Advertisement

‘വിധി തൃപ്തികരം’; വിഷ്ണുപ്രിയ കേസില്‍ കോടതി വിധി സ്വാഗതം ചെയ്ത് കുടുംബവും പ്രോസിക്യൂഷനും

May 13, 2024
1 minute Read
Vishnupriya's family welcomed court verdict

പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകത്തില്‍ പ്രതി ശ്യാംജിത്തിന്റെ ശിക്ഷാവിധിയെ സ്വാഗതം ചെയ്ത് മരിച്ച പെണ്‍കുട്ടിയുടെ കുടുംബവും പ്രോസിക്യൂഷനും. കോടതി വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്ന് വിഷ്ണുപ്രിയയുടെ സഹോദരി വിപിനയും പറഞ്ഞു.

തലശേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലക്കുറ്റം, അതിക്രമിച്ച് കന്ന് ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. കൊലക്കുറ്റത്തിന് ജീവപര്യന്തവും അതിക്രമിച്ച് കടന്ന് ആക്രമിച്ചതിന് 10 വര്‍ഷം തടവുമാണ് ശിക്ഷ. കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി.

പാനൂര്‍ വള്ള്യായി സ്വദേശിനിയായ 23-കാരി വിഷ്ണുപ്രിയ 2022 ഒക്ടോബര്‍ 22നാണ് കൊല്ലപ്പെട്ടത്. പ്രണയപ്പകയെ തുടര്‍ന്ന് വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് മാത്രമാണ് കേസിലെ പ്രതി. ശ്യാംജിത്തും വിഷ്ണുപ്രിയയും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇരുവരുടെയും പ്രണയം തകര്‍ന്നതോടെ പക. വിഷ്ണുപ്രിയ മറ്റൊരാളുമായി പ്രണയത്തിലായ സംശയം പക വര്‍ദ്ധിപ്പിച്ചു. കൊലയ്ക്കായി പ്രതി വിപുലമായ ആസൂത്രണം നടത്തി. നേരിട്ടും ഓണ്‍ലൈന്‍ വഴിയും ആയുധങ്ങള്‍ സംഘടിപ്പിച്ചു. വിഷ്ണുപ്രിയയുടെ വീട്ടില്‍ പട്ടാപ്പകല്‍ അതിക്രമിച്ച് കയറിയ പ്രതി ചുറ്റികകൊണ്ട് തലക്കെടിച്ചു വീഴ്ത്തി. കഴുത്തുറത്ത് കൊലപ്പെടുത്തി.

Read Also: കരമന അഖിൽ വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ; ഗൂഢാലോചനയിൽ പങ്കെടുത്തവരും കസ്റ്റഡിയിൽ

യുവതി അക്രമത്തിനിരയായ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു. കൊല നടത്താനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ കണ്ട വിഷ്ണുപ്രിയയുടെ ആണ്‍ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. കൊല നടന്ന ദിവസം പ്രതി തന്നെ അറസ്റ്റിലുമായി. എല്ലാം ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ശ്യാംജിത്ത് തന്നെ. 49 പ്രോസിക്യൂഷന്‍ സാക്ഷികള്‍, 40 തൊണ്ടിമുതലുകള്‍, 102 രേഖകള്‍ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമായി.

വിഷ്ണുപ്രിയുടെ ശരീരത്തിലെ 29 മുറിവുകളില്‍ 10 എണ്ണം കൊലക്കുശേഷമുണ്ടായവയാണ്. കഴുത്ത് 75% മുറിഞ്ഞ് തൂങ്ങി. കൃത്യത്തിന്റെ ക്രൂരത വെളിവാക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചുറ്റിക, ഉളി, ഇരുതല മൂര്‍ച്ചയുള്ള കത്തി, ഇലക്ട്രിക് കട്ടര്‍, തുടങ്ങി പ്രതി ഉപയോഗിച്ച ആയുധങ്ങളെല്ലാം വീണ്ടെടുക്കാനായി. ശാസ്ത്രീയ തെളിവുകളും പ്രധാനമായി.

Story Highlights : Vishnupriya’s family welcomed court verdict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top