പകരക്കാരല്ല, ഞാൻ തന്നെ സ്ഥാനാർത്ഥി, മറിച്ചുള്ളതെല്ലാം അഭ്യൂഹം മാത്രം: നിലപാട് വ്യക്തമാക്കി ജോ ബൈഡൻ

അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ തന്നെ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി തുടരും. അദ്ദേഹം പിന്മാറുന്നുവെന്ന വാർത്തകൾ വരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ബൈഡൻ തന്നെ രംഗത്തെത്തിയത്. ഇന്നലെ ന്യൂയോർക് ടൈംസ് ദിനപ്പത്രമാണ് ബൈഡന് പകരം മറ്റൊരാളെ ഡെമോക്രാറ്റിക് പാർട്ടി തേടുന്നതായി വാർത്ത കൊടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച അറ്റ്ലാൻ്റയിൽ ഡൊണാൾഡ് ട്രംപുമായി നടത്തിയ ആശയ സംവാദത്തിന് പിന്നാലെ ബൈഡൻ തൻ്റെ അടുത്ത അനുയായിയോട് പ്രസിഡൻ്റ് പദത്തിൽ മത്സരത്തിൽ നിന്ന് പിന്മാറാൻ താത്പര്യം അറിയിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ വൈറ്റ് ഹൗസ് ഈ വാർത്ത പൂർണമായും തള്ളി. കൃത്യമായും ഏറ്റവും ലളിതമായും ഞാൻ പറയുന്നു, ഞാൻ മത്സരിക്കുന്നുണ്ട് – എന്നായിരുന്നു ബൈഡൻ്റെ വാർത്തയോടുള്ള പ്രതികരണം. ജീവതത്തിലുടനീളം പലപ്പോഴായി തിരിച്ചടികൾ ഏറ്റുവാങ്ങിയ ഒരാളാണ് താൻ, നിങ്ങളിൽ പലർക്കും അത് അങ്ങനെ തന്നെയായിരിക്കും, എന്നാൽ അൻ്റെ അച്ഛൻ എന്നോട് പറഞ്ഞത് മറ്റൊന്നാണ്. എത്ര തവണ വീണുപോയി എന്നതല്ല, എത്ര വേഗത്തിൽ വീണിടത്ത് നിന്ന് എഴുന്നേറ്റുവെന്നതാണ് ശ്രദ്ധിക്കപ്പെടുകയെന്നാണെന്നും ബൈഡൻ പറഞ്ഞു.
സംവാദത്തിലെ തിരിച്ചടിക്ക് പിന്നാലെ ബൈഡനുമായി എബിസി ന്യൂസ് നടത്തുന്ന അഭിമുഖം നാളെ രാത്രി പ്രദർശിപ്പിക്കും. സംവാദത്തിന് പിന്നാലെ ട്രംപിനേക്കാൾ ദേശീയ തലത്തിൽ 2 പോയിൻ്റ് പിന്നിലാണ് ബൈഡനെന്നാണ് സിബിഎസ് ന്യൂസ് പുറത്തുവിട്ട സർവേ ഫലം. ഈ സാഹചര്യത്തിൽ ഈ വാരാന്ത്യ അവധി ദിനങ്ങളിൽ പരമാവധി വോട്ടർമാരുടെ പിന്തുണ തിരിച്ചുപിടിക്കുകയാണ് ബൈഡൻ്റെ മുന്നിലെ ലക്ഷ്യം.
സംവാദത്തിന് മുൻപ് വിദേശത്തേക്ക് ചെറുയാത്രകൾ ഉണ്ടായിരുന്നുവെന്നും അതിനാൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെന്നുമാണ് വാഷിങ്ടൺ ഡിസിയിലെ വിർജിനിയ സബർബിൽ തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഫണ്ട് റൈസർ പരിപാടിയിൽ അദ്ദേഹം പറഞ്ഞത്. സ്റ്റാഫിനെ താൻ അനുസരിച്ചില്ലെന്നും അതിനാലാണ് വേദിയിൽ ഉറങ്ങിപ്പോയതെന്നുമാണ് ബൈഡൻ പറയുന്നത്.
സംവാദം കഴിഞ്ഞതിന് പിന്നാലെ വോട്ടർമാർക്കിടയിൽ ട്രംപ് വലിയ പിന്തുണ നേടിയെന്നാണ് ഡബ്ല്യുഎസ്ജെ പോൾ പറയുന്നത്. ഇവരുടെ സർവേ പ്രകാരം ബൈഡനെതിരായാണ് 80 ശതമാനം ആളുകളുടെയും പ്രതികരണം. അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബൈഡന് പ്രായക്കൂടുതലെന്നാണ് അവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. ഈ സർവേ റിപ്പോർട്ട് പ്രകാരം നിലവിൽ ട്രംപിന് ബൈഡനേക്കാൾ ആറ് പോയിൻ്റ് ലീഡുണ്ട്. ബൈഡനെ 42 ശതമാനം പേരും ട്രംപിനെ 48 ശതമാനം പേരും പിന്തുണക്കുന്നുവെന്നാണ് സർവേ ഫലം പറയുന്നത്.
