ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറിയുമായി ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറിയുമായി ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്സ് അസോസിയേഷൻ കേരള ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ ചുമതലയുള്ള സെക്കൻറ്റ് സെക്രട്ടറി മുഹമ്മദ് ഷബീറുമായാണ് റിയാദ് എംബസിയിൽ എത്തി ഡിസ്പാക് ഭാരവാഹികളായ ആയ നജിം ബഷീർ, താജു അയ്യാരിൽ, അസ്‌ലം ഫറോക്ക്, ആസിഫ് താനൂർ, തോമസ് തൈപ്പറമ്പിൽ എന്നിവർ ചർച്ച നടത്തിയത്. ദമ്മാം ഇന്ത്യൻ സ്കൂളുമായി ബന്ധപ്പെട്ട് വർഷങ്ങളോളമായി വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിടുന്ന വിവിധ വിഷയങ്ങൾ ഭാരവാഹികൾ എംബസിയുടെ മുന്നിൽ അവതരിപ്പിച്ചു.
സ്‌കൂൾ ക്ലാസ് മുറിയിലെ എയർ കണ്ടീഷൻ വിഷയവും ഇവർ സെക്കന്റ് സെക്രട്ടറിയെ അറിയിച്ചു. സ്കൂൾ അധികൃതരും മാനേജ്‌മെന്റ് കമ്മിറ്റിയും ഹയർ ബോർഡ് മുഖേന അപേക്ഷ നൽകിയാൽ സ്കൂൾ റിസേർവ് ഫണ്ടിൽ നിന്നും എത്രയും വേഗം തന്നെ അതിലേക്കുള്ള അനുമതി ലഭ്യമാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം ഭാരവാഹികൾക്ക് ഉറപ്പു നൽകി. ഈ വിഷയത്തിന്റെ തുടർച്ചയെന്നോണം വരും ദിവസം സ്കൂൾ എംസിയുമായും ചെയർമാനുമായും ചർച്ച നടത്തുമെന്നും രക്ഷകർത്താക്കളുടെ പ്രതിനിധികൾ അറിയിച്ചു.
സ്കൂൾ ട്രാൻസ്‌പോർറ്റേഷൻ വിഷയത്തിൽ സ്കൂളിന്റെ സ്വന്തമായ ഒരു ഗതാഗത സംവിധാനം എന്ന ഡിസ്പാക്കിൻറ്റെ ആശയത്തെ ആദ്ദേഹം സ്വാഗതം ചെയ്യുകയും സെപ്തംബറിൽ നിലവിൽ വരുന്ന പുതിയ എംസിയോട് ഈ ആശയതിലൂന്നി നടപടികളുമായി മുന്നോട്ടു പോകുവാനുള്ള നിർദേശം നൽകുമെന്നും സെക്കന്റ് സെക്രട്ടറി മുഹമ്മദ് ഷബീർ ഡിസ്പാക് ഭാരവാഹികളെ അറിയിച്ചു. കൂടിക്കാഴ്ച ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും വിഷയങ്ങളെല്ലാം പരിഹരിച്ച് വിദ്യാർത്ഥികളുടെ പഠന സൗകര്യം മെച്ചപ്പെടുത്താൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നതെന്നും ഡിസ്പാക് ഭാരവാഹികൾ പറഞ്ഞു.
Story Highlights : Officials of Dammam International Indian School Parents Association met with Indian Embassy Second Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here