നിര്‍മാണം തുടങ്ങിയ സ്വപ്ന വീട് പൂര്‍ത്തിയാക്കാതെ നിധിന്‍ മടങ്ങി

ജീവിത ദുരിതങ്ങളില്‍ നിന്ന് കരകയറാനാണ് കണ്ണൂര്‍ വയക്കര സ്വദേശിയായ 26 കാരന്‍ നിധിന്‍ പ്രവാസിയായത്. കുവൈറ്റിലെത്തുമ്പോള്‍ മനസില്‍ നിറയെ ഉണ്ടായിരുന്നത് ജീവിതത്തെ കുറിച്ച് മോഹങ്ങളും സ്വപ്‌നങ്ങളും മാത്രം. നിര്‍മാണം തുടങ്ങിയ സ്വപ്ന വീട് പൂര്‍ത്തിയാക്കാതെയാണ് നിധിന്റെ മടക്കം.
ഒരാഴ്ച മുന്‍പ് മാത്രമാണ് നിധിന്‍ കുവൈറ്റില്‍ അപകടമുണ്ടായ ലേബര്‍ ക്യാമ്പിലേക്ക് താമസം മാറിയത്. ദിവസങ്ങള്‍ക്കുള്ളില്‍ മോഹം പൊലിഞ്ഞു, തീ ജീവനെടുത്തവരുടെ കൂട്ടത്തില്‍ നിധിനുമുണ്ടായി. പക്ഷേ ആ മടക്കം വലിയൊരു സ്വപ്‌നം പൂര്‍ത്തിയാക്കാനാകാതെയാണ്. സ്വന്തമായി ഒരു കൊച്ചുവീട്. അതായിരുന്നു ആ സ്വപ്നം.
ചെറുപുഴ പാടിയോട്ടുചാല്‍ വയക്കരയിലെ ചെങ്കല്ല് കൊണ്ട് കെട്ടിയ ചെത്തിത്തേക്കാത്ത ഒരു കൊച്ചുകൂര. ഇവിടെ നിന്നാണ് അതിജീവന സ്വപ്നങ്ങളിലേക്ക് നിതിന്‍ വിമാനം കയറിയത്. ചെറുപ്രായത്തില്‍ പ്രവാസിയുടെ കുപ്പായമണിഞ്ഞത്. സ്വന്തമായി നല്ലൊരു വീടെന്നതായിരുന്നു വലിയ സ്വപ്‌നം. കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്തിയപ്പോഴാണ് ജീവിത സ്വപ്നത്തിന് തറ കെട്ടിയത്. കല്ലിറക്കിയത്. അടുത്ത വരവിന് സ്വരുക്കൂട്ടിയ സമ്പാദ്യമെല്ലാം ചേര്‍ത്ത് പണിതുയര്‍ത്താമെന്ന് സുഹൃത്തുക്കളോട് ആഗ്രഹം പറഞ്ഞിരുന്നു നിധിന്‍. പക്ഷേ ഇനി അത് പൂര്‍ത്തീകരിക്കാന്‍ നിധിനില്ല…
Story Highlights : Nidhin native of kannur died in kuwait fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here