വിദേശത്തെ പരിപാടികൾ ഒഴിവാക്കി മുഖ്യമന്ത്രി നേരത്തെ നാട്ടിൽ തിരിച്ചെത്തി; മന്ത്രി റിയാസ് തിരിച്ചെത്തിയിട്ടില്ല

വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. നിശ്ചയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയിരിക്കുന്നത്. ഇന്ന് ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷമേ മടങ്ങൂ എന്നാണ് മുൻപ് അറിയിച്ചിരുന്നതെങ്കിലും പരിപാടിൽ ഒഴിവാക്കി മുഖ്യമന്ത്രി നേരത്തെ തിരിച്ചെത്തുകയായിരുന്നു. (CM Pinarayi vijayan returned to Kerala after Foreign trip)
സാധാരണഗതിയിൽ മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ ഡിജിപി ഉൾപ്പെടെയുള്ളവരെത്തി സ്വീകരിക്കുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ വളരെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി തീരുമാനങ്ങൾ മാറ്റി തിരിച്ചെത്തിയതിനാൽ മതിയായ സ്വീകരണങ്ങൾ ഒരുക്കാൻ സാധിക്കാതെ വരികയായിരുന്നു. മുഖ്യമന്ത്രിയ്ക്കൊപ്പം വിദേശത്തേക്ക് പോയ മന്ത്രി മുഹമ്മദ് റിയാസ് മടങ്ങിയെത്തിയിട്ടില്ല. ദുബായിൽ ഇന്ന് നടക്കുന്ന പരിപാടികളിൽ കൂടി പങ്കെടുത്ത ശേഷമാകും മന്ത്രി റിയാസിന്റെ മടക്കമെന്നാണ് റിപ്പോർട്ടുകൾ.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോലും പങ്കെടുക്കാതെ മുഖ്യമന്ത്രി കുടുംബസമേതം വിദേശത്തേക്ക് പോയതിനെച്ചൊല്ലി പ്രതിപക്ഷ പാർട്ടികൾ നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്ര അനവസരത്തിലാണോ എന്ന സംശയം എൽഡിഎഫിനകത്തുനിന്ന് തന്നെ ഉയർന്നിരുന്നു. മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് മുൻപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് സിംഗപ്പൂർ യാത്ര ഒഴിവാക്കി മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു.
Story Highlights : CM Pinarayi vijayan returned to Kerala after Foreign trip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here