Advertisement

ജോലിതേടിയെത്തിയത് 180 ദിവസത്തെ ജയിൽവാസത്തിലേക്ക്; മലേഷ്യൻ യാത്രയിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ

April 25, 2024
2 minutes Read
Hidden pitfalls of Malaysian job travels

(ആടുജീവിതങ്ങൾ, അക്കരെ കുടുങ്ങുന്ന മലയാളി പരമ്പര 05, ഭാ​ഗം 02)

കാറില്‍ നിന്ന് ബാഗും സാധനങ്ങളും ടാക്‌സിക്കാരന്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതല്ല ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലമെന്ന് സംസാരിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. അയാള്‍ പോയി. ഈ സമയമെത്തിയ കുറച്ചുപേര്‍ അവരുടെ കൂടെ പോകണമെന്ന് നിര്‍ബന്ധിച്ചു. മര്‍ദനത്തിനും ഭീഷണിയ്ക്ക് വഴങ്ങി പോകേണ്ടിവന്നു. നല്ല അടിയൊഴുക്കുള്ള പുഴയിലൂടെ ഫൈബര്‍ ബോട്ടിലൂടെയായിരുന്നു യാത്ര. കത്തിയും പങ്കായവുമൊക്കെ കാട്ടിയായിരുന്നു ഭീഷണി. പുഴ കടന്നെത്തിയപ്പോള്‍ ഓടാന്‍ പറഞ്ഞതനുസരിച്ച് ബാഗെല്ലാം തലയില്‍ വച്ച് ഓട്ടം തുടങ്ങി. അവിടെ നിന്ന് കയറിയത് ഒരു പഴയ വീടിന്റെ മുന്‍പിലേക്കാണ്. അതിന്റെ പുറകിലെ മുറിയിലേക്ക് കൊണ്ടുപോയി. ഒന്നര മണിക്കൂറോളം അവിടെ പുറത്തുനിന്ന് പൂട്ടിയിട്ടു. പിന്നെ പറയുന്നത് നിങ്ങള്‍ക്കുള്ള വണ്ടിവരും കോലാലംപൂരിലേക്ക് പൊയ്‌ക്കോണം എന്ന്. കോലാലംപൂരില്‍ നിന്ന് കണക്ടിങ് ഫ്‌ളൈറ്റ് പിടിച്ചാണ് ഇവിടെയെത്തിയതെന്നും വീണ്ടും അങ്ങോട്ട് പോകുന്നതെന്തിനാണെന്നും ഞങ്ങള്‍ തിരിച്ച് ചോദിച്ചു. അതുകേള്‍ക്കാന്‍ കൂട്ടാക്കാതെ കാറില്‍ കയറ്റിയ ഞങ്ങളോട് പിറകില്‍ കുനിഞ്ഞുകിടക്കാന്‍ ആവശ്യപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത സമയമായിരുന്നു അത്. നല്ല സ്പീഡിലായിരുന്നു കാര്‍. എത്തപ്പെട്ടത് വിജനമായ ഒരു ബസ് സ്റ്റാന്റില്‍. മൂന്ന് ടിക്കറ്റും തന്ന് ആ സ്ത്രീ ബസില്‍ കയറി പൊക്കോളാന്‍ പറഞ്ഞിട്ട് അതിവേഗം കാറുമായി കടന്നുകളഞ്ഞു. പിന്നാലെ രണ്ട് പൊലീസുകാരെത്തി. പാസ്‌പോര്‍ട്ട് ചോദിച്ചു. പിന്നാലെ വിലങ്ങ് വച്ച് നേരെ വെള്ള വാനില്‍ കയറ്റി കൊണ്ടുപോയി. അങ്ങനെ ജയിലിലേക്ക്. പലതരം കുറ്റവാളികള്‍ക്ക് നടുവില്‍ ഭാഷ പോലുമറിയാതെ…

Read Also: തൊഴിലന്വേഷകരുടെ ലക്ഷ്യമായി മലേഷ്യ; ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ

