Advertisement

അമ്മ തള്ളിപ്പറഞ്ഞു; സംശയം ബാക്കിയെന്ന് പൊലീസ്; രോഹിത് വെമുല കേസിൽ വാക്കുമറന്ന് കോൺഗ്രസ് സർക്കാരും

May 4, 2024
2 minutes Read
rohit vemula

രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് തെലങ്കാന പൊലീസിൻ്റെ തീരുമാനം. കേസിൽ അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസം പിന്നിട്ടതിന് ശേഷമാണ് പുനരന്വേഷണത്തിന് തീരുമാനമെടുത്തത്. രോഹിത് വെമുല ദളിതനായിരുന്നില്ലെന്നും ജാതി സർട്ടിഫിക്കറ്റ് കുടുംബം വ്യാജമായി ഉണ്ടാക്കിയതാണെന്നുമുള്ള പൊലീസ് റിപ്പോർട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ് മേധാവി കേസ് വീണ്ടും അന്വേഷിക്കുമെന്ന് അറിയിച്ചത്. കേസിൽ ചില സംശയങ്ങൾ ബാക്കിയുണ്ടെന്നും അതിനാൽ കേസ് വീണ്ടും അന്വേഷിക്കുമെന്നും തെലങ്കാന സംസ്ഥാന പൊലീസ് മേധാവി രവി ഗുപ്‌ത വ്യക്തമാക്കി. അതിനിടെ രോഹിത് വെമുലയുടെ പേരിൽ പുതിയ നിയമം കൊണ്ടുവരുമെന്ന് വാക്കുപറഞ്ഞ് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരും സംഭവത്തിൽ പ്രതിരോധത്തിലാണ്.

തൻ്റെ യഥാർത്ഥ ജാതി പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഭയന്നാണ് രോഹിത് വെമുല ജീവനൊടുക്കിയതെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കേസിൽ എല്ലാ പ്രതികൾക്കും പൊലീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നു. കേസിൽ 2018 ലാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചത് 2024 മാർച്ച് 21 ന് മാത്രമായിരുന്നുവെന്നും ഡിജിപി പറയുന്നു. എന്നാൽ പൊലീസിനെതിരെ വിമർശനവുമായി രോഹിതിൻ്റെ അമ്മ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും കേസ് അന്വേഷിക്കുന്നതെന്നും പുനരന്വേഷണത്തിനായി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

2016 ലാണ് രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റവും ദളിത് പീഡന നിരോധന നിയമവും അടിസ്ഥാനമാക്കി കേസെടുത്തത്. സംഭവത്തിൽ അന്നത്തെ സെക്കന്തരാബാദ് എംപി ബന്ദാരു ദത്താത്രേയ, എംഎൽസിയായിരുന്ന എൻ രാമചന്ദെർ റാവു, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർ പ്രതികളായിരുന്നു – എല്ലാവരും ബിജെപി നേതാക്കൾ. ഇവർക്കൊപ്പം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ അന്നത്തെ വിസി പി അപ്പ റാവുവിനെയും പ്രതി ചേർത്തിരുന്നു. ഇവർക്കെല്ലാവർക്കും ആശ്വാസമാകുന്നതാണ് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്.

Read Also: ഭാരത് ജോഡോ യാത്രയില്‍ ഭാഗമായി രോഹിത് വെമുലയുടെ മാതാവ്

രോഹിത് വെമുലയെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ പീഡിപ്പിച്ചിരുന്നോയെന്ന് അന്വേഷിക്കേണ്ട തെലങ്കാന പൊലീസ്, ഇത് ചെയ്യാതെ തങ്ങളുടെ ജാതി അന്വേഷിക്കുകയാണ് ചെയ്തെന്ന് രോഹിതിൻ്റെ സഹോദരൻ രാജ് വെമുല വിമർശിച്ചു. തങ്ങളെ മുൻപ് പിന്തുണച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും രാഹുൽ ഗാന്ധിയെയും സമീപിക്കുമെന്നും രാജ് വെമുല വ്യക്തമാക്കിയിരുന്നു. അതേസമയം താനും മുക്കളും എസ്‌സി വിഭാഗക്കാരാണെന്ന് രോഹിതിൻ്റെ അമ്മ രാധിക വെമുല പറയുന്നു. ഞങ്ങൾ എസ്‌സസി മാലാ വിഭാഗക്കാരാണ്. ഞാൻ ഒബിസി കുടുംബത്തിലാണ് വളർന്നത്. ഞങ്ങൾ എസ്‌സി വിഭാഗക്കാരാണ് എന്നതിൽ യാതൊരു തർക്കവുമില്ലെന്നും പൊലീസിൻ്റെ റിപ്പോർട്ടിനെ നിയമപരമായി നേരിടുമെന്നും രാധിക വെമുല പറഞ്ഞു.

