ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കെകെ രമ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അനുമതി നൽകിയില്ല. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കമില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ ബഹളം.
സ്പീക്കർ പറഞ്ഞത് അനൗചിത്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സർക്കാരിനെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. ബാനറും പ്ലക്കാർഡും ഉയർത്തിയായിരുന്നു പ്രതിഷേധം.
Read Also: ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം; കണ്ണൂർ ജയിൽ സൂപ്രണ്ട് വിശദീകരണം നൽകി
വിഷയത്തിൽ സഭക്ക് അകത്തും പുറത്തും വരുദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതേസമയം ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ കെകെ രമ എംഎൽഎ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകും. മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനായിരുന്നു സർക്കാർ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ഹൈക്കോടതി വിധി മറികടന്നാണ് ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു.
Story Highlights : Opposition protest in Niyamasabha over grant remission of accused in TP murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here