‘ക്രൈസ്തവ സഭകൾ ബിജെപിയെ പിന്തുണച്ചത് വിദേശ ഫണ്ടിന് വേണ്ടി’: തൃശൂർ തോൽവിയിൽ വിമർശനവുമായി CPIM

ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഇടതുമുന്നണിയുടെ തോൽവിയിൽ ക്രൈസ്തവ സഭകളെ വിമർശിച്ച് സിപിഐഎം ജില്ലാ കമ്മിറ്റി. ക്രൈസ്തവ സഭകൾ ബിജെപിയെ പിന്തുണച്ചത് വിദേശഫണ്ടിന് വേണ്ടിയാണെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി വിമർശിച്ചു. വിദേശഫണ്ട് സ്വീകരിക്കുന്നതിലുള്ള വിലക്ക് നീക്കാമെന്ന് ധാരണയുണ്ടാക്കിയെന്നും വിമർശനം ഉയർന്നു.
വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ ക്രൈസ്തവ സഭകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് പിൻവലിക്കുന്നതിനുവേണ്ടി തൃശൂർ സീറ്റ് ബിജെപിക്ക് നൽകുകയായിരുന്നുവെന്ന് ജില്ലാ കമ്മിറ്റി വിമർശിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നത് എതിർക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ട് യുഡിഎഫിലേക്ക് പോയെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. എൽഡിഎഫിനെ തീർത്തും കൈ ഒഴിയുന്ന സമീപനമാണ് ക്രൈസ്തവ സഭകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് ഗുണമായില്ലെന്നും തൃശൂർ ജില്ലാ കമ്മിറ്റി വിലയിരുത്തൽ ഉണ്ടായി.
Read Also: ഇ.പി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച ഗൗരവപൂർവം പരിശോധിക്കും; പിണറായിയെ മാറ്റില്ലെന്നും എം.വി ഗോവിന്ദൻ
മണിപ്പൂർ ഉൾപ്പെടെയുള്ള വിഷയങ്ങൾ തൃശൂരിൽ ഏശിയില്ല. കേന്ദ്രത്തിൽ ഇടത്പക്ഷ എംപി എത്തിയത് കൊണ്ട് വലിയ കാര്യമില്ലെന്ന പൊതുബോധം മുസ്ലിം ന്യൂനപക്ഷ വോട്ടുകളിൽ ഉണ്ടായി. അത് യുഡിഎഫിന് അനുകൂലമായി. ഇതാണ് ഗുരുവായൂർ മണ്ഡലത്തിൽ കെ മുരളീധരൻ ഒന്നാമതെത്തിയതെന്ന് തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി.
Story Highlights : CPIM District Committee Criticizes Christian Churches in Left Front’s Defeat in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here