പുതിയ മുല്ലപ്പെരിയാർ അണക്കെട്ടിനുള്ള കേരളത്തിൻ്റെ നിർദേശം; എതിർപ്പുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ, കേന്ദ്രത്തിന് കത്തയച്ചു

പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത് സംബന്ധിച്ച പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള കേരളത്തിൻ്റെ നിർദേശത്തെ എതിർത്ത് തമിഴ്നാട് സർക്കാർ. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രിംകോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. നിലവിലുള്ള അണക്കെട്ട് പൊളിച്ചതിന് ശേഷം പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള പഠനം നടത്താനാണ് കേരളം നിർദേശിച്ചത്. വിഷയത്തിൽ ശക്തമായി എതിർപ്പറിയിക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി ഭൂപേന്ദർ യാദവിന് അയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞു.
‘നിലവിലുള്ള അണക്കെട്ടിന് പകരം പുതിയത് നിർമിക്കാനുള്ള നീക്കങ്ങൾ സുപ്രിംകോടതി വിധിക്കെതിരാണെന്നാണ് തമിഴ്നാടിന്റെ വാദം. നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധ സമിതികൾ കണ്ടെത്തിയിട്ടുണ്ട്. 2006 ഫെബ്രുവരി 27, 2014 മെയ് 7 തീയതികളിലെ സുപ്രിം കോടതി വിധികളിലും ഇത് വ്യക്തമാണ്. 2018ൽ തമിഴ്‌നാട് സുപ്രിം കോടതിയെ സമീപിച്ചപ്പോഴാണ് പരിസ്ഥിതി ആഘാത പഠനത്തിന് കേരളംസാധ്യത തേടിയത്. അത്തരത്തിലുള്ള ഏത് നടപടിക്കും കോടതിയുടെ അനുമതി വേണമെന്ന് വിധിയുണ്ടായിരുന്നു’. സ്റ്റാലിൻ കത്തിൽ പറഞ്ഞു.
അതുകൊണ്ടുതന്നെ ഐഡിആർബിയുടെയും (കേരള ഇറിഗേഷൻ ഡിസൈൻ & റിസർച്ച് ബോർഡ്) ഇഎസിയുടെയും (വിദഗ്ധ വിലയിരുത്തൽ കമ്മിറ്റി) നടപടി കോടതി ഉത്തരവിനെ അവഹേളിക്കുന്നതിന് തുല്യമാണ്. തമിഴ്‌നാടിൻ്റെ എതിർപ്പുകൾ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെയും മറ്റ് വകുപ്പുകളെയും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Story Highlights : MK Stalin against Kerala’s Proposal for New Mullaperiyar Dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here