Advertisement

അവസാന യൂറോയില്‍ തിളങ്ങുമോ വിലപ്പിടിപ്പുള്ള താരങ്ങള്‍?

June 11, 2024
4 minutes Read
Euro Stars

ജര്‍മ്മനിയില്‍ ഈ മാസം നടക്കാനിരിക്കുന്ന യുവേഫ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിന് അവസാനമായി ബൂട്ട് കെട്ടുകയാണ് ഏറെക്കാലം ലോകത്തിലെ പുല്‍മൈതാനങ്ങളെ അടക്കിഭരിച്ച താരങ്ങള്‍. പതിവുപോലെ ഇത്തവണയും യൂറോ കപ്പില്‍ ഒരു പിടി അന്താരാഷ്ട്ര താരങ്ങള്‍ പിറവി കൊള്ളുമെങ്കിലും റൊണാള്‍ഡോ മുതല്‍ ടോണി ക്രൂസ് വരെയുള്ള താരങ്ങള്‍ക്ക് അവസാന യൂറോ കപ്പായിരിക്കും ജര്‍മ്മനിയിലേത്. ചിലര്‍ക്കാകട്ടെ അവസാന അന്താരാഷ്ട്ര മത്സരമാകാനും സാധ്യതയേറെയാണ്.

യൂറോക്ക് ശേഷം ബൂട്ടഴിക്കുന്ന അഞ്ച് പ്രധാന താരങ്ങള്‍ ഇവരാണ്.

ടോണി ക്രൂസ് (ജര്‍മ്മനി)

ജര്‍മ്മനി യൂറോയുടെ കളിക്കളങ്ങളിലേക്ക് ഇറങ്ങുന്നത് സ്വന്തം മണ്ണില്‍ കിരീടം എന്ന മോഹവുമായിട്ടായിരിക്കും. കിരീടത്തിലേക്കുള്ള ജര്‍മ്മന്‍ പടയുടെ യാത്രയില്‍ ശ്രദ്ധാകേന്ദ്രം തന്നെയാകും ടോണി ക്രൂസ് എന്ന 34-കാരനായ മിഡ്ഫീല്‍ഡര്‍. സ്വന്തം ക്ലബ്ബായ റയല്‍ മഡ്രിഡില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കെ ടോണിയുടെ അവസാന യൂറോ ഇതായിരിക്കും. 2021-ല്‍ തന്നെ ടോണി ക്രൂസ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ പരിശീലകന്‍ ജൂലിയന്‍ നഗെല്‍സ്മാന്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. മികച്ച കാഴ്ച്ചപ്പാടില്‍ മൈതാനം നിറയുന്ന ടോണി ക്രൂസ് സെറ്റ് പീസുകള്‍ ഒരുക്കുന്നതില്‍ പേരു കേട്ട താരമാണ്. 2014-ല്‍ ബ്രസീലില്‍ നടന്ന ലോക കപ്പില്‍ ചാമ്പന്യന്‍മാരായതിന് പുറമെ ടോണി ക്രൂസുള്‍പ്പെട്ട ജര്‍മ്മന്‍ സംഘം 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മൂന്നാം സ്ഥാനവുമായാണ് മടങ്ങിയത്. ബ്രസില്‍ ലോക കപ്പില്‍ ബ്രീസിലിനെ 7-1ന് തകര്‍ത്തുവിട്ടപ്പോള്‍ മികച്ച രണ്ട് ഗോളുകളും ഒരു അസിസ്റ്റും ടോണി ക്രൂസിന്റെ ബൂട്ടില്‍ നിന്നായിരുന്നു. റയല്‍ മാഡ്രിഡിനെ 23 ട്രോഫികള്‍ നേടാന്‍ സഹായിച്ച സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ചരിത്രം അടയാളപ്പെടുത്തിയാണ് കായികരംഗത്ത് നിന്ന് പിന്മാറുക.

