Advertisement

പരീക്ഷണം തുടങ്ങിയിട്ട് 8 വർഷം, ഇപ്പോഴും തുടരുന്നു; ട്രെയിൻ അപകടങ്ങൾ തുടരുമ്പോൾ ആവർത്തിക്കപ്പെടുന്ന ചോദ്യം, എന്തായി കവച്?

June 17, 2024
Google News 2 minutes Read
Odisha Route Where Trains Collided Didn't Have 'Kavach' Safety System

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഒന്നും രണ്ടുമല്ല ട്രെയിൻ അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. 1954 ൽ തുടങ്ങി 2024 വരെ നടന്ന ചെറുതും വലുതുമായ അപകടങ്ങൾ മൂലം ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. അതിൻ്റെ ഇരട്ടിയിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഉറ്റവർക്ക് അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെ ഓർമ്മയിലേക്ക് മറഞ്ഞവരും ഏറെയാണ്. സിലിഗുഡിയിൽ കാഞ്ചൻ ജംഗ എക്സ്പ്രസ് ട്രെയിനിലേക്ക് ചരക്ക് ട്രെയിൻ ഇടിച്ചുകയറി ഉണ്ടായ അപകടം വീണ്ടും ജീവനെടുത്തപ്പോൾ ആവർത്തിക്കപ്പെടുന്ന ചോദ്യം കവച് എന്തായി എന്നാണ്. രാജ്യത്ത് ട്രെയിൻ അപകടങ്ങൾ ഒഴിവാക്കാനായി വികസിപ്പിച്ച കവച് എന്ന ട്രെയിൻ അപകട നിവാരണ സംവിധാനമാണിത്.

2016 ൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി ഇപ്പോഴും പൂർണ തോതിൽ പ്രാവർത്തികമായിട്ടില്ല. രാജ്യത്തെ 1465 റൂട്ടുകളിലും 139 ലോക്കോമോട്ടീവുകളിലും (പ്രധാനമായും സൗത്ത്-സെൻട്രൽ റെയിൽവെ ശൃംഖല) സംവിധാനം ഘടിപ്പിച്ചുവെന്നാണ് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ലോക്സഭയിൽ പറഞ്ഞത്. ദില്ലി-മുംബൈ, ദില്ലി -ഹൗറ പാതകളിൽ 3000 കിലോമീറ്റർ ഭാഗത്ത് ഇത് യാഥാർത്ഥ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് 186 സ്റ്റേഷനുകളിലും 170 ലോക്കോമോട്ടീവ് യൂണിറ്റുകളിലുമാണ് കവച് ഉപകരണങ്ങൾ ഇതുവരെ ഘടിപ്പിച്ചത്. റെയിൽട്രാക്കുകളിൽ ഘടിപ്പിക്കേണ്ട കവച് ഉപകരണം 827 കിലോമീറ്റർ ദൂരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

വളരെ ചെലവേറിയ ദൗത്യമാണിത്. ഒരു കിലോമീറ്റർ ദൂരത്ത് കവച് ഘടിപ്പിക്കാൻ 50 ലക്ഷം രൂപയാണ് ചെലവ്. ലോക്കോമോട്ടീവിൽ കവച് സാങ്കേതിക വിദ്യ ഉൾപ്പെടുത്താൽ 70 ലക്ഷം രൂപ ചെലവ് വരും. കവചിനായി 2023 ബജറ്റിൽ 710 കോടിയാണ് നീക്കിവച്ചത്. 2024 ഇടക്കാല ബജറ്റിൽ പദ്ധതിക്കായി 560 കോടിയും നീക്കിവച്ചിരുന്നു.

അതേസമയം കേന്ദ്രസർക്കാർ കവചിന് പകരം കുറേക്കൂടി ചെലവ് കുറഞ്ഞ മറ്റൊരു സംവിധാനം ഇന്ത്യയിൽ വികസിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി കവച് ഓർഡറുകൾ കൊടുക്കുന്നത് താത്കാലികമായി മന്ദഗതിയിലാക്കിയിരിക്കുകയാണെന്ന് കെഇസി ഇൻ്റർനാഷണൽ എംഡിയും സിഇഒയുമായ വവിമൽ കെജ്രിവാൾ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ ഡാർജിലിങ് ജില്ലയിൽ സിലിഗുഡിക്ക് അടുത്ത് നടന്ന ട്രെയിൻ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് കവചിൻ്റെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നത്.

Story Highlights : Siligudi train accident. Questions about Kavach again raised.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here