നീറ്റ് പരീക്ഷ ക്രമക്കേട്: ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയെന്ന് കുറ്റസമ്മത മൊഴി, 30 ലക്ഷം വരെ ഈടാക്കിയ വൻ തട്ടിപ്പ് വിവരങ്ങൾ പുറത്ത്

നീറ്റ് പരീക്ഷാ ക്രമക്കേട് രാജ്യമാകെ വിവാദമായിരിക്കെ, ബിഹാറിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻ്റെ അന്വേഷണത്തിൽ വൻ കണ്ടെത്തലുകൾ. പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിക്കിട്ടാൻ 30-32 ലക്ഷം രൂപ വരെ ലഭിച്ചെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികളുമായി ബന്ധപ്പെട്ടെന്ന നിഗമനത്തിൽ ഒൻപത് വിദ്യാര്‍ത്ഥികളോട് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാറ്റ്നയിൽ അന്വേഷണ സംഘത്തിൻ്റെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
ഈ ഒൻപത് വിദ്യാര്‍ത്ഥികളും ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരെന്നാണ് വിവരം. സംഭവത്തിൽ പിടിയിലായ 14 പ്രതികളുടെ പക്കൽ നിന്നും 13 വിദ്യാര്‍ത്ഥികളുടെ റോൾ നമ്പറുകൾ കണ്ടെത്തിയിരുന്നു. നാല് വിദ്യാര്‍ത്ഥികൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. എൻടിഎയിൽ നിന്ന് മറ്റ് ഒൻപത് വിദ്യാര്‍ത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുകയായിരുന്നു. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും വിവരമുണ്ട്.
Read Also: നീറ്റ് പരീക്ഷാ വിവാദം: ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ
എൻടിഎ കൈമാറിയ അഡ്മിഷൻ കാര്‍ഡുകളിൽ നിന്നാണ് ഒൻപത് വിദ്യാര്‍ത്ഥികളുടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിഐജി മാനവ്ജിത് സിങ് ധില്ലോൺ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യങ്ങൾ മനപ്പാഠമാക്കാൻ പ്രതികൾ ഈ വിദ്യാര്‍ത്ഥികളെ സഹായിച്ചെന്ന വെളിപ്പെടുത്തൽ പരിശോധിക്കാനാണ് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
കേസിൽ ബിഹാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജൂനിയര്‍ എഞ്ചിനീയര്‍ സിക്കന്തര്‍ കുമാര്‍ യാദവേന്ദു അടക്കം 14 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്. സിക്കന്ദര്‍ താൻ തട്ടിപ്പിന്റെ ഭാഗമായെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. എജുക്കേഷണൽ കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഉടമകളായ നിതീഷ്, അമിത് ആനന്ദ് എന്നിവര്‍ വഴിയാണ് താൻ തട്ടിപ്പിൽ ഭാഗമായതെന്നും ഇയാൾ മൊഴി നൽകി. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ചില വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടെന്നും ഇതിന് ശേഷം സാമ്പത്തിക ഇടപാടുകൾ നടന്നെന്നുമാണ് മൊഴി. അമിതിനും നിതീഷിനും മെയ് നാലിന് ചോദ്യപ്പേപ്പര്‍ ലഭിച്ചുവെന്നും പാറ്റ്നയിലെ രാമകൃഷ്ണ നഗര്‍ മേഖലയിലെ സുരക്ഷിത സങ്കേതത്തിൽ പണം നൽകിയ വിദ്യാര്‍ത്ഥികളെയെത്തിച്ച് പരിശീലനം നൽകിയെന്നും സിക്കന്ദറിൻ്റെ മൊഴിയിലുണ്ട്. നീറ്റ് അഡ്മിറ്റ് കാര്‍ഡുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിക്കന്ദറിനെ അഖിലേഷ്, ബിട്ടു എന്നീ പ്രതികൾക്കൊപ്പം അറസ്റ്റ് ചെയ്തത്. അഖിലേഷ്, ബിട്ടു എന്നീ പ്രതികളും തട്ടിപ്പിലെ തങ്ങളുടെ പങ്കാളിത്തം സമ്മതിച്ചിട്ടുണ്ട്. 30 ലക്ഷം മുതൽ 32 ലക്ഷം വരെ ഓരോ വിദ്യാര്‍ത്ഥിയിൽ നിന്നും വാങ്ങിയെന്നാണ് ഇവര്‍ മൊഴി നൽകിയിരിക്കുന്നത്.
ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷൻ ടീച്ചര്‍ റിക്രൂട്ട്മെൻ്റ് പരീക്ഷാ തട്ടിപ്പ് കേസിൽ ജയിലിലായിരുന്ന നിതീഷ് കുമാറാണ് നീറ്റ് പരീക്ഷാ ക്രമക്കേടിലെ മുഖ്യ കണ്ണിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ സംശയം. ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ബിഹാറിലെ നളന്ദ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഞ്ജീവ് സിങിനും സംഘത്തിനും ഇതിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. വ്യാജ എജുക്കേഷണൽ കൺസൾട്ടൻസി, കോച്ചിങ് സ്ഥാപനങ്ങൾ മറയാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പിടിയിലായ പ്രതി അമിത് ആനന്ദ് പാറ്റ്നയിൽ ഇത്തരത്തിലൊരു കൺസൾട്ടൻസി സ്ഥാപനം നടത്തുന്നുണ്ട്.
ചോദ്യപ്പേപ്പര്‍ കൈക്കലാക്കിയ പ്രതികൾ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അടക്കം ചേര്‍ത്ത് തട്ടിപ്പ് സംഘത്തെ വിപുലമാക്കി. പിന്നീട് പണം നൽകിയ വിദ്യാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രത്തിലെത്തി പരിശീലിപ്പിച്ചു. ഉത്തരങ്ങൾ മനപ്പാഠമാക്കാൻ പഠിപ്പിച്ചു. ഈ കേന്ദ്രങ്ങളിൽ നിന്ന് പ്രതികൾ തന്നെയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന വിവരം പുറത്തറിയാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
Story Highlights : NEET candidates in Bihar paid over Rs 30 lakh to get leaked question papers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here