Advertisement

കൗമാരത്തിൽ ലഭിച്ച ദൈവവിളിയിൽ നിന്ന് ആത്മീയ ആചാര്യനിലേക്ക്; കെ.പി യോഹന്നാൻ എന്ന അത്ഭുതം

May 10, 2024
2 minutes Read

കെ പി യോഹന്നാനിൻ്റെ ആത്മീയയാത്ര പരിസമാപ്തിയിലെത്തിയിരിക്കുന്നു. എൺപതുകളിൽ റേഡിയോയിലൂടെ തുടങ്ങി മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തി ലളിതമായ ഭാഷയിൽ സുവിശേഷ പ്രഘോഷണം നടത്തി ജനത്തിന് പ്രിയങ്കരനായ വ്യക്തിയായിരുന്നു കെപി യോഹന്നാൻ. ബിലീവേഴ്സ് ഈസ്റ്റേൺ എന്ന സ്വന്തം സഭയുണ്ടാക്കി അതിൻ്റെ പരമാധ്യക്ഷനായി. മറ്റ് സഭാ രീതികളിൽ നിന്ന് വ്യത്യസ്തമായി ബിലീവേഴ്സ് ചർച്ചെന്ന പേരിൽ എപ്പിസ്കോപ്പൽ സഭയ്ക്ക് രൂപം നൽകി സ്വയം മെത്രാപ്പൊലീത്തയായി അവരോധിക്കപ്പെട്ട അദ്ദേഹത്തിന് വിശ്വാസി ഹൃദയങ്ങളിൽ തന്നെ ആഴത്തിൽ സ്ഥാനമുണ്ടായിരുന്നു.

കുട്ടനാട്ടിലെ വിശ്വാസിയായ ഒരു ചെറുപ്പക്കാരൻ ലോകമറിയുന്ന ഒരു ക്രൈസ്തവ സഭ സ്ഥാപിച്ച് വിശ്വാസികളിലേക്കും വേദനിക്കുന്നവരിലേക്കും ആശ്വാസത്തിൻ്റെ തിരിനാളമായി പ്രകാശമേകി. ഒടുവിൽ അന്ത്യവിശ്രമത്തിനായി മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ജന്മനാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ബിലീവേഴ്സ് ചർച്ച് എന്ന വലിയ സഭയുടെയും ആതുര രംഗത്തടക്കം അവർ ചെലുത്തിയ സ്വാധീനം മലയാളിക്ക് ഒരിക്കലും മറക്കാനാവുന്നതല്ല.

അപ്പർ കുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരിൽ എന്ന സാധാരണ കർഷക കുടുംബത്തിലായിരുന്നു 73 വർഷങ്ങൾക്ക് മുൻപ് കെ പി യോഹന്നാന്‍റെ ജനനം. മർത്തോമ സഭാ വിശ്വാസികളായിരുന്ന ചാക്കോ പുന്നൂസിൻ്റെയും ആച്ചിയമ്മയുടെയും ആറ് മക്കളിൽ ഇളയവനായിരുന്നു യോഹന്നനാൻ. കൗമാര കാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിൽ ആകൃഷ്ടനായ അദ്ദേഹം തൻ്റെ 16-ാം വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായാണ് വിശ്വാസത്തിൻ്റെ പാതയിലേക്ക് കടക്കുന്നത്. കേരളത്തിൽ തുടങ്ങി രാജ്യത്തിൻ്റെ പലയിടത്തും സാമൂഹിക സേവനം നടത്തിയ അദേഹം സാധുജന പരിപാലനത്തിലൂടെ ജീവിതത്തിന്റെ നാനാമുഖങ്ങളും ചെറുപ്രായത്തിൽ തന്നെ തൊട്ടറിഞ്ഞു.

സുവിശേഷത്തിൻ്റെ പാതയിൽ ബൈബിൾ കുറേക്കൂടി അടുത്തറിയുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം തൻ്റെ ഉപരിപഠനത്തെ കുറിച്ച് ചിന്തിച്ചത്. 1974 ൽ 24ാം വയസിൽ കെപി യോഹന്നാൻ കടൽ കടന്ന് അമേരിക്കയിലെത്തി. ഇവിടെ പാസ്റ്ററായാണ് വൈദിക ജീവിതം തുടങ്ങിയത്. അക്കാലത്ത് ഇതേ മേഖലയിൽ പ്രവർത്തിക്കുകയായിരുന്ന ജർമ്മൻ പൗരയായ ഗിസല്ലയെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു.

