Advertisement

അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞു : രമേശ് ചെന്നിത്തല

May 19, 2024
3 minutes Read
The Kerala Model Health Department is flawed says ramesh chennithala

സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ കടുത്ത വിമർശനവുമായി രമേശ് ചെന്നിത്തല. അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞുവെന്ന് ചെന്നതല ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്കും അവരുടെ ഉറ്റവർക്കും വിശ്വാസം നഷ്ടമായെന്നും മെഡിക്കൽ കോളെജുകളിലടക്കം ഗുരുതരമായ ചികിത്സാ പിഴവുകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ( The Kerala Model Health Department is flawed says ramesh chennithala )

കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവുകൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ചെന്നിത്തലയുടെ വാർത്താ കുറിപ്പ്. ‘രോഗത്തിനു ചികിത്സ തേടിയെത്തുന്നവർ ഏതു വിധത്തിലാണ് മടങ്ങിപ്പോവുക എന്ന് ഒരു ഉറപ്പുമില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. വയറ്റിൽ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക വച്ച് തുന്നിക്കെട്ടിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. അതേക്കുറിച്ചുള്ള കേസും പരാതിയും ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ മറ്റൊരു യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡനത്തിന് ഇരയാക്കിയെന്ന പരാതി ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കുന്നതിനു പകരം അയാൾക്കു രാഷ്ട്രീയ സംരക്ഷണം നല്കുകയാണ് ആരോഗ്യ വകുപ്പ് ചെയ്തത്. ഇയാൾക്കെതിരേ മൊഴി നൽകിയ ഒരു സീനിയർ നഴ്‌സിംഗ് ഉദ്യോഗസ്ഥയെ അന്യായമായി സ്ഥലം മാറ്റി. അതിനെതിരേ അവർ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയിട്ടും തിരികെ നിയമനം നല്കിയില്ല. വീണ്ടും കോടതിയലക്ഷ്യത്തിനു കേസ് നൽകിയപ്പോഴാണ് പുനർ നിയമനം നൽകിയത്. ധിക്കാരപരമായി പ്രവർത്തിക്കുന്ന സിപിഎം അനുകൂല സർവീസ് സംഘടനാ പ്രവർത്തകർക്ക് എല്ലാ സംരക്ഷണവും ലഭിക്കുന്നതു കൊണ്ടാണ് ഇത്തരം ക്രൂരതകൾ ആവർത്തിക്കുന്നത്. സർക്കാർ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതിയുടെ വയറ്റിൽ അതേ യുവതിയുടെ പാവാട കൊണ്ട് മുറുക്കി കെട്ടി കോഴിക്കോട് മെഡിക്കൽ കോളെജിലേക്കയച്ച സംഭവവും കൂടുതൽ പഴയതല്ല. ശ്വാസം കിട്ടാതെ ഗർഭസ്ഥ ശിശു മരിച്ചു. കഴിഞ്ഞ ദിവസം കൈക്കു പരുക്കുമായി വന്ന പിഞ്ചു കുട്ടിയുടെ നാവിനു ശസ്ത്രക്രിയ നടത്തിയ കെടുകാര്യസ്ഥതക്കുമുണ്ട് നൂറു ന്യായീകരണം. കുട്ടിയുടെ നാവിനും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. എന്നാൽ കുട്ടിയോ അതിന്റെ രക്ഷാകർത്താക്കളോ നാവിനു ചികിത്സ തേടിയില്ല. പിന്നെ ഡോക്റ്റർമാർ എന്തിനു അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. ഏറ്റവുമൊടുവിൽ കാലിലിടേണ്ട കമ്പി കൈയിൽ മാറിയിട്ടെന്ന പരാതിയുമായി ഇന്ന് വേറൊരു രോഗിയും ബന്ധുക്കളും രംഗത്തെത്തി. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാതെ തന്നെ രോഗിയെയും ബന്ധുക്കളെയും തള്ളിപ്പറയുകയാണ് കോഴിക്കോട് മെഡിക്കൽ കോളെജ് അധികൃതർ ചെയ്തത്’- ചെന്നിത്തല കുറിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഡസണോളം ഗുരുതര ആരോപണങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ നിന്നു മാത്രം ലഭിച്ചത്. മറ്റു മെഡിക്കൽ കോളെജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മതിയായ ചികിത്സ ലഭിക്കാതെയും അവഗണക്കപ്പെട്ടും പീഡനങ്ങൾ വരെ സഹിച്ചുമാണ് രോഗികൾ സർക്കാർ മെഡിക്കൽ കോളെജുകളിൽ കഴിയുന്നത്. ഇതിനെതിരേ ചെറുവിരലനക്കാൻ പോലും സർക്കാരിനു കഴിയുന്നില്ലെന്നു മാത്രമല്ല, ഇരകളെ കൈവിട്ട് വേട്ടക്കാരനെ സംരക്ഷിക്കുന്ന കിരാതമായ നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

മഴക്കാലത്തിനു മുന്നോടിയായ വേനൽ മഴ കനത്തതോടെ സംസ്ഥാന വ്യാപകമായി പകർച്ചപ്പനിയും മറ്റ് രോഗങ്ങളും പെരുകുകയാണ്. ഇതിനെതിരേ ഒരു നടപടിയും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടില്ല. മഴക്കാല പൂർവ ശുചീകരണ പരിപാടികൾ പോലും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ അവശ്യ മരുന്നുകളടക്കം കടുത്ത ക്ഷാമം നേരിടുന്നു.

കേരളത്തിലെ മെഡിക്കൽ കോളെജുകളിലടക്കം നേരിടുന്ന ഗുരുതരമായ ചികിത്സാ പിഴവുകൾ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണം. കോവിഡ് കാലത്ത് ദിവസേന പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി, ആരോഗ്യ മേഖലയിലെ കാടുംകൊള്ളയ്ക്കാണ് അന്നു മറ പിടിച്ചത്. കേരളത്തിലെ സർക്കാർ ആശുപത്രികൾ കെടുകാര്യസ്ഥതയുടെ പര്യായമായിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ഈ കെടുകാര്യസ്ഥതയ്ക്കു തന്റെ കൂടി മൗനസമ്മതമുണ്ടെന്നു സമ്മതിക്കുന്നതിനു തുല്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Story Highlights : The Kerala Model Health Department is flawed says ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top