അമേഠിയില്‍ കോണ്‍ഗ്രസ് ഇറക്കിയ വിശ്വസ്തന്‍; ആരാണ് കിഷോരിലാല്‍ ശര്‍മ?

ദിവസങ്ങൾ നീണ്ട സസ്പെൻസിന് വിരാമമിട്ട് ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും ഇന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ അമേഠിയിൽ കോൺഗ്രസിന്റെ വിശ്വസ്തൻ കിഷോരിലാല്‍ ശര്‍മയാണ് സ്ഥാനാർത്ഥി.(Who is Kishori Lal Sharma Congress candidate in Amethi)
ആരാണ് കിഷോരി ലാൽ ശർമ്മ?
ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനാണ് ഇത്തവണ സ്മൃതി ഇറാനിക്കെതിരെ പോരാടാനിറങ്ങുന്ന കിഷോരി ലാൽ ശർമ്മ. റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ പ്രതിനിധിയും ശർമയായിരുന്നു. ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റായ്ബറേലിയിലെയും അമേഠിയിലെയും പ്രധാന വ്യക്തിയാണ് കിഷോരി ലാൽ ശർമ്മ.
പഞ്ചാബ് സ്വദേശിയായ കെഎൽ ശർമ എന്ന കിഷോരി ലാൽ ശർമ 1983ലാണ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി അമേഠിയിൽ എത്തുന്നത്. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ അന്തരിച്ച രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ശർമ. രാജീവ് ഗാന്ധിക്ക് ശേഷവും അമേഠിയിൽ തുടർന്ന അദ്ദേഹം പിന്നീടിങ്ങോട്ട് മുഴുനീള കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1991ൽ രാജീവ് ഗാന്ധിയുടെ മരണശേഷം അമേഠിയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കിഷോരിലാൽ പ്രവർത്തിച്ചു. 1999ലെ സോണിയാ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിൽ കിഷോരി ലാൽ ശർമ്മ നിർണായക പങ്ക് വഹിച്ചു. അമേഠിയിൽ വിജയിച്ചാണ് സോണിയഗാന്ധി ആദ്യമായി പാർലമെൻ്റിലെത്തിയത്. സോണിയാ ഗാന്ധി അമേഠി സീറ്റ് ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് മാറിയതിന് ശേഷം ശർമയും ഒപ്പം മാറി.
2004ൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അമേഠിയിലും റായ്ബറേലിയിലും പാർട്ടിയുമായി ബന്ധപ്പെട്ട ചുമതലകൾക്ക് കെ എൽ ശർമ ചുക്കാൻ പിടിച്ചു. ബിഹാറിലും പഞ്ചാബിലും കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ശർമ പ്രവർത്തിച്ചിട്ടുണ്ട്.
Read Also: സസ്പെൻസ് തീർന്നു; റായ്ബറേലിയിൽ രാഹുൽ ഗാന്ധി കോൺഗ്രസ് സ്ഥാനാർത്ഥി
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റത് വരെ ഗാന്ധി കുടുംബത്തിൻ്റെ കോട്ടയായിരുന്നു അമേഠി. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക.
Story Highlights : Who is Kishori Lal Sharma Congress candidate in Amethi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here