ഹെഡിന് റെക്കോർഡ് സെഞ്ചുറി; ചിന്നസ്വാമിയിൽ സ്വന്തം റെക്കോർഡ് തിരുത്തി ഹൈദരാബാദ്

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് റെക്കോർഡ് സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 287 റൺസ് ആണ് നേടിയത്. ഇതേ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 277 റൺസ് എന്ന സ്കോർ ഇന്നത്തെ കളിയിലൂടെ ഹൈദരാബാദ് മറികടന്നു. ഫ്രാഞ്ചൈസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ആണ് ഇത്. 102 റൺസ് നേടിയ ട്രാവിസ് ഹെഡ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി ലോക്കി ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി. (srh record rcb ipl)
റണ്ണൊഴുകും ചിന്നസ്വാമിയിൽ, വിസ്ഫോടനാത്മക ബാറ്റിംഗ് നിരയുള്ള ഹൈദരാബാദിനെതിരെ നാല് മുൻനിര ബൗളർമാരുമായാണ് ഇറങ്ങിയത് എന്നത് ആർസിബി എന്ന ടീമിൻ്റെ മോശം ഗെയിം പ്ലാനെ സൂചിപ്പിച്ചു. ബാറ്റിംഗ് ഓൾറൗണ്ടർ വിൽ ജാക്ക്സ് ആണ് ബൗളിംഗ് ഓപ്പൺ ചെയ്തത്. ആദ്യ ഒരു ഓവറിൽ നിയന്ത്രിതമായി ബാറ്റ് ചെയ്ത ഹൈദരാബാദ് രണ്ടാം ഓവർ മുതൽ ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങി. ട്രാവിസ് ഹെഡ് ആയിരുന്നു അപകടകാരി. വെറും 20 പന്തിൽ ഹെഡ് ഫിഫ്റ്റി തികച്ചു. 108 റൺസ് നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ അഭിഷേക് ശർമ്മ നേടിയത് 22 പന്തിൽ 24 റൺസ്. താരത്തെ പുറത്താക്കിയ റീസ് ടോപ്ലെ ആണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്.
Read Also: രോഹിത്തിന്റെ വെടിക്കെട്ട് സെഞ്ച്വറിയും രക്ഷിച്ചില്ല ;ചെന്നൈയ്‌ക്കെതിരെ മുംബൈയ്ക്ക് തോല്‍വി
ഹെഡും മൂന്നാം നമ്പറിലെത്തിയ ഹെൻറിച് ക്ലാസനും ചേർന്ന് ആക്രമണം തുടർന്നു. 39 പന്തിൽ താരം സെഞ്ചുറിയിലെത്തി. ഹൈദരാബാദിനായി ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. 57 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ഹെഡ് മടങ്ങി. 41 പന്തിൽ 102 റൺസ് നേടിയ ഹെഡിനെ ലോക്കി ഫെർഗൂസനാണ് വീഴ്ത്തിയത്. നാലാം വിക്കറ്റിൽ എയ്ഡൻ മാർക്രം സാവധാനം ബാറ്റ് ചെയ്തപ്പോൾ ക്ലാസൻ പതിവുപോലെ അനായാസം ബൗണ്ടറികൾ നേടി. 23 പന്തിൽ ഫിഫ്റ്റിയടിച്ച ക്ലാസൻ ഒടുവിൽ ഫെർഗൂസനു മുന്നിൽ വീണു. 31 പന്തിൽ 67 റൺസ് നേടിയ ക്ലാസൻ മൂന്നാം വിക്കറ്റിൽ 66 റൺസിൻ്റെ കൂട്ടുകെട്ടിലും പങ്കാളിയായി. അവസാന ഓവറുകളിൽ മാർക്രം പതറിയെങ്കിലും അബ്ദുൽ സമദ് തുടർ ബൗണ്ടറികളിലൂടെ അനായാസം സ്കോർ ഉയർത്തി. 10 പന്തുകൾ നേരിട്ട സമദ് 37 റൺസ് ആണ് നേടിയത്. സമദും 17 പന്തിൽ 32 റൺസ് നേടിയ എയ്ഡൻ മാർക്രവും നോട്ടൗട്ടാണ്. 19 പന്തിൽ അപരാജിതമായ 56 റൺസും സഖ്യം കൂട്ടിച്ചേർത്തു.
Story Highlights: srh record score rcb ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here