പൊലീസ് അന്വേഷണ റിപ്പോർട്ടിൽ അതിയായ സന്തോഷമുണ്ടെന്നായിരുന്നു കേസിലെ ഒരു പ്രതി അപ്പ റാവു പ്രതികരിച്ചത്. വളരെ മനോവിഷമം അനുഭവിച്ച കാലമാണ് കടന്നുപോയത്. എന്നാൽ അതിലൊന്നും പ്രയാസമില്ല. വിസി കാലാവധി 2021 ജൂണിൽ തീർന്നു. അന്ന് മുതൽ താൻ ലൈഫ് സയൻസ് വകുപ്പിൽ അധ്യാപകനാണ്. പൊലീസ് റിപ്പോർട്ടിന് മേലെ എന്തെങ്കിലും അഭിപ്രായം പറയാൻ താനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രോഹിത് വെമുലയുടെ മരണം കോൺഗ്രസ് രാഷ്ട്രീയ വിഷയമാക്കിയെന്ന് രാമചന്ദെർ റാവു വിമർശിച്ചു. തങ്ങളുടെ പേര് കേസിലേക്ക് വലിച്ചിഴക്കാൻ മാത്രം എന്താണ് സംഭവിച്ചത്? രോഹിതിൻ്റെ മരണത്തെ രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും സകല അർബൻ നക്സലുകളും ചൂഷണം ചെയ്തു. ഇവരെല്ലാവരും രോഹിതിൻ്റെ കുടുംബത്തോട് മാപ്പ് പറയാൻ തയ്യാറാകണം. രോഹിതിൻ്റെ മരണം ദൗർഭാഗ്യകരമെന്നും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രോഹിത് വെമുലയുടെ ആത്മഹത്യയിൽ ആർക്കും പങ്കില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. രോഹിതിൻ്റെ പക്കലുണ്ടായിരുന്ന ജാതി സർട്ടിഫിക്കറ്റ് വ്യാജമാണ്. ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ രോഹിതിനെ അമ്മ രാധിക സഹായിച്ചിരുന്നു. യഥാർത്ഥ ജാതി സർട്ടിഫിക്കറ്റ് പുറത്തേക്ക് വരുന്നത് തന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ നഷ്ടപ്പെടാൻ കാരണമാകുമെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷണ റിപ്പോർട്ടിലെ നിഗമനമാണ്.

Read Also: ‘ഈ ലോകത്ത് ജനിച്ചതാണ് ഞാൻ ചെയ്ത കുറ്റം’; രോഹിത് വെമുലയുടെ ഓർമകൾക്ക് ഇന്ന് ആറ് വയസ്

2016 ജനുവരി 17 നാണ് രോഹിത് വെമുലയെ സർവകലാശാല ക്യാംപസിലെ ഒരു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എബിവിപിയുമായി ക്യാംപസിൽ നടന്ന സംഘർഷത്തിന് പിന്നാലെ രോഹിത് വെമുലയെ ഹോസ്റ്റൽ മുറിയിൽ നിന്ന് പുറത്താക്കിയിരുന്നു. സംഭവത്തിൽ രോഹിത് വെമുലയക്ക് എതിരെ നടപടിയെടുക്കാൻ വിസി അപ്പ റാവുവിന് മേലെ എം.പിയായിരുന്ന ബന്ദാരു ദത്താത്രേയ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് ആരോപണം ഉയർന്നത്. ഈ കേസിൽ എംഎൽസി രാമചന്ദർ റാവുവും സ്മൃതി ഇറാനിയും ഇടപെട്ടിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് താൻ പീഡിപ്പിക്കപ്പെടുന്നതായി ആരോപിച്ച് രോഹിത് വെമുല വിസിക്ക് കത്ത് നൽകിയിരുന്നു.

രോഹിതിൻ്റെ മരണം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരുന്നു. വിദ്യാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സംഭവം ദളിത് വിദ്യാർത്ഥികൾ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രതിസന്ധികളെ ഉയർത്തിക്കാട്ടുന്ന നിലയിൽ വിലയിരുത്തപ്പെട്ടു. എൻ്റെ ജനനം തന്നെ വലിയ അപകടമായിരുന്നു എന്ന രോഹിതിൻ്റെ ആത്മഹത്യാക്കുറിപ്പ് അന്താരാഷ്ട്ര സമൂഹമടക്കം ചർച്ച ചെയ്തിരുന്നു. 2023 ൽ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ രോഹിത് വെമുലയുടെ പേരിൽ ദളിത്-പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികളുടെ സംരക്ഷണത്തിനും അവർക്ക് അഭിമാനത്തോടെ പഠിക്കാൻ സാഹചര്യം ഒരുക്കുന്നതിനുമായി രോഹിത് വെമുലയുടെ പേരിൽ നിയമം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിലെത്തി മാസങ്ങൾ കഴിഞ്ഞാണ് രോഹിത് വെമുലയുടെ കേസിൽ പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. സംഭവത്തിൽ സർക്കാർ യാതൊരു ഇടപെടലും നടത്തിയില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്.

Story Highlights : Telangana police to re-investigate Rohit Vemula death case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top