Advertisement

‘ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് നന്ദി, മലയാളികള്‍ ഒത്തൊരുമിച്ചാല്‍ എന്തും നടക്കുമെന്നതിന് ഉദാഹരണമാണ് റഹീമിനായുള്ള കൈകോര്‍ക്കല്‍; ആലുങ്കല്‍ മുഹമ്മദ്

April 12, 2024
Google News 3 minutes Read
alungal muhammad on 34 crore fund raising to release abdul rahim from saudi jail

അബ്ദുള്‍ റഹീമിന്റെ വധശിക്ഷയൊഴിവാക്കാന്‍ 34 കോടിയും സമാഹരിക്കാന്‍ സാധിച്ചത് മലയാളികള്‍ ഒത്തൊരുമിച്ചാല്‍ എന്തും നടക്കുമെന്നതിന് ഉദാഹരണമെന്ന് ജനകീയ കൂട്ടായ്മ രക്ഷാധികാരിയും ട്വന്റിഫോര്‍ ന്യൂസ് ചെയര്‍മാനുമായ ആലുങ്കല്‍ മുഹമ്മദ്. 34 കോടിയെന്നത് വലിയ തുകയായി ആദ്യം തോന്നിയെങ്കിലും മലയാളികള്‍ക്ക് ഇതും ഇതിനപ്പുറവും ചെയ്യാനാകുമെന്ന് വിശ്വസിച്ചിരുന്നുവെന്ന് ആലുങ്കല്‍ മുഹമ്മദ് പറഞ്ഞു. അബ്ദുള്‍ റഹീമിന്റെ മോചനം പ്രത്യേക കര്‍മമായി ഏറ്റെടുക്കണമെന്നും ഓരോ ബുള്ളറ്റിനിലും ഇത് പ്രാധാന്യത്തോടെ ജനങ്ങളിലേക്കെത്തിക്കണമെന്നും 24 ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരോട് ആവശ്യപ്പെട്ടിരുന്നതായി ആലുങ്കല്‍ മുഹമ്മദ് പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികളെ ഈ ദൗത്യത്തില്‍ പങ്കാളികളാക്കാന്‍ ട്വന്റിഫോര്‍ ശ്രമിച്ചെന്നും ആലുങ്കല്‍ മുഹമ്മദ് പറഞ്ഞു. 34 കോടി സമാഹരിക്കാനുള്ള മഹാദൗത്യത്തില്‍ നന്മയുള്ള മനുഷ്യര്‍ക്കൊപ്പം ട്വന്റിഫോറും കൈകോര്‍ക്കുകയായിരുന്നു. (alungal muhammad on 34 crore fund raising to release abdul rahim from saudi jail)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ മോചിപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ മലയാളികള്‍ക്ക് ദൗത്യം പൂര്‍ത്തീകരിക്കാനായി. ജിദ്ദയില്‍ ട്വന്റിഫോര്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചും പണം സമാഹരിച്ചിരുന്നു. ഒരാഴ്ചയിലേറെയായി തുടര്‍ച്ചയായ വാര്‍ത്തകളും അപ്‌ഡേറ്റുകളും നല്‍കി ട്വന്റിഫോര്‍ ന്യൂസ് വാര്‍ത്തയെ സജീവമാക്കി നിര്‍ത്തി. റഹീമിന്റെ മോചനത്തിനായി ഇനി വേണ്ടുന്ന തുക പൊതുജനങ്ങളെ 24 നിരന്തരം ഓര്‍മിപ്പിച്ചതിന്റെ കൂടി ഫലമായാണ് ധനസമാരണ പ്രക്രിയ വേഗത്തിലായത്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.

Story Highlights :alungal muhammad on 34 crore fund raising to release abdul rahim from saudi jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here