കൊട്ടിക്കലാശത്തിന്റെ ആവേശം അതിരുവിട്ടു; കരുനാഗപ്പള്ളിയില്‍ സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരുക്ക്

കൊല്ലം കരുനാഗപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിനിടയില്‍ എല്‍ ഡി എഫ് – യു ഡി എഫ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. പൊലീസ് മൂന്ന് തവണ കണ്ണീര്‍ വാതകം പ്രയോഗിച്ച ശേഷമാണ് സംഘര്‍ഷത്തില്‍ അയവ് വന്നത്.കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷ് ,സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ പി കെ ബാലചന്ദ്രന്‍ എന്നിവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. (C R Mahesh MLA injured in conflict in Last minute election campaign Kollam)
സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം ബി ഗോപന്‍,എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി യു കണ്ണന്‍, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹാഷിം എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.സംഭവത്തില്‍ ഇരുവിഭാഗവും പരസ്പരം ആരോപണം ഉന്നയിച്ചു. കൊല്ലം പത്തനാപുരത്ത് യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി.ഉച്ചഭാഷിണി നിര്‍ത്തുന്നുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.പോലീസ് ഇടപെട്ട് പ്രവര്‍ത്തരെ പിരിച്ചു വിട്ടു.
കലാശക്കൊട്ടില്‍ ആടിത്തിമിര്‍ത്ത അണികളുടെ ആവശം കൊല്ലം ഉള്‍പ്പെടെ പല ജില്ലകളിലും അതിരുകടക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. മാവേലിക്കരയിലും മലപ്പുറത്തും കല്‍പ്പറ്റയിലും പെരുമ്പാവൂരിലും നേരിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് കുന്നുമ്മലിലും വണ്ടൂരിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ തല്ലുമാല അരങ്ങേറി. നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
Story Highlights : C R Mahesh MLA injured in conflict in Last minute election campaign Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here