കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം അവതരിപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ

മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം അവതരിപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. മേയർക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു. (ksrtc yadu thiruvananthapuram corporation)
ബസ്സിൽ നിന്ന് യാത്രക്കാർ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. ഇറക്കി വിട്ടതിന് തെളിവുണ്ടോ എന്ന് മേയർ ചോദിച്ചു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടർന്ന് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ മുദ്രാവാക്യം ഉയർത്തി. തലസ്ഥാന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു.
ബിജെപി കൗൺസിലർ അനിലാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. പിന്നാലെ ഭരണകക്ഷി കൗൺസിലർമാരുമായി വാക്കേറ്റമുണ്ടായി.
നഗരസഭയ്ക്ക് മുഴുവൻ അപമാനമാകുന്ന സാഹചര്യമാണ് മേയറിന്റെ ഇടപെടൽ മൂലം ഉണ്ടായതെന്ന് അനിൽ പറഞ്ഞു. ഈ ഭരണസമിതി അധികാരത്തിൽ വന്നതുമുതൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.
കോർപ്പറേഷന് കളങ്കമുണ്ടാക്കിയ മേയർ മാപ്പ് പറയണമെന്നും മേയർ പദവി ദുരുപയോഗം ചെയ്‌തെന്നും ബിജെപി കൗൺസിലർമാർ പറഞ്ഞു. ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ ഇറങ്ങി മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ വോക്കൗട്ട് നടത്തി.
ശരിയായ വസ്തുത എന്ത് എന്ന് അന്വേഷിച്ച് ബിജെപി കൗൺസിലർമാർ എന്തുകൊണ്ട് ഒരു ഫോൺ കോൾ പോലും ചെയ്തില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിഷയമാണ് ഉണ്ടായതെന്ന് ഭരണപക്ഷ കൗൺസിലർ ഡിആർ അനിൽ പറഞ്ഞു.
കെഎസ്ആർടിസി കണ്ടക്ടറുമായുള്ള തർക്കം നിയമപരമായി നേരിടുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. നിയമപരമായ വിഷയമായതു കൊണ്ട് കൂടുതലായി കടക്കാൻ ആഗ്രഹിക്കുന്നില്ല. ഏതു സ്ഥാനത്തിരിക്കുന്നവരാണെങ്കിലും ജനപ്രതിനിധികളും മനുഷ്യരാണ് എന്നും മേയർ പറഞ്ഞു.
ഭാവിയിൽ ഒരു സ്ത്രീക്കും ഇതുണ്ടാകാതിരിക്കാനുള്ളതാണ് പ്രതികരണം. തന്റെ കുടുംബം പ്രതികരിച്ചത് ഈ നാട്ടിൽ ഒരു തെറ്റായ പ്രവണത വരാതിരിക്കാനാണ്. എന്നാൽ പ്രചരിപ്പിച്ചത് തെറ്റായ വാർത്തകൾ. സൈബർ അറ്റാക്ക് നടക്കുന്നു. ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തില്ല. ചില മാധ്യമങ്ങൾ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നു.
Story Highlights: ksrtc driver yadu thiruvananthapuram corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here