ജീവിത പങ്കാളിയായ ഗിസല്ലയുടെ വരവോടെയാണ് കെപി യോഹന്നാൻ്റെ ആത്മീയ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് കടന്നത്. 1983ൽ തിരുവല്ല ആസ്ഥാനമായി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ ജനവിശ്വാസമാർജ്ജിച്ച് പ്രവർത്തനം വ്യാപിക്കുകയായിരുന്നു. 1986 ൽ ആത്മീയ യാത്രയെന്ന റേഡിയോ വഴിയുള്ള സുവിശേഷ പ്രഭാഷണം തുടങ്ങിയതിലൂടെ വിശ്വാസികൾക്കിടയിൽ കെപി യോഹന്നാൻ സുപരിതനായി മാറുകയായിരുന്നു. പതിഞ്ഞ ശബ്ദത്തിലും താളത്തിലുമുള്ള അദ്ദേഹത്തിന്റെ സംസാര രീതിയും നുറുങ്ങുകഥകളും ചേർത്തുള്ള പ്രഭാഷണം സങ്കടക്കടലിലകപ്പെട്ട മനുഷ്യരെ തൊട്ടുതലോടി. ആത്മീയ യാത്ര, മഞ്ഞാടി പിഒ, തിരുവല്ല എന്ന വിലാസം അന്ന് മുതലേ വിശ്വാസി സമൂഹത്തിന് സുപരിചിതമായിരുന്നു. കടുത്ത ബൈബിൾ പ്രസംഗമായിരുന്നില്ല അദ്ദേഹം നടത്തിയിരുന്നത്. അപ്പച്ചാ… അമ്മച്ചി… എന്ന് അഭിസംഭോധന ചെയ്ത് കേൾവിക്കാർക്ക് ഏറെ സുപരിചിതനായ വ്യക്തിയെപ്പോലെ സംസാരിച്ച് വിശ്വാസികളുമായി വൈകാരിക ബന്ധം സ്ഥാപിച്ചായിരുന്നു സുവിശേഷ പ്രഘോഷണം നടത്തിയിരുന്നത്.

താൻ തിരഞ്ഞെടുത്ത ജീവിത പാതയിൽ മറ്റൊരു മലയാളിക്കും സാധ്യമായിട്ടില്ലാത്ത, അദ്ഭുത സമാനമായ ജീവിതം പകർത്തിവെച്ചാണ് മാർ അത്തനേഷ്യസ് യോഹാൻ എന്ന കെപി യോഹന്നാൻ മെത്രാപ്പൊലീത്ത നിത്യശാന്തതയിലേക്ക് കയറിപ്പോയത്. ഡാലസിലെ സിൽവർസിൻ്റിൽ പ്രഭാത സവാരിക്കിടെയാണ് വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റത്. ആന്തരീകവയവങ്ങളിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാൻ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുവിശേഷ പ്രസംഗം കേൾക്കാൻ മാത്രമായി സഭാവിശ്വാസികളല്ലാത്തവർ പോലും ആത്മീയ യാത്രക്ക് ചെവികൂർപ്പിച്ചിരുന്ന കാലമായിരുന്നു അത്. ആ ആത്മീയ യാത്രയാണ് ഇന്ന് കാണുന്ന ബിലീവേഴ്‌സ് ചർച്ച് എന്ന വലിയ സഭയായി രൂപാന്തരം പ്രാപിച്ചത്. അത് ടെലിവിഷനിലേക്കും ഇൻ്റർനെറ്റ് റേഡിയോയിലേക്കും ഇൻ്റർനെറ്റ് ചാനലിലേക്കും അടക്കം പല രൂപം പ്രാപിച്ചു. എന്നുമാത്രമല്ല, മലയാളത്തിന് പുറത്തേക്ക് വളർന്ന ആത്മീയ യാത്ര ഇന്ന് 110 ഭാഷകളിൽ ലഭ്യമാണ്. മുന്നൂറിലേറെ പുസ്തകങ്ങൾ രചിച്ച് തന്റെ ആത്മീയ ജീവിതത്തിൻ്റെ വെളിച്ചം തലമുറകളിലേക്ക് പകർന്ന് മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത വിടവാങ്ങുമ്പോൾ അത് കേരളത്തിനും വിശ്വാസി സമൂഹത്തിനും നികത്താനാവാത്ത വിടവായി എക്കാലവും നിൽക്കും.

Story Highlights : From a teenager to spiritual leader, the miracle journey of KP Yohannan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top