Advertisement

ഋഷി സുനക് അധികാരത്തിൽ നിന്ന് പുറത്തേക്ക്? ലേബർ പാർട്ടിക്ക് വൻ ഭൂരിപക്ഷം പ്രവചിച്ച് അഭിപ്രായ സർവ്വേ

June 20, 2024
2 minutes Read

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കൺസർവേറ്റീവ് പാർട്ടിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റു വാങ്ങുമെന്ന് മൂന്ന് അഭിപ്രായ സർവ്വേഫലം. ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ 14 വർഷത്തിന് ശേഷം അധികാരത്തിലെത്തുമെന്നാണ് ഈ മൂന്നു അഭിപ്രായ സർവ്വേകളും സൂചിപ്പിക്കുന്നത്. യൂഗവ് (YouGov), സാവന്ത (Savanta), മോർ ഇൻ കോമൺ (More in Common) എന്നീ സംഘടനകളാണ് സർവ്വേ നടത്തിയത്.

രാജ്യത്തെ 650 പാർലമെൻ്റ് സീറ്റുകളിൽ 425 സീറ്റും നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടി നേടുമെന്നാണ് യൂഗവ് അഭിപ്രായ സർവ്വേ ഫലം. സാവന്ത അഭിപ്രായ സർവ്വേ ഫലം 516 സീറ്റും, മോർ ഇൻ കോമൺ 406 സീറ്റും ലേബർ പാർട്ടി നേടുമെന്ന് പ്രവചിക്കുന്നു. കൺസർവേറ്റീവ് പാർട്ടിക്ക് 108ഉം, ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 67 സീറ്റുമാണ് യൂഗവ് പ്രവചിക്കുന്നത്. അതേസമയം സാവന്ത, കൺസർവേറ്റീവ് പാർട്ടിക്ക് 53 സീറ്റ് മാത്രമാണ് ലഭിക്കുക എന്നാണ് പറയുന്നത്. ഈ സർവ്വേഫലം അനുസരിച്ച് ലിബറൽ ഡമോക്രാറ്റുകൾ 50 സീറ്റുകളിൽ വിജയിക്കും. കൺസർവേറ്റീവ് പാർട്ടി 155 ഉം ലിബറൽ ഡമോക്രാറ്റുകൾ 49 സീറ്റുകളിലും വിജയിക്കുമെന്നാണ് മോർ ഇൻ കോമൺ അഭിപ്രായ സർവ്വേ പ്രവചിക്കുന്നത്.

Read Also: ഇന്ത്യൻ വംശജരെ ആക്രമിച്ച ടെക്സസ് സ്വദേശിനിക്ക് ജയിൽശിക്ഷ

മൂന്ന് ഏജൻസികളും വോട്ടർമാരുടെ പ്രായം, ജെൻഡർ, വിദ്യാഭ്യാസം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അഭിപ്രായ സർവ്വേ നടത്തിയത്. 2017ൽ ബ്രിട്ടനിൽ നടന്ന തെരഞ്ഞെടുപ്പിൻ്റെ ഫലം ഇതേ രീതിയിൽ കൃത്യമായി പ്രവചിച്ചിരുന്നു. നിലവിലെ അഭിപ്രായ സർവ്വേ റിപ്പോർട്ടുകൾ കൺസർവേറ്റീവ് പാർട്ടിയുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വിൻസറ്റൺ ചർച്ചിലിൻ്റെയും മാർഗരറ്റ് താച്ചറിൻ്റെയും പാർട്ടിക്ക് 200 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സീറ്റുനിലയാണ് പ്രവചിക്കപ്പെടുന്നത്.

ടെലഗ്രാഫ് പത്രം പ്രസിദ്ധീകരിച്ച സാവന്ത അഭിപ്രായ സർവ്വേ പ്രകാരം, കൺസർവേറ്റീസ് പാർട്ടിയുടെ കുത്തക സീറ്റായ നോർത്തേൺ ഇംഗ്ലണ്ടിൽ നിലവിലെ പ്രധാനമന്ത്രി ഋഷി സുനക് പരാജയപ്പെടാനും സാധ്യതയുണ്ട്. തനിക്കും പാർട്ടിക്കുമെതിരെ ഭരണവിരുദ്ധവികാരം ശക്തമാണെന്ന് ഇതിനോടകം സുനകിന് വ്യക്തമായിട്ടുണ്ട്. മൂന്ന് സർവ്വേകളും ധനകാര്യമന്ത്രി ജറമി ഹണ്ട് അടക്കം മുതിർന്ന നേതാക്കൾ തോൽക്കുമെന്നും പ്രവചിക്കുന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ലേബർ പാർട്ടി 20 % പോയിൻ്റുമായി കൺസർവേറ്റീവ് പാർട്ടിയേക്കാൾ മുന്നിലാണ്.

Story Highlights : UK PM Rishi Sunak to lose his parliamentary seat, polls forecast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top