കത്തുന്ന മണിപ്പൂരിൽ പരിഹാരം വേണം, അക്രമം അവസാനിപ്പിക്കണം: ആർ.എസ്.എസ് മേധാവി

മണിപ്പൂരിൽ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. നാഗ്പൂരിൽ നടന്ന ആർ എസ് എസ് സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിന് പിന്നാലെയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന വരുന്നത്. മണിപ്പൂരിൽ കലാപം തുടങ്ങിയതിന് ശേഷം മോദി അവിടം സന്ദർശിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
‘കഴിഞ്ഞ ഒരു വർഷമായി മണിപ്പൂർ സമാധാനത്തിനായി കാത്തിരിക്കുകയാണ്. പത്ത് വർഷം മുമ്പ് മണിപ്പൂരിൽ സമാധാനമുണ്ടായിരുന്നു. തോക്ക് സംസ്കാരം അവിടെ അവസാനിപ്പിച്ചതുപോലെ എനിക്ക് തോന്നിയിരുന്നു. മണിപ്പൂരിലെ സാഹചര്യത്തിന് മുൻഗണന നൽകേണ്ടതുണ്ട്.
തെരഞ്ഞെടുപ്പിലെ വാചാടോപങ്ങൾ അവസാനിപ്പിച്ച് രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം’ -മോഹൻ ഭാഗവത് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പരസ്പരം ആക്രമിക്കുന്നത്, സാങ്കേതിക വിദ്യയുടെ ദുരുപയോഗം, തെറ്റായ വിവരങ്ങളുടെ പ്രചാരണം എന്നിവയെ അദ്ദേഹം വിമർശിച്ചു.
Story Highlights : Manipur should given more importance Mohan Bhagwat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here