Read Also: യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ ഇന്ന് മുതൽ; പോർച്ചുഗലും ഇംഗ്ലണ്ടും ഇറ്റലിയും കളത്തിൽ

ഒലിവിയര്‍ ജിറൂദ് (ഫ്രാന്‍സ്)

ക്ലബ്ബ് മാര്‍ക്കറ്റുകളില്‍ താരതമ്യേന മൂല്യം കുറഞ്ഞ സ്ട്രൈക്കര്‍മാരില്‍ ഒരാളാണ് ഫ്രാന്‍സിന്റെ ഒലിവിയര്‍ ജിറൂദ്. ഈ യൂറോക്ക് ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതോടെ ഫ്രാന്‍സ് ദേശീയ ടീമിനൊപ്പമുള്ള തന്റെ 13 വര്‍ഷത്തെ യാത്രക്ക് വിരാമമിടുകയാണ് ഈ 37-കാരന്‍. 131 മത്സരങ്ങളില്‍ നിന്ന് 57 ഗോളുകള്‍ രാജ്യത്തിനായി അദ്ദേഹം കണ്ടെത്തി. ”യുവാക്കള്‍ക്കായി വഴിയൊരുക്കാന്‍ താന്‍ വിരമിക്കുന്നു” എന്നായിരുന്നു വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ജിറൂദിന്റെ വാക്കുകള്‍. 2018-ലെ റഷ്യന്‍ ലോകകപ്പ് ജേതാക്കളായെങ്കിലും ജിറൂദിന് ഒരിക്കല്‍ പോലും വല ചലിപ്പിക്കാനായിരുന്നില്ല. ക്രൊയേഷ്യയുമായുള്ള ഫൈനലില്‍ 13 ഷോട്ടുകളെടുത്തിട്ടും ഒരെണ്ണം പോലും ടാര്‍ഗറ്റിലെത്തിയിരുന്നില്ല. അതേ സമയം 2022-ലെ ഖത്തര്‍ ലോകകപ്പില്‍ എണ്ണം പറഞ്ഞ നാല് ഗോളുകള്‍ ജിറൂദ് നേടി. അര്‍ജന്റീനയോട് ഫൈനലില്‍ പരാജയപ്പെട്ടു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ശേഷം രണ്ട് വര്‍ഷമെങ്കിലും എ.സി.മിലാനോടൊപ്പം ഉണ്ടാകുമെങ്കിലും പിന്നീട് മേജര്‍ ലീഗ് സോക്കറിലേക്ക് കൂടുമാറാന്‍ തീരുമാനം.

ലൂക്ക മോഡ്രിച്ച് (ക്രായേഷ്യ)

ക്രൊയേഷ്യന്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ലൂക്ക മോഡ്രിച്ച് തന്റെ അവസാന യൂറോ മത്സരങ്ങള്‍ക്കായി ടീമിനെ നയിക്കും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാനത്തെ പ്രധാന ടൂര്‍ണമെന്റായിരിക്കും ഇത്. 2006 ഫിഫ ലോകകപ്പില്‍ ക്രൊയേഷ്യന്‍ ടീമില്‍ ബഞ്ചിലായിരുന്ന താരം, ലഭിക്കുന്ന അവസരങ്ങളില്‍ തിളങ്ങിയതോടെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. എത്ര വലിയ ടീമുകളുമായുള്ള മത്സരത്തിന്റെ ഗതി മാറ്റാന്‍ കെല്‍പ്പുള്ള താരമാണ് ലൂക്ക മോഡ്രിച്ച്. 2025 വരെ റയല്‍ മാഡ്രിഡ് ക്ലബ്ബില്‍ തുടരും. പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനം എല്ലായ്‌പ്പോഴും ലൂക്ക മോഡ്രിച്ചില്‍ നിന്ന് പ്രതീക്ഷിക്കാം. ആക്രമണം മെനയുന്നതിനോടൊപ്പം മധ്യനിരയില്‍ നിന്ന് ടീമിനെ നയിക്കാനും കഴിവുണ്ട് ഇദ്ദേഹത്തിന്. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ ചരിത്രത്തിലാദ്യമായി രണ്ടാം സ്ഥാനത്തേക്കും 2022-ല്‍ മൂന്നാം സ്ഥാനത്തേക്കും നയിച്ചു. ജര്‍മ്മനിയിലും കീരിടത്തില്‍ കുറഞ്ഞതൊന്നും ലൂക്ക മോഡ്രിച്ച് ലക്ഷ്യമിടുന്നില്ല. കാരണം ഇത് തന്റെ അവസാന യൂറോയാണെന്ന് 38-കാരനായ താരത്തിനറിയാം.