ആദ്യത്തെ മൂന്ന് ദിവസം അബോധാവസ്ഥയിലായതുപോലെയായിരുന്നു. പേടിയും. മറ്റ് സെല്ലുകളിലുണ്ടായിരുന്നവരില്‍ ഹിന്ദി അറിയാവുന്നവരോട് ഒരു വിധം സംസാരിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സമാനമായ അവസ്ഥയില്‍ എത്തപ്പെട്ട കുറേപേരുണ്ടായിരുന്നു. 50, 60 ദിവസമെങ്കിലും ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് അവര്‍ പറഞ്ഞത്. ഏജന്റ് വന്ന് ജാമ്യമെടുക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു. പക്ഷേ അതൊന്നും നടന്നില്ല. ഈ സമയം വീട്ടുകാരെ പോലും വിവരം അറിയിക്കാന്‍ കഴിഞ്ഞില്ല. അന്ന് കയറിയ സെല്ല് പിന്നെ തുറക്കുന്നത് പത്ത് ദിവസം കഴിഞ്ഞാണ്. ഹിന്ദി ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്താണ് സംസാരിച്ചത്. പത്താമത്തെ ദിവസമാണ് വീട്ടിലേക്ക് വിളിക്കാന്‍ കഴിഞ്ഞത്. പതിനാലാം ദിവസം കോടതിയിലേക്ക്. അന്നും ഏജന്റ് വന്നില്ല . റിമാന്റ് ചെയ്തു. അങ്ങനെ റിമാന്റ് ജയിലിലേക്ക്’.

നടന്നത് മനുഷ്യക്കടത്ത്

ജയിലില്‍ ഇടുക്കി സ്വദേശിയായ മറ്റൊരു മലയാളിയുമുണ്ടായിരുന്നു. സമാനമായി ഏജന്റിന്റെ തൊഴില്‍ തട്ടിപ്പിനിരയായ ആള്‍. അയാളില്‍ നിന്നാണ് വിസയില്ലാതെ കടത്താന്‍ വേണ്ടി വില്‍ക്കാനുള്ള പരിപാടിയാണ് നടന്നതെന്ന് തിരിച്ചറിയുന്നത്. ഇങ്ങനെ, വിസയില്ലാതെ കടന്നുകൂടുന്നവര്‍ പൊലീസിന്‍രെ കണ്ണുവെട്ടിച്ച് എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണം. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം. വര്‍ഷങ്ങളോളം ജോലി ചെയ്ത് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടയില്‍ ആകും മിക്കവാറും പിടിയിലാകുന്നത്.
വായിച്ചും കേട്ടും മാത്രമറിഞ്ഞ അഭയാര്‍ത്ഥി ക്യാമ്പ് നേരിട്ടുകണ്ടു. ക്യാമ്പില്‍ ഭൂരിഭാഗവും രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍. കൈക്കുഞ്ഞ് മുതല്‍ പ്രായമായവര്‍ വരെ. കൊവിഡിന് മുന്നേ വന്നവര്‍ പോലും ക്യാമ്പിലുണ്ട്. മലേഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയാകുന്നവര്‍ നൂറുകണക്കിന് പേരുണ്ടെന്ന് അവിടെ നിന്ന് മനസിലാക്കി. കൂടുതലും തമിഴരാണ്. പറ്റിക്കപ്പെട്ടാല്‍ തന്നെ ആരും പുറത്തുപറയുന്നുമില്ലെന്ന് സുജിത് പറയുന്നു.

Read Also: മരുഭൂമി മുതല്‍ യുദ്ധഭൂമി വരെ

തൊഴില്‍ തട്ടിപ്പില്‍പ്പെടുന്നവര്‍ ഈ വിവരം പുറത്തുപറയാത്തതാണ് ഇത്തരം ചതിക്കുഴികളെ കണ്ടുപിടിക്കുന്നതിന് വെല്ലുവിളിയാകുന്നതെന്ന് പ്രവാസി പഠനകേന്ദ്രം ഡയറക്ടർ റഫീക് റാവുത്തർ ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചു.
‘സര്‍ക്കാരിന് ഇത്തരം തട്ടിപ്പുകളെ കുറിച്ച് അവബോധമുണ്ടെങ്കിലും നടപടികള്‍ എടുക്കുന്നില്ല. സ്റ്റുഡന്റ്‌സ് മൈഗ്രേഷന്‍ സമീപവര്‍ഷങ്ങളില്‍ വര്‍ധിച്ചതോടെ തൊഴില്‍ തട്ടിപ്പുകളും വര്‍ധിച്ചു. ഓപ്പണ്‍ വിസയുള്ള രാജ്യങ്ങൡലേക്ക് കുട്ടികള്‍ കയറിപ്പോകുമ്പോള്‍ അവര്‍ക്ക് വേണ്ട ബോധവത്ക്കരണം കൂടി നല്‍കണം. നിയമപരമായി വേണ്ട സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. എമിഗ്രേഷന്‍ ചെക്ക് പോയിന്റുകളില്‍ പരിശോധന ശക്തമാക്കണം. കുറ്റക്കാരായ ഏജന്‍സികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും മാധ്യമങ്ങള്‍ കുറേക്കൂടി ശ്രദ്ധ ചെലുത്തണമെന്നും റഫീഖ് റാവുത്തര്‍ ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Story Highlights : Hidden pitfalls of Malaysian job travels

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top