Advertisement

രാഹുൽ ഗാന്ധിക്ക് അംബാനിയും അദാനിയും പണം നൽകിയോയെന്ന് അന്വേഷിക്കണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ രാഷ്ട്രപതിക്ക് പരാതി

May 22, 2024
4 minutes Read

രാഹുൽ ഗാന്ധിക്ക് അംബാനിയും അദാനിയും കള്ളപ്പണം നൽകിയെന്ന തെലങ്കാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പരാതി. പശ്ചിമ ബംഗാളിലെ ദി എജുക്കേഷനിസ്റ്റ് ഫോറം, ദേശ് ബഞ്ചാവോ ഗണമഞ്ച എന്നീ സംഘടനകളാണ് രാഷ്ട്രപതിക്ക് പ്രസംഗവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. ഇഡി എന്തുകൊണ്ടാണ് ആരോപണം അന്വേഷിക്കാത്തതെന്നും കൊൽക്കത്ത പ്രസ് ക്ലബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംഘടനകളുടെ ഭാരവാഹികൾ ചോദിച്ചു.

തെലങ്കാനയിൽ മെയ് എട്ടിന് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗം സംബന്ധിച്ചാണ് പരാതികൾ സമര്‍പ്പിച്ചിരിക്കുന്നത്. അംബാനിയും അദാനിയും ടെമ്പോയിൽ പണം എത്തിച്ചത് കൊണ്ടാണോ രാഹുൽ ഗാന്ധി ഇപ്പോൾ അവര്‍ക്കൊന്നും എതിരെ സംസാരിക്കാത്തതെന്നായിരുന്നു തെലങ്കാനയിലെ പ്രസംഗത്തിൽ അദ്ദേഹം ചോദിച്ചത്.‘ഇത്രയുംകാലം തന്നെയും കേന്ദ്രത്തെയും കടന്നാക്രമിക്കാൻ ഉപയോഗിച്ച പേരുകൾ കോൺഗ്രസിന്റെ രാജകുമാരൻ പറയാത്തത് എന്തുകൊണ്ടാണ്? കഴിഞ്ഞ അഞ്ച് വർഷമായി അദാനി പ്രശ്നം രാഹുൽ ഉയർത്താറുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അംബാനിയെയും അദാനിയെയും വിമര്‍ശിക്കുന്നത് അദ്ദേഹം നിർത്തി. ഇന്ന് തെലങ്കാനയുടെ മണ്ണിൽ നിന്ന് ഞാൻ ആവശ്യപ്പെടുകയാണ്, അവർ അംബാനിയിൽനിന്നും അദാനിയിൽനിന്നും എത്ര കള്ളപ്പണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണം. എന്തായിരുന്നു ധാരണ? ടെമ്പോയിൽ എത്ര പണം എത്തി? അഞ്ചുവർഷം അവരെ ചീത്തവിളിക്കുന്നു, ഒറ്റരാത്രികൊണ്ട് നിർത്തുന്നു. എന്തോ കുഴപ്പമുണ്ട്.’- ഇതായിരുന്നു മോദിയുടെ പ്രസംഗം.

Read Also: അഞ്ചാം ഘട്ടത്തിൽ പോളിംഗ് ഉയര്‍ന്നു; മോദിക്കുള്ള പിന്തുണയോ?

നോര്‍ത്ത് ബംഗാൾ സര്‍വകലാശാല മുൻ വിസി ഓം പ്രകാശ് മിശ്ര, മുൻ തൊഴിൽ വകുപ്പ് മന്ത്രി പുര്‍ണേന്ത ബസു എന്നിവരും ഡൽഹി കേന്ദ്രീകരിച്ച് കോര്‍പറേറ്റ് ഗവേണൻസ് ആൻ്റ് ബിസിനസ് മാനേജ്മെൻ്റ് വിഷയത്തിൽ സ്വതന്ത്ര ഗവേഷണം നടത്തുന്ന അഖിൽ സ്വാമിയുമാണ് സംഘടനകളെ പ്രതിനിധീകരിച്ച് വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തത്. രാജ്യത്ത് കള്ളപ്പണത്തിൻ്റെ അളവ് വലിയ തോതിൽ കൂടിയെന്ന് ഇവര്‍ ആരോപിച്ചു. രാജ്യത്ത് വിനിമയം ചെയ്യപ്പെടുന്ന കറൻസിയുടെ മൂല്യം നോട്ട് നിരോധന കാലത്ത് ഉള്ളതിലും വര്‍ധിച്ചുവെന്നും പാവപ്പെട്ടവരും മധ്യവര്‍ഗവും പണം ഇൻ്റര്‍നെറ്റ് ബാങ്കിങും യുപിഐയും ഉപയോഗിച്ച് പണം കൈമാറുന്ന കാലത്ത്, കറൻസി നോട്ടുകൾ എവിടേക്കാണ് പോകുന്നതെന്നും ആരുടെ പക്കലേക്കാണ് ഇത് എത്തുന്നതെന്നും അവര്‍ ചോദിച്ചു. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 500, 1000 രൂപ കറൻസികൾ 2016 നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നിരോധിച്ചത്.

അമിത് ഷാക്കെതിരെയും ഇവര്‍ പരാതി ഉന്നയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് മുൻപ് ഓഹരികൾ വാങ്ങാൻ ആവശ്യപ്പെട്ട അമിത് ഷായുടെ പ്രസംഗത്തിൽ സെബി ഇടപെടണമെന്നും എട്ട് കോടിയോളം വരുന്ന ചെറുകിട നിക്ഷേപകരുടെ പണം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബിജെപി രാജ്യത്ത് വൻ വിജയം നേടുമെന്നും അതിന് ശേഷം ഓഹരി വിപണി കുതിച്ചുയരുമെന്നുമുള്ള അമിത് ഷായുടെ പ്രസംഗത്തിന് എതിരെയാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തിൽ ഇടപെടാൻ ബാധ്യസ്തരാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

Story Highlights : Two civil society organisations wrote to President Droupadi Murmu on Tuesday, requesting a investigation of Prime Minister Narendra Modi’s accusation against two business entities and spreading black money while slamming Rahul Gandhi.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top