Advertisement

ട്രംപിന് ചെക്ക് വെക്കാൻ മെർസ്: ജർമ്മനിയിൽ ഭരണമാറ്റത്തിലേക്ക് വഴിതുറന്ന് തെരഞ്ഞെടുപ്പ് ഫലം

February 25, 2025
2 minutes Read

രാജ്യത്ത് ഭരണമാറ്റത്തിന് വഴിതുറക്കുന്ന ജനവിധിയിലേക്കാണ് ജർമനി നീങ്ങിയത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ക്രിസ്റ്റ്യൻ ഡെമോക്രാറ്റ് നേതാവ് ഫ്രെഡറിക് മെർസിനെയാണ് വിജയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഫലം വരുമ്പോൾ രാജ്യത്ത് ഒരു സഖ്യകക്ഷിയുടെ മാത്രം പിന്തുണയോടെ ഭരിക്കാൻ മെർസിന് സാധിക്കുന്ന നിലയാണ്. സുസ്ഥിര ഭരണം ആഗ്രഹിച്ച അദ്ദേഹത്തിൻ്റെ പാർട്ടി പ്രതീക്ഷിച്ച വിജയമാണിത്.

ബെർലിനിൽ പാർട്ടി പ്രവർത്തകരെ കണ്ട മെർസ് നമ്മൾ ജയിച്ചിരിക്കുന്നു എന്നാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. യൂറോപ്പിൻ്റെ നെടുനായകത്വത്തിലേക്ക് ജർമ്മനിയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെക്കുന്ന പുതിയ ലോക ക്രമത്തിൽ യൂറോപ്യൻ നിലപാട് ഇനി എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.

മുൻ ചാൻസലർ ഒലഫ് ഷോൾസ് ചാൻസലറായുള്ള ത്രികക്ഷി സർക്കാർ തകർന്നതിന് പിന്നാലെ പതിവായി നടക്കേണ്ടതിലും ഏഴ് മാസം മുൻപാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 69കാരനായ മെർസിന് മുന്നിൽ രാജ്യത്തിൻ്റെ സാമ്പത്തിക മുന്നേറ്റവും കുടിയേറ്റമടക്കമുള്ള വിഷയങ്ങളും വെല്ലുവിളിയായി നിൽക്കുന്നുണ്ട്. യുക്രൈനെ സഹായിക്കാനും യൂറോപ്പിനെ ശക്തമായി മുന്നോട്ട് നയിക്കാനുമുള്ള വിദേശനയ കാഴ്ചപ്പാടാണ് മെർസിൻ്റേത്. ട്രംപ് സർക്കാർ റഷ്യയോട് അനുഭാവം കാട്ടുമ്പോൾ യൂറോപ്പിൻ്റെ സമ്മർദ്ദം ഇനി കണ്ടറിയാം.

മന്ത്രി പദവിയിൽ ഒരിക്കലും പ്രവർത്തിച്ചിട്ടില്ലാത്ത ബിസിനസുകാരനായ മെർസിനെ, ട്രംപ്, മുൻ ചാൻസലർ ഒലഫ് ഷോൾസിനേക്കാൾ മികച്ചതായി കണക്കാക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൻ്റെ അവസാന ദിനങ്ങളിൽ മെർസ് ട്രംപിനെ ശക്തമായി വിമർശിച്ച് രംഗത്ത് വന്നത് ശ്രദ്ധേയമായി. അമേരിക്കയിൽ നിന്ന് പൂർണ സ്വാതന്ത്ര്യം നേടാനാവും വിധം യൂറോപ്പിനെ ശക്തിപ്പെടുത്തുകയായിരിക്കും തൻ്റെ പ്രധാന ലക്ഷ്യമെന്ന് മെർസ് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രാജ്യത്തെ ക്രിസ്ത്യൻ ഡെമോക്രാറ്റും ക്രിസ്ത്യൻ സോഷ്യൽ യൂണിയനും ചേർന്നുള്ള സഖ്യം 29 ശതമാനം വോട്ടോടെ 208 സീറ്റുകൾ നേടിയിട്ടുണ്ട്. ഫാർ റൈറ്റ് ഓൾട്ടർനേറ്റീവ് ഫോർ ജർമ്മനി 152 ഉം ഓലഫ് ഷോൾസിൻ്റെ എസ്‌പിഡി 120 സീറ്റിലും മുന്നിലാണ്. ഇവർ ഇരുവർക്കും യഥാക്രമം 21 ഉം 16 ഉം ശതമാനം വോട്ടാണ് ലഭിച്ചത്. മുൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ 16 വർഷത്തെ ഭരണകാലത്ത് ജർമ്മനിയെ ഭരിച്ച മധ്യ വലതുപക്ഷ സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറുമെന്ന സൂചനയാണ് മെർസ് ഞായറാഴ്ച നൽകിയത്. എങ്കിലും തിരഞ്ഞെടുപ്പിൽ മുൻനിര പാർട്ടിക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ വോട്ട് വിഹിതമാണ് ക്രിസ്ത്യൻ ഡെമോക്രാറ്റ് – ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ പാർട്ടികൾക്ക് ലഭിച്ചത്.

