പാകിസ്താന് വേണ്ടി ചാരവൃത്തി; ഗുജറാത്ത് സ്വദേശി പിടിയില്‍

പാകിസ്താനിലെ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി ചാരപ്പണി ചെയ്ത ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ഗുജറാത്തിലെ ബറൂച്ചില്‍ നിന്നാണ് ഗുജറാത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) ഇയാളെ അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു വേണ്ടി പ്രവര്‍ത്തിച്ച പ്രവീണ്‍ മിശ്രയെന്നയാളാണ് പിടിയിലായത്.
ഡിആര്‍ഡിഒയുമായി ബന്ധമുള്ള ഹൈദരാബാദിലെ ഒരു കമ്പനിയിലാണ് പ്രവീണ്‍ മിശ്ര ജോലി ചെയ്യുന്നത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചുവെന്ന് സിഐഡിയുടെ എഡിജിപി രാജ്കുമാര്‍ പാണ്ഡ്യന്‍ അറിയിച്ചു.
ഉധംപൂരിലെ മിലിട്ടറി ഇന്റലിജന്‍സ് നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സായുധസേനയെയും പ്രതിരോധ വകുപ്പുമായും ബന്ധപ്പെട്ട ഗവേഷണ-വികസന സ്ഥാപനങ്ങളെ കുറിച്ചുമുള്ള രഹസ്യങ്ങള്‍ പ്രവീണ്‍ മിശ്ര ശേഖരിച്ചിരുന്നതായി സിഐഡി കണ്ടെത്തി.
പാകിസ്താൻ രഹസ്യാന്വേഷണ ഏജന്‍സിയുമായി ചേര്‍ന്ന് പ്രതി ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തില്‍ ലഭിച്ചു. വാട്സ്‌ആപ്പ് കോളുകള്‍, ഓഡിയോ ചാറ്റുകള്‍ എന്നിവയുടെ തെളിവുകളും ലഭിച്ചു.
Story Highlights : Gujrat man aressted worked for pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here