Advertisement

മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും, പാടിക്കൊണ്ടേയിരിക്കും; സന്നിധാനന്ദന് പിന്തുണയുമായി ബി.കെ ഹരിനാരായണന്‍

May 13, 2024
3 minutes Read
BK Harinarayanan supports Sannidhanandan

അധിക്ഷേപ പരാമര്‍ശം നേരിട്ട ഗായകന്‍ സന്നിദാന്ദന് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ബി കെ ഹരിനാരായണന്‍. ശബ്ദവും നാവുമില്ലാത്ത കാലത്ത് തുടങ്ങിയതാണ് സന്നിദാനന്ദന് പാട്ടിനോടുള്ള കമ്പം. നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ കളിയാക്കലുകള്‍ ധാരാളം കേട്ടു. അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് ഈ കലാകാരന്റെ ബലമെന്നും മുടിയഴിച്ചിട്ട് തന്നെ ഇനിയും പാട്ടുകള്‍ പാടുമെന്നും ഹരിനാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.(BK Harinarayanan supports Sannidhanandan)

ഹരിനാരായണന്റെ വാക്കുകള്‍;

‘1994 ആണ് കാലം.
പൂരപ്പറമ്പില്‍, ജനറേറ്ററില്‍, ഡീസലു തീര്‍ന്നാല്‍, വെള്ളം തീര്‍ന്നാല്‍ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥന്‍ കാവല്‍ നിര്‍ത്തിയിരിക്കുന്ന പയ്യന്‍. ടൂബ് ലൈറ്റുകള്‍ കെട്ടാന്‍ സഹായിച്ച് രാത്രി മുഴുവന്‍ കാവല്‍ നിന്നാല്‍ അവന് 25 ഏറിയാല്‍ 50 രൂപ കിട്ടും. വേണമെങ്കില്‍ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്ദത്തിന്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്? അപ്പുറത്തെ സ്റ്റേജില്‍ ഗാനമേളയാണ് നടക്കുന്നതെങ്കില്‍ പിന്നെ പറയുകയേ വേണ്ട. അവന്‍ കണ്ണ് മിഴിച്ച് കാതും കൂര്‍പ്പിച്ച് തന്നെ ഇരിക്കും. പിന്നെ സ്റ്റേജിന്റെ പിന്നില്‍ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ? ചെലോര് കളിയാക്കും ചിരിക്കും ചെലോര്
‘ പോയേരാ അവിടന്ന് ‘ എന്ന് ആട്ടിപ്പായിക്കും. അതവന് ശീലാമാണ്. എന്നാലും അടുത്ത പൂരപ്പറമ്പിലും ഗാനമേള കണ്ടാല്‍ അവരുടെ അടുത്ത് ചെന്ന് അവന്‍ അവസരം ചോദിച്ചിരിക്കും.

നാവില്ലാത്ത ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം. അന്ന് തന്നെ കേള്‍ക്കാന്‍ തുടങ്ങിയതാണ് നിറത്തിന്റെ രൂപത്തിന്റെ പേരിലുള്ള കളിയാക്കലും. ഒരു ദിവസം ഏതോ സ്‌കൂള്‍ ഗ്രൗണ്ടില്‍ വലിയൊരു ഗാനമേള നടക്കുകയാണ്. ജനറേറ്ററിനടുത്ത് കുറച്ച് നേരം പാട്ട് കേട്ടിരുന്ന് അവന്‍ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു. ‘ചേട്ടാ ഇയ്‌ക്കൊരു പാട്ട് പാടാന്‍ ചാന്‍സ് തര്വോ?
അയാളവന്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും മെലിഞ്ഞ രൂപത്തിലേക്കും മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി ‘വാ .പാട്’.. ആ ഉത്തരം അവന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. അതിന്റെ ആവേശത്തില്‍ നേരെ ചെന്ന് ജീവിതത്തില്‍ ആദ്യമായി മൈക്ക് എടുത്ത് ചെക്കനങ്ങട്ട് പൊരിച്ചു.

‘ ഇരുമുടി താങ്കീ… ‘

Read Also: ‘ഇത്രയും വിഷമമാകുമെന്ന് കരുതിയില്ല’; സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരി

മൊത്തത്തില്‍ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി. ആള്‍ക്കാര് കൂടി കയ്യടിയായി. പാട്ടിന്റെ ആ ഇരു ‘മുടി ‘ ‘യും കൊണ്ടാണ് അവന്‍ ജീവിതത്തില്‍ നടക്കാന്‍ തുടങ്ങിയത്. കാല്‍ച്ചുവട്ടിലെ കനലാണ്
അവന്റെ കുരല്, ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം. അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം. മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും. ഒപ്പം…’

Story Highlights : BK Harinarayanan supports Sannidhanandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top