ഒൻപത് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്ക് തിരശീല വീണു; തെന്നിന്ത്യൻ ഹൃദയങ്ങളിലേക്ക് തംബുരുമീട്ടിയ കെ.ജി ജയൻ ഇനി ഓർമ

ഒൻപത് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്ക് തിരശീല വീണു. സംഗീതലോകത്ത് തന്റേതായ രാഗമുദ്ര പതിപ്പിച്ച പത്മശ്രീ കെ.ജി ജയൻ തംബരുമീട്ടിയത് തെന്നിന്ത്യയുടെ ഹൃദയങ്ങളിലായിരുന്നു. സംഗീതം ജീവിതമാക്കിയ കെ.ജി ജയൻ ഒരുക്കിയ ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളും മറക്കാനാകില്ല. ( musician kg jayan profile )
1934ൽ കോട്ടയത്താണ് കെ.ജി ജയന്റെ ജനനം. ഗോപാലൻ തന്ത്രികളുടേയും നാരായണിയമ്മയുടേയും നാല് മക്കളിൽ ഏറ്റവും ഇളയ ഇരട്ട സഹോദരങ്ങളായിരുന്നു കെ.ജി ജയനും, കെ.ജി വിജയനും. വളരെ ചെറുപ്പത്തിൽ തന്നെ കർണാടക സംഗീതം അഭ്യസിച്ച ജയ-വിജയ സഹോദരങ്ങൾ ഒൻപതാം വയസിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റവും നടത്തി. ആലത്തൂർ ബ്രദേഴ്‌സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം ബാലമുരളീകൃഷ്ണ പോലുള്ള കർണാടക സംഗീതത്തിലെ അതികായരുടെ കീഴിൽ പരിശീലനം നേടിയവരാണ് കെ.ജി ജയനും, കെ.ജി വിജയനും. ചെമ്പൈയുടെ കീഴിൽ പരിശീലിക്കവേയാണ് ഇരുവരും ഗാനങ്ങൾ ചിട്ടപ്പെടുത്താനും പാടാനും തുടങ്ങിയത്.
ഇരട്ടസഹോദരനായ വിജയനൊപ്പമായിരുന്നു കെ.ജി ജയനെന്ന അതുല്യ പ്രതിഭയുടെ സംഗീതയാത്ര. 1988 ൽ കെ.ജി വിജയന്റെ അകാല മരണം കെ.ജി ജയനെ ഉലച്ചുവെങ്കിലും ഭക്തിഗാനങ്ങളിലൂടെ ജയൻ ആശ്വാസം കണ്ടെത്തി. ‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ…’, ‘ഹരിഹരസുതനേ…’ ‘ശ്രീശബരീശാ ദീനദയാലാ…’ ‘ദർശനം പുണ്യദർശനം…’ എന്നിങ്ങനെ നിരവധി ഭക്തിഗാനങ്ങൾക്ക് അദ്ദേഹം രൂപം നൽകി. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ശബരിമലനട തുറക്കുമ്പോൾ ഇപ്പോഴും കേൾപ്പിക്കുന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘ശ്രീകോവിൽ നട തുറന്നു…’ എന്ന പാട്ടാണ്.
Read Also: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു
ഭക്തിഗാനരംഗത്ത് മാത്രമല്ല, സിനിമാ രംഗത്തും ഹിറ്റുകൾ സമ്മാനിച്ച വ്യക്തിയാണഅ കെ.ജി ജയൻ. മലയാളത്തിൽ പത്തൊമ്പതും തമിഴിൽ നാലും സിനിമകൾക്ക് ഈണം നൽകിയിട്ടുണ്ട്. ‘ഭൂമിയിലെ മാലാഖ ‘ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യചിത്രം. നക്ഷത്രദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയവ ഇന്നും സംഗീതപ്രേമികളുടെ ഇഷ്ട ഗാനങ്ങളാണ്. എസ് രമേശൻ നായർ എഴുതി ജയൻ ഈണമിട്ട തരംഗിണിയുടെ മയിൽപ്പീലി കാസറ്റിലെ ‘രാധതൻ പ്രേമത്തോടാണോ’, ഒരു പിടി അവിലുമായ്, ചന്ദനചർച്ചിത, തുടങ്ങിയവ ഇന്നും അനശ്വര ഗാനങ്ങളാണ്.
2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കെ ജി ജയന്റെ ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. മക്കൾ ബിജു കെ ജയനും, ചലച്ചിത്രതാരം മനോജ് കെ ജയനും.
Story Highlights : musician kg jayan profile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here