അറ്റ്ലാൻ്റയിലെ സംവാദം കഴിഞ്ഞ് 2 ദിവസത്തിന് ശേഷമാണ് ഡബ്ല്യുഎസ്ജെ പോൾ നടത്തിയത്. ഈ സംവാദത്തിന് പിന്നാലെയാണ് ഡെമോക്രാറ്റിക് ക്യാംപ് ആശങ്കയിലായത്. ഡെമോക്രാറ്റിക് പാർട്ടിയിൽ 76% പേരും ഇപ്പോൾ ബൈഡന് പ്രായക്കൂടുതലെന്നും പ്രസിഡൻ്റ് സ്ഥാനത്തേക്ക് അനുയോജ്യനായ സ്ഥാനാർത്ഥിയല്ലെന്നും കരുതുന്നു. മൂന്നിൽ രണ്ട് ശതമാനം അംഗങ്ങളും ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി മറ്റൊരാളെ പിന്തുണച്ചേക്കുമെന്നും ഡബ്ല്യുഎസ്ജെ പറയുന്നു.
ഡെമോക്രാറ്റുകളുടെ മറ്റൊരു തലവേദനയായി ഇതേ സർവേ ഫലം ചൂണ്ടിക്കാട്ടുന്നത് വൈസ് പ്രസിഡൻ്റ് കമല ഹാരിസിൻ്റെ ജനപ്രീതിയാണ്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് 35 ശതമാനം പേർ മാത്രമാണ് കമല യോഗ്യയെന്ന് പറയുന്നത്. 58 ശതമാനം പേരും അവരെ അംഗീകരിക്കുന്നില്ല. സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നും സർവേ ഫലം പറയുന്നു.
മുൻപ് സെനറ്റായിരുന്ന ജോ ബൈഡനെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി രാഷ്ട്രീയ ഉപദേശകർ 2004 ൽ നിർദ്ദേശിച്ചപ്പോൾ താൻ അതിനെ എതിർത്തിരുന്നുവെന്ന ജിൽ ബൈഡൻ്റെ (ജോ ബൈഡൻ്റ ഭാര്യ) 2019 ലെ ആത്മകഥയിലെ പരാമർശങ്ങളും ഇപ്പോൾ ചർച്ചയാക്കപ്പെടുന്നുണ്ട്. എന്നാൽ 2019 ൽ പ്രഥമ വനിതയായി വൈറ്റ് ഹൗസിൽ അവരെത്തി. 47 വർഷം പിന്നിട്ട ദാമ്പത്യമാണ് ഇരുവരുടേതും. എന്നാൽ ജില്ലിനും 81കാരനായ ജോ ബൈഡൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അനുയോജ്യനല്ലെന്ന കാഴ്ചപ്പാടാണ് അറ്റ്ലാൻ്റ സംവാദത്തിന് ശേഷമുള്ളത്.
യു.എസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി റൗൾ ഗ്രിജൽവ തന്നെ രംഗത്ത് വന്നിരുന്നു. അദ്ദേഹമാണ് സ്ഥാനാർത്ഥിയെങ്കിൽ താൻ പിന്തുണക്കും, പക്ഷെ മറ്റൊരാളെ തേടാനുള്ള സാഹചര്യമാണ് എത്തിച്ചേർന്നിരിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. മെക്സിക്കോ അതിർത്തിയോട് ചേർന്ന സതേൺ അരിസോണയിലെ ഒരു ജില്ലയിൽ നിന്നുള്ള യു.എസ് കോൺഗ്രസ് അംഗമാണ് അവർ. തൻ്റെ ചുമതലകൾ മറ്റൊരാളെ ഏൽപ്പിക്കാൻ ബൈഡൻ തയ്യാറാകണമെന്നും അതിനായി മത്സരത്തിൽ നിന്ന് പിന്മാറണമെന്നും അവർ പറഞ്ഞു. ഗ്രിജൽവയ്ക്ക് മുൻപ് യു.എസ് കോൺഗ്രസിലെ മറ്റൊരു ഡെമോക്രാറ്റിക് പാർട്ടി അംഗമായ ലോയ്‌ഡ് ഡൊഗെറ്റും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
Story Highlights : Joe Biden says he is running against Trump in US president election.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here