സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്ത് മോദി, 45 മണിക്കൂർ നീളുന്ന ധ്യാനം നാളെ അവസാനിക്കും

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ ധ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീളുന്ന ധ്യാനം ഇന്നലെ രാത്രി ഏഴരയോടെ ആരംഭിച്ചു. ജൂണ്‍ ഒന്നുവരെ ധ്യാനത്തിലിരിക്കും. ധ്യാനമണ്ഡപത്തിൽ നിലത്താണ് അദ്ദേഹം വിശ്രമിച്ചത്. പ്രധാനമന്ത്രിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല.
സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. തുടർച്ചയായ ധ്യാനത്തിലല്ല പ്രധാനമന്ത്രി, പകരം ഇന്ന് പുലർച്ചെ സൂര്യോദയം കാണാൻ അദ്ദേഹം പുറത്തിറങ്ങിയിരുന്നു. ഇന്നലെ വിവേകാനന്ദപ്പാറയിലെത്തിയ പ്രധാനമന്ത്രി തിരുവള്ളൂർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു. നാളെ ഉച്ചയോടെ ധ്യാനം അവസാനിപ്പിച്ച് അദ്ദേഹം ഡൽഹിക്ക് മടങ്ങും.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കന്യാകുമാരിയിൽ വന്നിറങ്ങിയ മോദി കന്യാകുമാരി ദേവിയെ തൊഴുത ശേഷം നേവിയുടെ ബോട്ടിലാണ് വിവേകാനന്ദപ്പാറയിലേക്ക് പോയത്.വെള്ളവസ്ത്രം ധരിച്ചെത്തിയ പ്രധാനമന്ത്രി കാവിയുടുത്താണ് ധ്യാനത്തിലിരിക്കുന്നത്.
അതീവ സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 2000 ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാർ പൂർണകുംഭം നൽകിയാണ് സ്വീകരിച്ചത്. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും മോദിക്ക് സമ്മാനിച്ചിരുന്നു.
Story Highlights : pm modis meditation in kanniyakumari continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here