മാനുവല്‍ ന്യൂയര്‍ (ജർമ്മനി)

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 38 വയസ്സ് പൂര്‍ത്തിയായ മാനുവല്‍ ന്യൂയറിന് 2024-ലേത് അവസാന യൂറോ കപ്പ് ആയിരിക്കും. ലോകത്ത് ഗോള്‍ കാക്കുന്നവരില്‍ എണ്ണം പറഞ്ഞ താരമാണ് ഈ ജര്‍മ്മന്‍ കീപ്പര്‍. 2022-ല്‍ ജര്‍മ്മനി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. അന്നാണ് ന്യൂയര്‍ അവസാനമായി ദേശീയ ടീമിനെ പ്രതീനിധീകരിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ 2022 ലോകകപ്പിന് ശേഷം ന്യൂയര്‍ ദേശീയ ടീമിനായി കളിച്ചിട്ടില്ല. ക്ലബ്ബ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിച്ചിന്റെ ഗോള്‍വല കാക്കുന്ന 6 അടി-4-ഇഞ്ച് ഉയരക്കാരനായ മാനുവല്‍ ന്യൂയര്‍ ജര്‍മ്മനിയുടെ ഫസ്റ്റ് ചോയ്സ് കീപ്പര്‍ ആണ്. പക്ഷേ ന്യൂയര്‍ യൂറോയില്‍ എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധ്യതയില്ല. കോച്ച് നാഗെല്‍സ്മാന്‍ ജര്‍മ്മന്‍ ടീമില്‍ നാല് ഗോള്‍കീപ്പര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ (പോർച്ചുഗല്‍)

ലോകത്ത് ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍. ഒറ്റക്ക് നിന്നുപോലും ടീമിനെ മുന്നിലെത്തിക്കാന്‍ കഴിവും ആത്മവിശ്വാസമുള്ള കളിക്കാരന്‍. അതേ പോര്‍ച്ചുഗല്ലിന്റെ തുറുപ്പ്ചീട്ടായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. യൂറോ കപ്പിനുള്ള ടീമിനലേക്ക് ഇത് ആറാം തവണയാണ്
പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്ഷണിച്ചിരിക്കുന്നത്. അവസാന യൂറോ ആയിക്കുമെങ്കിലും ഇത് ആറാം തവണ യൂറോയില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് സി.ആര്‍ സെവന്‍. നിലവില്‍ 39 വയസാണ് ക്രിസ്റ്റിയാനോക്ക്. ഈ യൂറോയിലെ പ്രായമേറെയുള്ള കളിക്കാരില്‍ രണ്ടാമനാണ്. ഹംഗറി ഗോള്‍ കീപ്പര്‍ ഗബോര്‍ കിരാലിയാണ് വയസ്സില്‍ ഒന്നാമന്‍. 40 വയസ്സും 86 ദിവസവും ആണ് യൂറോയില്‍ അദ്ദേഹത്തിന്റെ പ്രായം. 39 വയസ്സുള്ള റൊണാള്‍ഡോയുടെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കും യൂറോയിലേത് എന്ന് പറയാന്‍ വരട്ടെ 2026-ലോക കപ്പ് കൂടി താരം കളിക്കുമോ എന്ന കാര്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കാരണം ഇക്കാര്യം താരം നിരാകരിച്ചിട്ടില്ല.

Story Highlights : Toni Kroos Olivier Giroud Luka Modric Manuel Neuer Cristiano Ronaldo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top