അതേസമയം റഷ്യൻ അനുകൂല നിലപാടുള്ള ഇടത് സഖ്യത്തിന് പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ വോട്ട് ലഭിച്ചില്ല. 14000 ത്തോളം വോട്ടുകളുടെ കുറവുള്ള സഖ്യം തോടെ പുറത്തായി. ഇതോടെ അഞ്ച് പാർട്ടികളേ പാർലമെൻ്റിൽ ഉണ്ടാവുകയുള്ളൂ എന്ന് വ്യക്തമായിട്ടുണ്ട്. അതിനാൽ തന്നെ മെർസിൻ്റെ സോഷ്യൽ ഡെമോക്രാറ്റ്സിന് ക്രിസ്ത്യൻ സോഷ്യൽ യൂണിയനുമായി ചേർന്ന് ഭരിക്കാനാവുമെന്ന് ഉറപ്പാണ്. തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയുമായി സഖ്യത്തിനില്ലെന്ന് മെർസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഫലം സൂചിപ്പിക്കുന്നത് എഎഫ്‌ഡി ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനം വളർത്തിയെന്നാണ്. 2021 നെ അപേക്ഷിച്ച് വോട്ട് വിഹിതം ഇരട്ടിയാക്കിയ ഇവർ മധ്യേഷ്യയിൽ നിന്നും അഫ്ഗാൻ-യുക്രൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥി കുടിയേറ്റത്തിൽ ആകുലരായി നിൽക്കുന്ന ജർമ്മൻകാരുടെ പിന്തുണ വലിയ തോതിൽ നേടി. കിഴക്കൻ ജർമ്മനിയിൽ ഒന്നാമത്തെ കക്ഷിയായി അവർ മാറുകയും ചെയ്തു. ഇവർക്ക് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ട്രംപിൻ്റെ അടുപ്പക്കാരനായ ഇലോൺ മസ്‌കും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ രാജ്യത്ത് ചാൻസലറായിരുന്ന ഒലഫ് ഷോൾസിൻ്റെ പാർട്ടിയുമായി മെർസിൻ്റെ പാർട്ടി സഖ്യമുണ്ടാക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞിട്ടുണ്ട്. രാജ്യത്തെ വിലക്കയറ്റം മൂലം ഷോൾസിൻ്റെ ഭരണത്തിൽ ജനം കടുത്ത അസംതൃപ്തയിലായിരുന്നു. എന്നാൽ വ്യക്തമായ ലീഡ് ലഭിക്കാത്ത സാഹചര്യം നിലനിൽക്കെ ജർമ്മനിയെ നയിക്കാൻ മെർസ് നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങൾ ഉറ്റുനോക്കുകയും യൂറോപ്പും ലോകരാഷ്ട്രങ്ങളും.

Story Highlights : Friedrich Merz a conservative is poised to be Germany’s next Chancellor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top