ആകാശത്ത് വർണക്കാഴ്ച ഒരുക്കാൻ പൂര നഗരി; വെടിക്കെട്ട് പുലർച്ചെ മൂന്നിന്

പൂരാവേശം കൊടുമുടി കയറിയ ജനസഞ്ചയത്തെ സാക്ഷി നിർത്തി വർണവിസ്മയങ്ങൾ തീർത്ത് കുടമാറ്റം കഴിഞ്ഞു. ഇനി ആകാശ വിസ്മയക്കാഴ്ച ഒരുക്കുന്ന വെടിക്കെട്ടിനുള്ള മണിക്കൂറുകളാണ്. നാളെ പുലർച്ചെ മൂന്നിനാണ് തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങളുടെ കരിമരുന്ന് പ്രയോഗം. നഗരത്തിനെയാകെ പ്രകമ്പനം കൊള്ളിക്കാൻ കരിമരുന്നു കല. ഇരുകൂട്ടുകാരും സ്പെഷ്യൽ അമിട്ട് ഉൾപ്പെടെ തയാറാക്കി കഴിഞ്ഞു.
കഴിഞ്ഞദിവസം നടന്ന സാംപിൾ വെടിക്കെട്ട് കാണാൻ തന്നെ ക്ഷേത്ര പരിസരത്ത് പൂര പ്രേമികളുടെ നീണ്ട നിര എത്തിയിരുന്നു. ആദ്യം സാംപിൾ വെടിക്കെട്ടിന് പാറമേക്കാവും പിന്നീട് തിരുവമ്പാടിയും വെടിക്കെട്ടിനു തിരികൊളുത്തിയത്. അമിട്ടിൽ തുടങ്ങിയ ആകാശത്തെ വർണക്കാഴ്ച പൂരപ്രേമികളിൽ ആവേശം നിറച്ചിരുന്നു.
അതേസമയം നിറങ്ങളിലും പുതുമയിലും ആറാടി തൃശൂർ പൂരത്തിന്റെ കുടമാറ്റം. അയോധ്യ ശ്രീരാമ ക്ഷേത്രവും ശ്രീരാമനും തുടങ്ങി പുതുമകൾ ഏറെയായിരുന്നു തിരുവമ്പാടി വിഭാഗത്തിന്. കുടമാറ്റം കാണാൻ നിരവധി വിദേശികളാണ് ഇത്തവണയും തൃശ്ശൂരിലെത്തിയത്. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തെ ഏറ്റവും വർണാഭമാക്കുന്ന ചടങ്ങുകൂടെയാണ് കുടമാറ്റം. ഐഎസ്ആർഒയ്ക്ക് ആദരവർപ്പിച്ചു കൊണ്ടായിരുന്നു തിരുവമ്പാടിയുടെ കുടമാറ്റം സമാപിച്ചത്. പാറമേക്കാവ് കുടമാറ്റം അവസാനിച്ചപ്പോഴും സ്പെഷ്യൽ കുടകൾ കാണിച്ച് പൂരപ്രമികളെ ആവേശത്തിലാക്കാൻ തിരുവമ്പാടിക്കായി.
Story Highlights : Thrissur pooram 2024 firework at tomorrow early morning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here