Advertisement

ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ; പൊക്കക്കുറവാണെന്റെ പൊക്കമെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ഗണേഷ് ബരയ്യ

July 2, 2024
Google News 1 minute Read

ഇനി ഇമ്മിണി ബല്യ ഡോക്ടറുടെ കഥയിലേക്കാണ്. പൊക്കക്കുറവാണെന്റെ പൊക്കമെന്ന് ഉയരെ വിളിച്ചു പറഞ്ഞ ഗുജറാത്തുകാരനായ ഡോക്ടർ ഗണേഷ് ബരയ്യ.ആത്മവിശ്വാസം കൊണ്ട് ആഗ്രഹങ്ങളെല്ലാം സാധിച്ചെടുത്ത ഒരു ഇരുപത്തിമൂന്നുകാരൻ. അത്രയെളുപ്പമായിരുന്നില്ല ഗണേഷിന് ആ ലക്ഷ്യത്തിലെത്താൻ. പ്രതിസന്ധികളേറെയുണ്ടായിരുന്നു. ഉയരക്കുറവ് മുതൽ സാമ്പത്തികം വരെ ആ ലിസ്റ്റിൽ പെടും. ഡോക്ടറാകണമെന്ന് കുട്ടിക്കാലം മുതലേയുള്ള ആഗ്രഹത്തിന് പക്ഷേ അതൊന്നും വിലങ്ങ് തടിയായില്ല.

മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ പഠനത്തിന് ശ്രമിക്കുമ്പോഴാണ് ശാരീരിക പരിമിതികളുടെ പേരിൽ തഴയപ്പെട്ടത്. അത്യാഹിത സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗണേഷിനാവില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിധിയെഴുത്ത്. വിധി തിരുത്തി കുറിക്കാൻ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. മാറ്റമുണ്ടായില്ല.. ഒടുവിൽ അതേ വർഷം സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച ഗണേഷ് 2019 ൽ എംബിബിഎസിന് പ്രവേശനം നേടി. ഇന്ന് ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടറെന്ന റെക്കോഡിന് ഉടമ കൂടിയാണ് ഈ കൊച്ചു മനുഷ്യൻ.

ഗുജറാത്തിലെ കുഗ്രാമത്തിൽ ഇടുങ്ങിയ വീട്ടിലിരുന്ന് അവനെ സ്വപ്നം കാണാൻ പഠിപ്പിച്ചത് അമ്മയാണെന്ന് ഡോ ഗണേഷ് ബരയ്യ പറഞ്ഞു. പ്രാക്ടിക്കലുകളിൽ കസേരയിട്ട് മുന്നിൽ നിർത്തിയ അധ്യാപകരും ചുമലിലും ബൈക്കിലും ചുമന്നു കോളേജിൽ എത്തിച്ച സഹപാഠികളും പൂർണ്ണ പിന്തുണ നൽകുന്ന കുടുംബവും അവന്റെ വഴികാട്ടികളായി. ഈഞ്ചക്കലിലെ എസ് പി മെഡി ഫോർട്ട് ആശുപത്രി ഒരുക്കിയ ഡോക്ടർ ദിനാചരണത്തിൽ വിശിഷ്ടാതിഥിയായാണ് ഈ വല്യ മനുഷ്യൻ തിരുവനന്തപുരത്തെത്തിയത്. പ്രതിബന്ധങ്ങൾ കടന്ന് നേടിയ ഈ നേട്ടത്തിന്, ഇരട്ടി ഉയരമെന്നാണ് ഗണേഷിന്റെ പക്ഷം.

Story Highlights : Dr Ganesh Baraiya Worlds Shortest Doctor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here