കാതെ പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അനിതയും. അതിജീവിതയെ ആശുപത്രി ജീവനക്കാരായ അഞ്ചു പേര്‍ ഭീഷണിപ്പെടുത്തിയത് അനിതയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് എന്നായിരുന്നു ഡിഎംഇ റിപ്പോര്‍ട്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത് ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്.
Story Highlights : Nurse PB Anitha reappointed to Kozhikode medical collage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here